തണ്ണിത്തോട് ∙ അഭ്രപാളിയിൽ തിളങ്ങാൻ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. കല്ലാറിന്റെയും കാടിന്റെയും മനോഹാരിത പശ്ചാത്തലമൊരുക്കുന്ന കുട്ടവഞ്ചി സവാരി കേന്ദ്രം സിനിമ ലൊക്കേഷനായും ശ്രദ്ധ നേടുന്നു.മുൻപ് പല സിനിമകൾക്ക് കല്ലാറും കുട്ടവഞ്ചി സവാരി കേന്ദ്രവും പരിസരങ്ങളും പശ്ചാത്തലമായിട്ടുണ്ടെങ്കിലും ആദ്യമായാണ് അടവിയിലെ കുട്ടവഞ്ചി താരത്തിളക്കത്തിലേക്കു തുഴയെറിയുന്നത്.
മുഴുനീള റോഡ് മൂവി ‘എച്ച്ടി 5’ കഴിഞ്ഞ രണ്ടു ദിവസമായി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവിലും പരിസരങ്ങളിലും ചിത്രീകരിക്കുകയാണ്. കോന്നി കല്ലേലിയിലും പരിസര പ്രദേശങ്ങളിലെയും ചിത്രീകരണത്തിനു ശേഷമാണ് ചൊവ്വാഴ്ച അടവിയിൽ എത്തിയത്.ഡൊവിൻസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശരത്ത് സന്ദിത് ആണ്.
ഇർഫാൻ കമാൽ തിരക്കഥ എഴുതി ഗണേഷ് രാജ്വേൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ‘മാർക്കോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, കന്നഡ, തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖമായ സാൻഡ്രിയയും പ്രധാന വേഷത്തിലുണ്ട്.
അപരിചിതരായ അഞ്ച് വ്യക്തികൾ അവിചാരിതമായി വനാന്തരങ്ങളിലൂടെ ഒരു രാത്രി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടിവരുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.കോന്നി, അടവി, തെന്മല, അച്ചൻകോവിൽ, പൊൻമുടി എന്നിവിടങ്ങളിലായി 2 മാസത്തോളം ചിത്രീകരണമുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

