
കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ നിലയുറപ്പിച്ചു; കൃഷി നശിപ്പിക്കുന്നു
കോന്നി∙ കാടുകയറാതെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ നിലയുറപ്പിച്ചു കൃഷി നശിപ്പിക്കുന്നതു പതിവായോടെ മലയോര ഗ്രാമങ്ങൾ ആശങ്കയിൽ. പോത്തുപാറ, കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക നാശനഷ്ടം വരുത്തി.
വ്യാഴാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായാണ് ആനകൾ വിവിധ മേഖലകളിലായി നാട്ടിലിറങ്ങി വൻതോതിൽ കൃഷികൾ നശിപ്പിച്ചത്. സന്ധ്യ കഴിഞ്ഞാൽ ഒറ്റയ്ക്കും കൂട്ടമായും ആനകൾ മലയോര മേഖലകളിലെ ജനവാസ മേഖലയിൽ എത്തുന്നതിനാൽ വീടിനു പുറത്ത് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നു ജനങ്ങൾ പറയുന്നു.
കൃഷി ചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. മനുഷ്യ ജീവനു കൂടി കാട്ടാനക്കൂട്ടം ഭീഷണിയായതോടെ എങ്ങനെ ഈ സ്ഥലങ്ങളിൽ ജീവിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
കല്ലേലി വടക്കേടത്ത് മേരി ജോസഫിന്റെ വീടിന്റെ പൂട്ടിക്കിടന്ന ഗേറ്റ് കാട്ടാന ചവിട്ടിപ്പൊളിച്ച നിലയിൽ.
സന്ധ്യയ്ക്ക് ആനക്കൂട്ടമെത്തും
കല്ലേലി കുരിശിന്മൂട് ഭാഗത്തെ ജനവാസമേഖലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് ആനക്കൂട്ടമെത്തുന്നത്. കല്ലേലി– കൊക്കാത്തോട് റോഡിലൂടെയാണ് ആനയെത്തിയത്.
കല്ലേലി വടക്കേടത്ത് മേരി ജോസഫിന്റെ വീടിന്റെ പൂട്ടിക്കിടന്ന ഗേറ്റ് ചവിട്ടിപ്പൊളിച്ചാണു പറമ്പിൽ കയറിയത്. ഇവിടത്തെ ആറ് വാഴകളും തെങ്ങ്, കമുക്, 50 മൂട് കപ്പ എന്നിവയും കുത്തിമറിച്ചിട്ടു ഭക്ഷിച്ച ശേഷം പറമ്പിലൂടെ തൊട്ടടുത്ത കൃഷിയിടത്തിലെത്തി അവിടെയും നാശം വിതച്ചു.
കല്ലേലി സ്വദേശി ഹമീദ് പാട്ടത്തിനു കൃഷി നടത്തുന്ന പുരയിടത്തിലാണ് ആന എത്തിയത്. പുലർച്ചെ രണ്ടോടെയാണു സംഭവം.ഒരു മാസം മുൻപ് വീടിനു പിന്നിൽ ആന വന്ന സംഭവം ഉണ്ടായതോടെ 80 വയസ്സുള്ള മേരി ജോസഫ് മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു.
വീട്ടിൽ ഒറ്റയ്ക്കായതിനാൽ ആനയെ ഭയന്നാണു താമസം മാറിയത്. അരുവാപ്പുലം പഞ്ചായത്തിൽപെടുന്ന പ്രദേശമാണിവിടം.
കാടുകയറിയത് രാവിലെ
കലഞ്ഞൂർ പഞ്ചായത്തിലെ ആറാം വാർഡിൽ കുളത്തുമൺ പ്രദേശത്ത് വ്യാഴാഴ്ച രാത്രി എട്ടോടെയാണു കാട്ടാനകളെത്തിയത്. നാട്ടുകാരും വനപാലകരും ചേർന്ന് ഓടിച്ചു.
കുളത്തുമണ്ണിൽ ഉണ്ടായിരുന്ന നാല് ആനകൾ ഇവിടത്തെ കൈതത്തോട്ടത്തിൽ ഇറങ്ങി വൻതോതിൽ കൈതക്കൃഷി നശിപ്പിച്ചു. രാത്രി 11ന് പോത്തുപാറ മേഖലയിലേക്കു നീങ്ങി.
രാത്രിയിൽ ഇവിടത്തെ കൃഷികൾ നശിപ്പിച്ച ശേഷം പിന്നീട് കാടു കയറാതെ പോത്തുപാറയോടു ചേർന്നുള്ള വനമേഖലയിൽ നിലയുറപ്പിക്കുകയും ചെയ്തു. രാവിലെ നാട്ടുകാർ സംഘടിച്ച് ആനകളെ വിരട്ടി ഓടിച്ചു.
പോത്തുപാറയിൽ മല ഞ്ചെരുവിൽ മോഹനൻ പാട്ടത്തിനു കൃഷി ചെയ്യുന്ന സ്ഥലത്തും ആന എത്തി. കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ടിൻ ഷീറ്റും കമ്പി ഉപയോഗിച്ചു നിർമിച്ച സൗരോർജ വേലിയും തകർത്താണ് എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]