പയ്യനാമൺ ∙ താവളപ്പാറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികൾ നശിപ്പിച്ചു. കെ.എൻ.സദാശിവൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആനയിറങ്ങിയത്. താവളപ്പാറ കാഞ്ഞിരവിളയിൽ കെ.എൻ.തോമസ് കുട്ടിയുടെ കൃഷിയിടത്തിലാണ് ആന നാശം വിതച്ചത്.
കഴിഞ്ഞ രാത്രിയിലാണു സംഭവം. പനിയായതിനാൽ അന്നു കൃഷിയിടത്തിൽ തോമസ് കുട്ടി കാവലിനുണ്ടായിരുന്നില്ല. ഷെഡിൽ കാവൽ കിടന്ന സമയത്താണ് ആനയെത്തിയതെങ്കിൽ ജീവനുതന്നെ ഭീഷണിയാകുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.
ഇന്നലെ രാവിലെയാണു കൃഷിയെല്ലാം ആന തകർത്തതു വീട്ടുകാർ അറിയുന്നത്.
കുലച്ചതും അല്ലാത്തതുമായ 300 മൂട് വാഴയാണു നശിച്ചത്. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയും ആനകൾ തകർത്തു. സ്ഥലമുടമയുടെ 5 മൂട് റബർതൈകളും നശിപ്പിച്ചിട്ടുണ്ട്.
കാട്ടുപന്നി കയറാതിരിക്കാനായി കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വലയും ടിൻഷീറ്റും ഈടിയും തകർത്താണ് ആന എത്തിയത്. ഇതിനായി അഞ്ചു ലക്ഷത്തിലധികം തുക ചെലവായിട്ടുണ്ട്.
തൊട്ടടുത്ത ഷീല ഭവനം രാജീവിന്റെ കൃഷിയിടത്തിലെ പൂവൻവാഴകളും ഇവ തകർത്തിട്ടുണ്ട്.
വിവരമറിഞ്ഞ് ഇന്നലെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോടു തോമസ് കുട്ടി പ്രതിഷേധിക്കുകയും ചെയ്തു. ഈ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ ദൂരത്തു താവളപ്പാറ ക്രഷറിന്റെ ഭാഗത്തു സ്ഥിരമായി കാട്ടാന ശല്യമുണ്ടെങ്കിലും ഇവിടെ ആദ്യമായാണ് ഇവ എത്തുന്നത്. ജനവാസ മേഖലയിൽപോലും കൃഷി ചെയ്തു ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു വീട്ടുകാർ പറയുന്നു.
കടം വാങ്ങിയും സ്വർണം പണയം വച്ചും തുക കണ്ടെത്തിയാണു കൃഷി ചെയ്തത്. രണ്ടു ലക്ഷം രൂപ നിലവിൽ കടമുണ്ട്.
ആകെ നഷ്ടം മൂന്നു ലക്ഷത്തിലധികം വരുമെന്നു തോമസ് കുട്ടി പറഞ്ഞു. വനംവകുപ്പിൽ നിന്ന് ഉടനെയൊന്നും നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലും ഉറപ്പില്ലെന്നാണ് ആരോപണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]