
പന്തളം ∙ മാലിന്യവും ചെളിയും പോളയും നിറഞ്ഞ് ഒഴുക്കുനിലച്ചിരുന്ന മുട്ടാർ നീർച്ചാലിന്റെ ശുചീകരണം പൂർത്തിയായി. പോളയും ചെളിയും പകുതിയിലേറെ നീക്കി.
അമൃത് പദ്ധതിയിൽ 31.7 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു പ്രവർത്തനം. നീർച്ചാലിൽ ഇനി മാലിന്യം തള്ളരുതെന്ന് അധികൃതർ അറിയിച്ചു. മുട്ടാർ നീർച്ചാൽ വർഷങ്ങളായി മാലിന്യച്ചാലായിരുന്നു.
ചാൽ സംരക്ഷിക്കണമെന്ന ആവശ്യത്തിനും അത്രത്തോളമുണ്ട് പഴക്കം. ഏറെക്കാലത്തിനു ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. ജൂൺ 21ന് ആണ് ജോലികൾ തുടങ്ങിയത്.
മാലിന്യം ക്ലീൻ കേരളയ്ക്ക്
4.62 കിലോമീറ്റർ നീളത്തിലായിരുന്നു ശുചീകരണം.
ചില ഭാഗങ്ങളിൽ 30 മീറ്ററോളം വീതി വരും. 1.08 ലക്ഷം ചതുരശ്ര മീറ്ററിലായിരുന്നു ചെളിനീക്കം.
ചാലിൽ നിന്നു ടൺ കണക്കിനു മാലിന്യമാണ് നീക്കിയത്. ഇതിനകം 318 ടൺ മാലിന്യം നീക്കി.
കിലോയ്ക്ക് 8 രൂപ നിരക്കിലാണ് ക്ലീൻ കേരളയ്ക്ക് കൈമാറുന്നത്. ശേഷിക്കുന്ന മാലിന്യം മഴ മാറുന്ന മുറയ്ക്ക് കൈമാറും. മിനി എംസിഎഫുകൾ, ബോട്ടിൽ ബൂത്തുകൾ അടക്കം ആവശ്യത്തിന് സജ്ജമാക്കിയിട്ടുണ്ടെന്നും ഇനി ചാലിലേക്ക് മാലിന്യം വലിച്ചെറിയരുതെന്നും അധികൃതർ.
14 പേർക്ക് നോട്ടിസ്
ചാലിലേക്ക് മാലിന്യ പൈപ്പ് സ്ഥാപിച്ചിരുന്ന 13 പേർ ഉൾപ്പെടെ 14 പേരിൽ നിന്നു പിഴയീടാക്കാൻ അധികൃതർ നോട്ടിസ് നൽകി.
25,000 രൂപ വീതമാണ് പിഴ. ചാലിന്റെ പല ഭാഗങ്ങളിൽ വലിയതോതിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു.
ക്യാമറയും സംരക്ഷണവേലിയും സ്ഥാപിക്കും
ചാലിലേക്ക് മാലിന്യം തള്ളുന്നത് പിടികൂടാൻ വിവിധ ഭാഗങ്ങളിലായി ക്യാമറകൾ സ്ഥാപിക്കും.
പന്തളത്ത് സ്ഥിരമായി മാലിന്യം തള്ളുന്ന മറ്റ് സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും. കുറുന്തോട്ടയം പാലത്തിന്റെ ഇരുവശങ്ങളിലായി സംരക്ഷണവേലിയും സ്ഥാപിക്കും.
ഈ മാസം തന്നെ ഇവ നടപ്പാക്കുമെന്നും ഇതു കൂടാതെ നൈറ്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും നഗരസഭാ അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, ഉപാധ്യക്ഷ യു.രമ്യ, സെക്രട്ടറി ഇ.ബി.അനിത തുടങ്ങിയവർ പറയുന്നു.
മാലിന്യനീക്കം ശാസ്ത്രീയമാകണം
സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മാലിന്യനീക്കം കുറ്റമറ്റരീതിയിൽ വേണമെന്നാണ് ആവശ്യം. ചാലിന്റെ കരയിലേക്ക് നീക്കിയ മാലിന്യം പൂർണമായി മാറ്റിയില്ലെങ്കിൽ മഴയിൽ വീണ്ടും ചാലിലേക്ക് പതിക്കും.
ഇത്തരത്തിൽ മുൻകാല അനുഭവമുണ്ട്. ചന്തയ്ക്ക് സമീപം ഇപ്പോഴും മാലിന്യ ശേഖരമുണ്ട്.
ഇവ പൂർണമായി നീക്കണം. 2023 ജൂണിൽ ചന്തയ്ക്ക് സമീപം വർഷങ്ങളായി കെട്ടിക്കിടന്ന മാലിന്യം നീക്കിയിരുന്നു. ഇവയിലൊരു ഭാഗം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കുഴിച്ചിട്ടെന്ന തരത്തിൽ ആക്ഷേപവും ഉയർന്നിരുന്നു. പരാതിക്കിടയാകാത്ത വിധത്തിൽ മാലിന്യനീക്കവും സംസ്കരണവും നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]