പത്തനംതിട്ട ∙ ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കണമെന്നു തദ്ദേശ സ്ഥാപന മേധാവികൾക്കു സർക്കാർ നിർദേശം നൽകിയെങ്കിലും നൂലാമാലകൾ ഏറെയുള്ളതിനാൽ മിക്കവരും മടിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനോ അധികാരപ്പെട്ട
ഓഫിസർക്കോ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവ് നൽകാം. പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷൻ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായും പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരെ അധികാരപ്പെട്ട
ഓഫിസറായും നിയോഗിച്ചിട്ടുണ്ട്.
2020 മേയ് മാസത്തിലാണ് വനംവകുപ്പിന്റെ അനുമതിയോടെ, ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അനുമതി നൽകി സർക്കാർ ഉത്തരവായത്. അതിനുശേഷം 3 തവണ ഇതിന്റെ കാലാവധി ദീർഘിപ്പിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം കാട്ടുപന്നി ശല്യമുള്ള ജില്ലയാണെങ്കിലും ഏറ്റവും കുറവ് കാട്ടുപന്നികളെ വെടിവച്ചു കൊന്നതും ഇവിടെയാണ്.
തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ള സ്വകാര്യ വ്യക്തികൾക്ക് തദ്ദേശ സ്ഥാപന മേധാവിയുടെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. എന്നാൽ എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകൾ ഇല്ല.
രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരിൽ മിക്കവരെയും കിട്ടാറില്ല.
തോക്ക് ലൈസൻസ്
∙ സ്വകാര്യ വ്യക്തികൾക്ക് സ്വയം പ്രതിരോധത്തിനായി തോക്കുകൾ സൂക്ഷിക്കാം. ഇതിനുള്ള ലൈസൻസിനായി കലക്ടർക്കാണ് അപേക്ഷ നൽകേണ്ടത്.
ജില്ലാ പൊലീസ് മേധാവി, ഡിഎഫ്ഒ, ആർഡിഒ എന്നിവരുടെ റിപ്പോർട്ടുകൾ തൃപ്തികരമാണെങ്കിൽ മാത്രമാണ് അപേക്ഷകന് ആദ്യം ഒരു വർഷത്തേക്ക് ലൈസൻസ് നൽകുന്നത്. പിന്നീട് അത് 5 വർഷത്തേക്ക് നീട്ടാം.
ലൈസൻസ് ലഭിച്ചാൽ മാത്രം തോക്ക് വാങ്ങി സൂക്ഷിക്കാനാകില്ല. സർക്കാർ അംഗീകൃത ഡീലറിൽ നിന്നു മാത്രമേ വാങ്ങാവൂ എന്നുണ്ട്.
വാങ്ങിയാൽ ഉടൻ തിരകൾ സഹിതം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യണം. വീട്ടിൽ തോക്ക് സൂക്ഷിക്കാൻ സ്ട്രോങ് റൂം നിർബന്ധമാണ്.
അല്ലാത്തവരുടെ ലൈസൻസ് റദ്ദാക്കും. ആത്മരക്ഷയ്ക്ക് അല്ലാതെ തോക്ക് ഉപയോഗിച്ചാൽ അകത്താകും.
ആത്മരക്ഷയ്ക്കു പോലും മുട്ടിനു താഴേക്ക് മാത്രമേ നിറയൊഴിക്കാനാകൂ. അല്ലെങ്കിൽ ക്രിമിനൽ കുറ്റമാണ്.
ഒരു വർഷം 200 ബുള്ളറ്റിനു മാത്രമാണ് അനുവാദം. അതിൽ തന്നെ ഒരുസമയം 100 ബുള്ളറ്റ് മാത്രമേ ഒരാൾക്ക് കൈവശം വയ്ക്കാൻ കഴിയൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]