
കൺകോഡിയ–25 സമ്മർ ഫെസ്റ്റിന് നാളെ തുടക്കം; മനോരമ ഹോർത്തൂസ് 24 മുതൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വരുന്ന 12 ദിനങ്ങൾ പത്തനംതിട്ടയ്ക്ക് ഉത്സവ നാളുകൾ. ജില്ല ഇന്നുവരെ കണ്ടിട്ടില്ലാത്ത വർണവിസ്മയങ്ങളും സാഹിത്യവും കലയും രാഷ്ട്രീയവും ഇഴചേരുന്ന കൺകോഡിയ–25, സമ്മർ ഫെസ്റ്റിന് നാളെ തിരിതെളിയുമ്പോൾ പത്തനംതിട്ടയുടെ ചരിത്രത്തിലേക്ക് പുതിയ ഏടുകൂടി ചേർക്കപ്പെടുന്നു. ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ അവസാനഘട്ടത്തിലാണ്.
മലയാള മനോരമയുടെ രാജ്യാന്തര കലാ, സാഹിത്യോത്സവമായ ഹോർത്തൂസ് സാഹിത്യ സെഷനുകളും ഫെസ്റ്റിലുണ്ട്. നാളെ വൈകിട്ട് 5ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. കൺകോഡിയ പവലിയന്റെ ഉദ്ഘാടനം കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത നിർവഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കലക്ടർ എസ്.പ്രേം കൃഷ്ണനാണ് മുഖ്യാതിഥി. ആദ്യദിനം പ്രവേശനം സൗജന്യം.
10000 ചതുരശ്ര അടിയിലധികം വരുന്ന പുഷ്പമേള, റോബട്ടിക് മൃഗങ്ങളുടെ പ്രദർശനം, പ്ലാനറ്റോറിയം, കുട്ടികൾക്ക് പ്രിയപ്പെട്ട വിആർ ഗെയിം സോൺ, റോബട്ടിക് ഷോ, നൂറിലധികം വൈവിധ്യമാർന്ന സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, ഫാമിലി ഗെയിം സോൺ, പുസ്തകമേള, വാഹനമേള തുടങ്ങി ആകർഷണീയമായ പവിലിയനുകളും മേളകളും ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫുഡ് കോർട്ടും ഫെസ്റ്റിന്റെ ആകർഷണമാണ്. പത്തനംതിട്ടയുടെ സാമൂഹിക, സാംസ്കാരിക ഒത്തുചേരലിനുകൂടി വേദിയാകുന്ന കൺകോഡിയ ഫെസ്റ്റ് മേയ് 4ന് സമാപിക്കും. രാവിലെ 10ന് സജീവമാകുന്ന ഫെസ്റ്റ് നഗരിയിൽ വൈകിട്ട് 6.30ന് കലാസന്ധ്യയും നടത്തും.
മനോരമ ഹോർത്തൂസ് 24 മുതൽ മേയ് 3 വരെ
സാഹിത്യവും കലയും രാഷ്ട്രീയവും ഇഴചേരുന്ന മലയാള മനോരമയുടെ രാജ്യാന്തര കലാ, സാഹിത്യോത്സവമായ ഹോർത്തൂസ് സാഹിത്യ സെഷനുകൾക്കും കൺകോഡിയ ഫെസ്റ്റിൽ വേദിയൊരുങ്ങുന്നു. 24 മുതൽ മേയ് 3 വരെയുള്ള പതിനഞ്ചോളം സെഷനുകളിലായി കലാ, സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക, സിനിമ മേഖലകളിൽനിന്നുള്ള 53ൽ അധികം പ്രമുഖർ പങ്കെടുക്കും. ഹോർത്തൂസ് സാഹിത്യോത്സവത്തിലേക്ക് പ്രവേശനം സൗജന്യം.