ശബരിമല ∙ സമത്വത്തിന്റെയും വിശ്വമാനവികതയുടെ സന്ദേശം ഉണർത്തുന്ന ശബരിമലയുടെ പ്രസക്തി ലോകമൊട്ടുക്ക് എത്തിക്കുന്നതിനും തീർഥാടകരുടെ ആവശ്യങ്ങൾ നേരിട്ടു കേട്ട് വികസന പദ്ധതികൾക്കും തിരക്കു നിയന്ത്രണത്തിനും രൂപം നൽകുന്നതിനായുള്ള ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ. പമ്പാ മണപ്പുറത്തെ പ്രധാന വേദിയിലാണു മാസ്റ്റർപ്ലാൻ ചർച്ച. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ നയിക്കും.
ശബരിമലയ്ക്കായി തിമാറ്റിക് സർക്കീറ്റുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് ടൂറിസം സെക്രട്ടറി കെ.ബിജു വിഷയം അവതരിപ്പിക്കും.ശാസ്ത്രീയമായ തിരക്കു നിയന്ത്രണത്തിനുള്ള പദ്ധതികൾ അവതരിപ്പിക്കും. 25 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക.
ഉച്ചയ്ക്കുശേഷം വിജയ് യേശുദാസിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായകരുടെ ഭക്തിഗാനസുധയും ഉണ്ട്.
മൂവായിരത്തിലേറെ പ്രതിനിധികൾ
പമ്പാ മണപ്പുറത്തെ പ്രധാന വേദിയിലാണു മാസ്റ്റർപ്ലാൻ സംബന്ധിച്ചുള്ള ചർച്ചകൾ. സമീപന രേഖയുടെ അവതരണവും ചർച്ചകളും ഉണ്ടാകും.
സംഗമത്തിൽ പ്രതിനിധികളായി പങ്കെടുക്കാൻ 4,590 പേരാണ് ഓൺലൈനായി അപേക്ഷ നൽകിയത്. ആദ്യം അപേക്ഷിച്ച 3,000 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണം സംഗമം നടത്താൻ എന്നു ഹൈക്കോടതി നിർദേശം ഉള്ളതിനാൽ ദേവസ്വം ബോർഡും പൊലീസും കർശന ജാഗ്രത പാലിക്കുന്നുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾക്ക് 1,300 അംഗങ്ങളുടെ പൊലീസ് സേന
ശബരിമല∙ ആഗോള അയ്യപ്പ സംഗമത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 1,300 പൊലീസുകാർ.
എഡിജിപി എസ്.ശ്രീജിത്ത്, ഡിഐജി അജിതാ ബീഗം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൊലീസ് വിന്യാസം പൂർത്തിയായി. പമ്പയും പരിസരവും പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്.
ബോംബ് സ്ക്വാഡ് പരിശോധനയും പൂർത്തിയായി.
ഇതിനു പുറമേ എല്ലാ വേദികളിലും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി വിശ്രമിക്കുന്ന മരാമത്ത് ഓഫിസ് കോംപ്ലക്സിലും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ദേവസ്വം ചീഫ് എൻജിനീയറുടെ മുറിയാണ് മുഖ്യമന്ത്രിക്കു താമസിക്കാനായി പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]