ശബരിമല ∙ ആഗോള അയ്യപ്പസംഗമത്തിനു വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിത്തുടങ്ങിയതോടെ എല്ലാ വേദികളും സജീവമായി. 3,500 പേർക്ക് ഇരിക്കാവുന്ന പ്രധാനവേദി 3 തട്ടായിട്ടാണ് ഒരുക്കിയത്.ഇതിനു പുറമേ ഹാളിൽ വലിയ 6 എൽഇഡി സ്ക്രീനും സ്ഥാപിച്ചു.
തറനിരപ്പിൽ നിന്ന് 4 അടി ഉയരത്തിൽ 2400 ചതുരശ്രയടിയിലാണു സ്റ്റേജ്. മുഖ്യമന്ത്രി, മന്ത്രിമാർ, ദേവസ്വം ബോർഡ് ഭാരവാഹികൾ, സമുദായ നേതാക്കൾ എന്നിവർ ഉൾപ്പെടെ 30 പേർക്കാണ് സ്റ്റേജിൽ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.
ഇതിനു പുറമേ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് സ്റ്റേജിനു മുൻപിൽ പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.
16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ എത്തുന്നുണ്ട്.
ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ. വിദേശരാജ്യങ്ങളിൽ നിന്ന് 250 പേരെയാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു ഉൾപ്പെടെയുള്ള പ്രതിനിധികൾ സന്നിധാനത്ത് എത്തി ദർശനം നടത്തി. ഇവർ രാത്രി സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ പമ്പയിൽ എത്തും. മറ്റുള്ളവർക്ക് കുമരകം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, എരുമേലി എന്നിവിടങ്ങളിലാണ് താമസ സൗകര്യം.
ഇത് കൂടാതെ തമിഴ്നാട്ടിൽ നിന്ന് 1000, കർണാടകയിൽ നിന്ന് 350, ആന്ധ്രയിൽ നിന്ന് 800 പേരും ബുക്കു ചെയ്തിട്ടുണ്ട്.
ഇവർ എല്ലാവരും രാവിലെ പമ്പയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവരെ പമ്പയിൽ എത്തിക്കാൻ കെഎസ്ആർടിസി 25 ലോഫ്ലോർ എസി ബസും ക്രമീകരിച്ചിട്ടുണ്ട്.വലിയ പാലത്തിലൂടെ പമ്പാ മണപ്പുറത്തേക്ക് എത്തുന്ന ഭാഗത്താണ് പ്രധാന വേദിയുടെ കവാടം.
ഇവിടെയാണ് റജിസ്ട്രേഷൻ കൗണ്ടർ. ഓൺലൈനായി പേരു റജിസ്റ്റർ ചെയ്തവർക്ക് ദേവസ്വം ബോർഡ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പൊലീസിന്റെ പരിശോധനയ്ക്കു ശേഷമാണ് പ്രധാന വേദിയിലേക്ക് കടത്തിവിടുക.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ,ദേവസ്വം ചീഫ് എൻജിനീയർ രഞ്ജിത്ത് കെ.ശേഖർ, എക്സിക്യൂട്ടീവ് എൻജിനീയർ സി.ശ്യാമപ്രസാദ് എന്നിവർ എല്ലാ വേദികളും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]