റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയിൽ അമിത വേഗത്തിൽ കുടുങ്ങി ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം വർധിക്കുമ്പോഴും സുരക്ഷയൊരുക്കുന്നില്ല. ഉന്നത നിലവാരത്തിൽ പാത വികസിപ്പിച്ചതിനു ശേഷമാണ് അപകടങ്ങൾ കൂടിയത്.
മന്ദിരം ജംക്ഷനും വാളിപ്ലാക്കൽപടിക്കും മധ്യേ പൊട്ടങ്കൽ പടി വളവിൽ ഇന്നലെ നടന്ന അപകടത്തിൽ ഒരാൾ മരിച്ചതാണ് അവസാന സംഭവം.
വാളിപ്ലാക്കൽപടി, മന്ദിരം ഭാഗങ്ങളിൽ നിന്നെത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാളിപ്ലാക്കൽപടിയിൽ നിന്നെത്തിയ കാർ വളവിലെ മഞ്ഞ വരയും കടന്നു ചെന്നാണ് എതിരെ വന്ന കാറിലിടിച്ചത്.
സമീപ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇതിനു തെളിവാണ്. മണ്ണാരക്കുളഞ്ഞി മുതൽ ഈ കാർ മറ്റു പല വാഹനങ്ങളിലും ഇടിക്കാൻ തുടങ്ങിയിരുന്നു.
മന്ദിരം ഭാഗത്തു നിന്നെത്തിയ കാറിൽ 3 പേരാണ് ഉണ്ടായിരുന്നത്.
ഇടിയേറ്റു കാർ റോഡിൽ നിന്ന് തെറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരും അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് കാറിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
അര മണിക്കൂറോളം ശ്രമപ്പെട്ടാണ് മൂന്നാമത്തെ ആളിനെ പുറത്തെടുത്തത്.
മണ്ണാരക്കുളഞ്ഞി–പ്ലാച്ചേരി വരെയാണ് പാതയിൽ അപകടങ്ങൾ ദിവസമെന്നോണം നടക്കുന്നത്. നിയന്ത്രണം വിട്ട് കൈവരികളിലും കലുങ്കുകളിലും വൈദ്യുതി തൂണുകളിലും ഇടിച്ചാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്.
ഉതിമൂട് വെളിവയൽപടിക്കും വലിയകലുങ്കിനും മധ്യേ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. പത്തോളം പേർ മരിച്ചിട്ടുണ്ട്.
പരുക്കേറ്റവർ ഏറെയാണ്. ശീതീകരിച്ച കാറിലാണ് എല്ലാവരും യാത്ര ചെയ്യുന്നത്.
ഉള്ളിൽ തണുപ്പ് കൂടുമ്പോൾ വാഹനത്തിനു വേഗം കൂടുന്നത് അറിയില്ല. ഇതിനിടെ കണ്ണടയുമ്പോഴാണ് അപകടം നടക്കുന്നത്.
കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചപ്പോൾ മിക്ക വളവുകളിലും അപകട
മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്സുകളും മിക്കയിടത്തുമില്ല.
മധ്യത്തിൽ മഞ്ഞ വരകൾ മാത്രമാണിട്ടത്. വാഹനങ്ങളോടിക്കുന്നവർ ഇതു ശ്രദ്ധിക്കാതെയാണു പായുന്നത്.
റോഡ് സുരക്ഷാ അതോറിറ്റി പാത പരിശോധിച്ചിരുന്നെങ്കിലും വളവുകളിൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]