കോഴഞ്ചേരി∙ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ചിട്ടും ബാധ്യതയായ കമ്യൂണിറ്റി ഹാൾ നന്നാക്കാൻ ശ്രമവുമായി പഞ്ചായത്ത് അധികൃതർ. പ്രശ്നപരിഹാരം കാണാൻ പഞ്ചായത്ത് യോഗം ചേർന്നു സബ് കമ്മിറ്റിയെ നിയോഗിച്ചു. തെക്കേമല റോഡിൽ പഞ്ചായത്ത് സ്റ്റേഡിയത്തിനോടു ചേർന്നു നിർമിച്ച കമ്യൂണിറ്റി ഹാളാണു വലിയ ബാധ്യതയായി മാറിയിരിക്കുന്നത്. നിർമാണം കഴിഞ്ഞു പ്രവർത്തനം ആരംഭിച്ചെങ്കിലും കാര്യമായ വരുമാനം ഇവിടെ നിന്നു പഞ്ചായത്തിനു ലഭിക്കുന്നില്ലെന്നതു മാത്രമല്ല, ലക്ഷങ്ങൾ നഷ്ടമാകുന്നു എന്നുമാണു കണക്കുകൾ കാണിക്കുന്നത്. നിർമാണം നടത്തി പ്രവർത്തനം ആരംഭിച്ച ഹാളിന് 2016 മുതൽ നാളിതുവരെ അനുബന്ധ ജോലികൾക്കും അറ്റകുറ്റപ്പണികൾക്കും വേണ്ടി 37.38 ലക്ഷം രൂപ പദ്ധതികളിൽ വയ്ക്കുകയും 23.60ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു.
കസേര, ഡെസ്ക് എന്നിവ വാങ്ങുന്നതിനും ശുചിമുറികൾ നിർമിക്കുന്നതിനും വൈദ്യുതീകരണം നടത്തുന്നതിനും മഴക്കാലത്തു കെട്ടി നിൽക്കുന്ന വെള്ളം ഒഴുകി പോകുന്നതിന് ഓട
നിർമിക്കാനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിച്ചതാണ് ഈ പണം. എന്നാൽ വാങ്ങിയ 300 കസേരകളിൽ നശിച്ചതും നിറം മങ്ങിയതുമായ 20ൽ താഴെ കസേരകൾ മാത്രമാണു ബാക്കിയായത്. ഡെസ്കും ഏറെക്കുറെ കടത്തിക്കൊണ്ടു പോയി.
അഞ്ച് ശുചിമുറികൾ നിർമിച്ചതിൽ മൂന്നെണ്ണം ഉപയോഗശൂന്യമായി. ഹാളിന്റെ പരിസരം കാടുകയറി കിടക്കുന്നു. സ്റ്റേജിൽ പതിച്ച ടൈലുകൾ പലതും തകർന്ന നിലയിലാണ്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും സർക്കാർ വകുപ്പുകളും ഇവിടെ പല പരിപാടികളും സംഘടിപ്പിക്കാറുണ്ടെങ്കിലും ഒരു രൂപ പോലും പഞ്ചായത്തിനു വാടകയോ, വൈദ്യുതി ചാർജോ, ശുചീകരണ ചാർജോ ആയി നൽകുന്നില്ലെന്നാണ് ആക്ഷേപം. ഈ ചെലവെല്ലാം പഞ്ചായത്ത് വഹിക്കേണ്ടി വരികയാണെന്നും പൊതുജനങ്ങൾ കരം അടയ്ക്കുന്ന പണം എടുത്തു കമ്യൂണിറ്റി ഹാൾ പണിത് വിവിധ സംഘടനകൾക്കും വകുപ്പുകൾക്കും സൗജന്യമായി കൊടുക്കേണ്ട
കാര്യം ഇല്ലെന്നുമാണു പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞതെന്നു പ്രസിഡന്റ് ജോമോൻ പുത്തൻപറമ്പിൽ വ്യക്തമാക്കി. ഇ
തിനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതിനെ ഇടതുമുന്നണിയിലെ അഞ്ച് അംഗങ്ങളിൽ മൂന്നു പേർ എതിർത്തു, രണ്ടുപേർ അനുകൂലിച്ചു.
പഞ്ചായത്തിനു ബാധ്യത വരാതെ കമ്യൂണിറ്റി ഹാൾ എങ്ങനെ പ്രവർത്തിപ്പിക്കാം എന്നതിനെക്കുറിച്ചു പഠിച്ചു സബ്കമ്മിറ്റി നൽകുന്ന റിപ്പോർട്ട് ചർച്ച ചെയ്തു നടപ്പാക്കാനാണു പഞ്ചായത്ത് കമ്മിറ്റി തീരുമാനം. ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യാൻ ഇനി അനുവദിക്കില്ല എന്ന ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ ഇതിനുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

