റാന്നി പെരുനാട് ∙ ശബരിഗിരീശ്വരന്റെയും പൂങ്കാവനത്തിന്റെയും പുണ്യം ഏറ്റുവാങ്ങിയെത്തിയ തിരുവാഭരണങ്ങൾ കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ തേജോമയമായി. സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിച്ചു ഭക്ത സഹസ്രങ്ങൾ നിർവൃതി നേടി.
വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ദിവ്യരൂപം മനസ്സുകളിൽ നിറച്ചായിരുന്നു ഓരോ ഭക്തന്റെയും മടക്കം.
ശബരിമലയിൽ സർവാഭരണ വിഭൂഷിതനായി മകനെ കാണാൻ പിതാവ് കൊടുത്തുവിട്ട തിരുവാഭരണങ്ങളാണു മടക്കയാത്രയിൽ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും ചാർത്തിയത്.
ളാഹ വനം സത്രത്തിൽ വിശ്രമിച്ച ഘോഷയാത്ര ഇന്നലെ രാവിലെ മഠത്തുംമൂഴി സ്രാമ്പിക്കൽ വീട്ടിലെത്തി.
പ്രത്യേക മണ്ഡപത്തിൽ പേടകങ്ങൾ ഇറക്കി പൂജ നടത്തി. ഭക്തർ നിറപറ സമർപ്പിച്ചു.
തുടർന്ന് മുത്തുക്കുടകൾ, വാദ്യമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയിൽ ശരണഘോഷത്തോടെ പെരുനാട് ക്ഷേത്രത്തിലേക്കു വരവേറ്റു.ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം നടത്തിയാണു പേടകങ്ങൾ ഉള്ളിലേക്കെടുത്തത്. ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തിൽ അവ ഇറക്കിവച്ചു.
12 മണിയോടെ തിരുവാഭരണങ്ങൾ അടങ്ങിയ പേടകം ശ്രീകോവിലിലേക്കെടുത്തു.
മേൽശാന്തി ജയേഷ് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ അവ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. 12.25ന് ദീപാരാധനയ്ക്കായി നട
തുറന്നപ്പോൾ ശരണമന്ത്രങ്ങളും മണിനാദങ്ങളും ഉച്ചസ്ഥായിയിലായി.
സർവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാനുള്ള നിര ഇതിനകം ദൂരങ്ങൾ താണ്ടിയിരുന്നു. കടുത്ത ചൂട് വകവയ്ക്കാതെ കാത്തു നിന്നാണ് ഭക്തർ ദേവനെ ദർശിച്ചത്.
സ്ത്രീകളുടെ തിരക്കായിരുന്നു കൂടുതൽ. തമിഴ്നാട്, കർണാടക, ആന്ധ്ര, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു തീർഥാടകർ എത്തിയിരുന്നു.
പുലർച്ചെ 2 വരെ ഭക്തർ തിരുവാഭരണങ്ങൾ ചാർത്തിയ അയ്യപ്പനെ തൊഴുതു.
പന്തളം രാജപ്രതിനിധി പുണർതം നാൾ നാരായണ വർമ, തിരുവാഭരണം കമ്മിഷനർ സുനിൽകുമാർ, അസിസ്റ്റന്റ് കമ്മിഷനർ ജി.അരുൺകുമാർ, ആറന്മുള അസിസ്റ്റന്റ് കമ്മിഷനർ ലേഖ, ഉപദേശകസമിതി പ്രസിഡന്റ് സോമസുന്ദരൻപിള്ള എന്നിവർ നേതൃത്വം നൽകി. ഇന്നു പുലർച്ചെ പുറപ്പെടുന്ന ഘോഷയാത്ര മാടമൺ, വടശേരിക്കര, പള്ളിക്കമുരുപ്പ്, ഇടക്കുളം, കുത്തുകല്ലുങ്കൽപടി, ആയിക്കൽ, പേരൂച്ചാൽ, അയിരൂർ പുതിയകാവ്, ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാമ്പാടിമൺ വഴി ആറന്മുള കൊട്ടാരത്തിലെത്തി വിശ്രമിക്കും.
നാളെ അവിടെ നിന്നു പുറപ്പെട്ട് രാവിലെ പന്തളത്തു മടങ്ങിയെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

