 
        ശബരിമല ∙ ജന്മസാഫല്യമായി ലഭിച്ച പൂജാ നിയോഗത്തിനു അയ്യപ്പനോടുള്ള തീരാത്ത കടപ്പാടുമായി നിയുക്ത മേൽശാന്തിമാരായ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് നമ്പൂതിരി (ശബരിമല), കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരി (മാളികപ്പുറം) എന്നിവർ വഴിപാടുമായി സന്നിധാനത്ത് എത്തി ദർശനം നടത്തി.
നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരി മകൻ അച്യുത് ദാമോദരൻ, സഹോദരി ഭർത്താവ് അരുൺകുമാർ, നാട്ടുകാരും സുഹൃത്തുക്കളായ ശശി കൊടകര, സുഭാഷ് ആലത്തൂർ, സുധീർ വാസുപുരം, ലിൻസ് അരീക്കര എന്നിവരോടൊപ്പം ദീപാവലി ദിവസമായ ഇന്നലെ പുലർച്ചെ 5ന് സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്തി.
നിയുക്ത മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി 11 മണിയോടെയാണ് മലകയറി സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്തിയത്.
മകൻ ഭരത് കൃഷ്ണ, തിരുവനന്തപുരം പഴവങ്ങാടി മേൽശാന്തി ശങ്കരൻ നമ്പൂതിരി, ആറ്റുകാൽ മുൻമേൽശാന്തി കേശവൻ നമ്പൂതിരി, അമ്മാവനും പമ്പ ഗണപതിക്കോവിൽ മുൻമേൽശാന്തിയുമായ ശ്രീകുമാർ വാസുദേവൻ നമ്പൂതിരി എന്നിവർക്ക് ഒപ്പമാണു ദർശനത്തിനെത്തിയത്.
ഇരുവരും തന്ത്രി മഹേഷ് മോഹനരെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കണ്ട് ഓരോ ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ , പൂജാക്രമങ്ങൾ, നിഷ്ഠകൾ, കീഴ്വഴക്കങ്ങൾ തുടങ്ങിയ ചോദിച്ചറിഞ്ഞു.
ഇരുവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരി ദർശനം പൂർത്തിയാക്കി 11 മണിയോടെ മലയിറങ്ങി. അതിനു ശേഷമാണ് നിയുക്ത മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എത്തിയത്.
അതിനാൽ ഇരുവർക്കും നേരിൽ കാണാൻ കഴിഞ്ഞില്ല.
ശബരിമലയിൽ ഇന്ന് ചിത്തിര ആട്ടത്തിരുനാൾ 
അയ്യപ്പ സന്നിധിയിൽ ഇന്ന് ചിത്തിര ആട്ടത്തിരുനാൾ ആഘോഷം. ചിത്തിര തിരുനാൾ രാജാവിന്റെ പിറന്നാൾ ആഘോഷമാണ് അയ്യപ്പ സന്നിധിയിൽ ചിത്തിര ആട്ടത്തിരുനാളായി ആഘോഷിക്കുന്നത്.
മുൻ മേൽശാന്തിമാരുടെ വകയായാണ് ഇന്ന് ലക്ഷാർച്ചന. എല്ലാ വിശേഷാൽ പൂജകളും ഇന്നുണ്ടാകും.
ലക്ഷാർച്ചനയ്ക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ കലശം പൂജിക്കും.
തുടർന്നു കലശത്തിനു ചുറ്റും ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലെ മുൻ മേൽശാന്തിമാർ ഇരുന്ന് ഹരിഹരപുത്ര സഹസ്രനാമം ചൊല്ലി അർച്ചന കഴിക്കും. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി ബ്രഹ്മകലശം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും.
22 മുൻ മേൽശാന്തിമാർ ഇതിനായി സന്നിധാനത്ത് എത്തിയിട്ടുണ്ട്. മാളികപ്പുറത്ത് ഇന്നലെ ഇവരുടെ വകയായി ഭഗവതിസേവ നടന്നു.
തുലാമാസപൂജ പൂർത്തിയാക്കി നാളെ രാത്രി 10ന് നട അടയ്ക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]


 
         
         
         
         
         
        