പത്തനംതിട്ട ∙ ജില്ലയുടെ പ്രാചീനതയിലേക്കു വെളിച്ചം വീശി പുരാതന കല്ലറകളും പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തി ഗവേഷകർ.
പെരുനാട് മന്ദപ്പുഴയിലാണ് മഹാശിലായുത്തിലെ അവശിഷ്ടമാണെന്നു കരുതാവുന്ന പെട്ടിക്കല്ലറകളുടെ (സിസ്റ്റ് ബറിയൽ) കൂട്ടം കണ്ടെത്തിയത്. കിഴക്കൻ മലയോരം കേന്ദ്രീകരിച്ച് പമ്പാതീരത്തുണ്ടായിരുന്ന പ്രാചീന ജനവാസത്തിന്റെ തെളിവാകാം ഇവയെന്നാണ് ഗവേഷകരുടെ നിഗമനം.
ഡസൻ കണക്കിന് പെട്ടിക്കല്ലറകൾ ചേർന്ന ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. ഇത്തരം മെഗാലെത്തിക് അവശിഷ്ടങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗത്തു പലയിടത്തും ഉണ്ടെങ്കിലും ഇത്രയധികം പെട്ടിക്കല്ലറകളുടെ വ്യത്യസ്തമായ കൂട്ടം കണ്ടെത്തുന്നത് ആദ്യമാണെന്നാണ് വിലയിരുത്തൽ.
പമ്പാനദീതട
പഠന ഗവേഷണ സമിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.രാജീവ് പുലിയൂർ, ചെയർമാൻ ബാബു തോമസ്, പെരുനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എസ്.മോഹനൻ, പ്രദേശവാസികളായ എൻ.ജെ.സജീവൻ, പി.കെ. സുഗതൻ എന്നിവരുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ജില്ലയിൽ ഏകദേശം 1000–1500 വർഷം മുൻപുണ്ടായിരുന്ന വികസിത ജനജീവിതത്തിലേക്കു വെളിച്ചം വീശാൻ സഹായകരമായ പുരാവസ്തുശേഖരം കണ്ടെത്തിയിരിക്കുന്നത്.
കൽപ്പാളികൾ പെട്ടികൾപോലെ നാലുവശവും കുത്തിനിർത്തി അതിൽ മൃതശരീരം അടക്കം ചെയ്യുന്ന രീതിയാണിത്.
ഏഡി 500 മുതൽ ബിസി 1200 വരെയാണ് ഇത്തരം ശവസംസ്കാരങ്ങളുടെ കാലമായി പൊതുവിൽ കണ്ടെത്തിയിട്ടുള്ളത്. ഇതു കൂടാതെ ഒരു മൂടിക്കല്ലിൽ കൊത്തിയ ചില പാറക്കോറലുകളും (പെട്രോഗ്ലിഫ്സ്) ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
തമിഴ്നാട് കീഴടി പുരാവസ്തു ഖനനത്തിൽ നിന്ന് ലഭിച്ച ഇരുമ്പുയുഗത്തിലെ തെളിവുകളുമായി ബന്ധം പശ്ചിമഘട്ട പ്രദേശത്തെ ഈ പുരാവസ്തു പ്രധാനമായ സ്ഥലത്തിനുണ്ടാകുമെന്നാണ് സൂചന.
കാലഗണയിൽ തമിഴ്നാടിനേക്കാൾ പഴക്കം കണ്ടേക്കാം.
കാരണം ഇരുമ്പു നിർമാണത്തിന്റെ പ്രകൃതിദത്ത അസംസ്കൃത വസ്തുവായ ഇരുമ്പയിര് അടങ്ങിയ ചീങ്കമണ്ണ് ഏറ്റവുമധികം ലഭ്യമായ സ്ഥലമാണ് പമ്പാ നദീതട പ്രദേശങ്ങൾ.
മുൻപ് ജില്ലയിൽ ഏനാദിമംഗലത്തും മറ്റു ചില പ്രദേശങ്ങളിൽ നിന്ന് പെട്ടിക്കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും അടുത്തടുത്തായി ഇത്രയും കല്ലറകളുടെ കൂട്ടം കാണപ്പെട്ടു എന്നതാണ് ഇതിന്റെ പ്രത്യേകത. പുരാവസ്തു വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തിൽ കൂടുതൽ ഗവേഷണം നടത്തിയാലേ കൃത്യമായ കാലഗണനയും മറ്റു പുരാവസ്തു പ്രാധാന്യവും കൂടുതൽ ശാസ്ത്രീയമായി കണ്ടെത്താൻ കഴിയൂ.
ഉൾവനത്തിൽ കൂടുതൽ അന്വേഷണം നടത്തിയാൽ പൗരാണിക കാലത്തെ കൂടുതൽ അടയാളപ്പെടുത്താൻ കഴിയും.
കണ്ടെത്തിയ പെട്ടിക്കല്ലറകളിൽ ഉദ്ഖനനം നടത്താൻ കേന്ദ്ര, സംസ്ഥാന പുരാവസ്തു വകുപ്പുകളുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കേണ്ടുതുണ്ട്. ശാസ്ത്രീയമായി നാടിന്റെ ചരിത്രത്തിലേക്കുള്ള ശാസ്ത്രീയ ഗവേഷണ വാതിലും ഇതിലൂടെ തുറക്കാൻ കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

