ശബരിമല ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം കണക്കിലെടുത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ദർശനത്തിനായി 22ന് ഉച്ചയ്ക്ക് 11.50ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും.
രാവിലെ 10.20ന് ഹെലികോപ്റ്ററിൽ നിലയ്ക്കൽ ഹെലിപാഡിൽ ഇറങ്ങി അവിടെനിന്ന് റോഡ് മാർഗം പമ്പയിൽ എത്തി പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്കു പോകും. ഉച്ചപ്പൂജ ദർശനത്തിനുശേഷം സന്നിധാനം ഗെസ്റ്റ് ഹൗസിൽ വിശ്രമം.
3ന് സന്നിധാനത്തുനിന്നു മടങ്ങി 4.10ന് നിലയ്ക്കൽ എത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോകും.
പുതിയ ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി പ്രത്യേക വാഹനത്തിലാണ് പമ്പയിൽനിന്നു സന്നിധാനത്തേക്കും തിരിച്ചുമുള്ള രാഷ്ട്രപതിയുടെ യാത്ര. 6 വാഹനങ്ങളുടെ അകമ്പടി ഉണ്ട്.
ഗവർണറും ഭാര്യയും ദേവസ്വം മന്ത്രി വി.എൻ.വാസവനും രാഷ്ട്രപതിക്ക് ഒപ്പം ഉണ്ടാകുമെന്നാണു വിവരം. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് സന്നിധാനത്തേക്ക് വാഹനവ്യൂഹം കടന്നുപോകുന്നത്.
ഇതിനായുള്ള ട്രയൽ എല്ലാ ദിവസവും നടക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും മലയിറക്കും.
ബറ്റാലിയൻ എഐജി അരുൾ ബി.കൃഷ്ണ സന്നിധാനം, ക്രൈംബ്രാഞ്ച് എസ്പി കെ.വി.വേണുഗോപാൽ പമ്പ എന്നിവിടങ്ങളിൽ ചുമതലയേറ്റു.
നിലയ്ക്കൽ ∙ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ–ശബരിമല പാതയിൽ അപകട ഭീഷണിയായി നിന്നിരുന്ന എല്ലാ വൃക്ഷങ്ങളും മുറിച്ചുമാറ്റി.
സ്വാമി അയ്യപ്പൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും മൺകൂനകൾ നീക്കം ചെയ്യുകയും ചെയ്തു. ദ്രുതകർമസേന, ഡോഗ് സ്ക്വാഡ്, അഡ്വാൻസ് പട്രോളിങ് ടീം, സ്നേക്ക് റെസ്ക്യൂ ടീം, വെറ്ററിനറി ടീം, വൈപ്പർ ടീം എന്നിവരെ നിയോഗിച്ച് ഉൾവനങ്ങളിലും പാതയിലും സുരക്ഷ ശക്തമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

