ശബരിമല ∙ മലദൈവങ്ങളുടെ പ്രീതിക്കായി മാളികപ്പുറത്തു നടന്ന ഗുരുതി ഭക്തർക്ക് അപൂർവ ദർശനമായി. ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയുടെ പൊൻപ്രഭയേകി മകരവിളക്കു കാലത്തെ ദർശനം പൂർത്തിയായി.
തീർഥാടനത്തിനു സമാപനം കുറിച്ചു ക്ഷേത്രനട ഇന്ന് അടയ്ക്കും.
രാത്രി അത്താഴ പൂജയോടെയാണ് ദർശനം പൂർത്തിയായത്. തുടർന്നു മകരവിളക്ക് ഉത്സവം മൂലം ദേവന്റെ ചൈതന്യത്തിന് എന്തെങ്കിലും കുറവു സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായാണ് ഗുരുതി നടത്തിയത്.
വൈകിട്ട് നട
തുറന്ന ശേഷം മണിമണ്ഡപത്തിനു മുൻപിൽ ഗുരുതിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. അയ്യപ്പസ്വാമിയുടെ അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട
അടച്ചശേഷം പന്തളം രാജപ്രതിനിധി പുണർതം നാൾ നാരായണ വർമയും പരിവാരങ്ങളും എത്തി. പിന്നാലെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീനിവാസ്, സോപാനം സ്പെഷൽ ഓഫിസർ ബിജു വി.നാഥ് തുടങ്ങിയവരും മണിമണ്ഡപത്തിനു മുൻപിൽ എത്തിയതോടെ നിലവിളക്കുകളും പന്തവും കൊളുത്തി ഗുരുതിയുടെ ചടങ്ങുകൾ തുടങ്ങി.
കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ‘നിണം’ തൂകി.
റാന്നി കുന്നയ്ക്കാട്ട് ദേവീ വിലാസത്തിൽ ജെ.അജിത്കുമാർ, ജെ.ജയകുമാർ, രതീഷ് കുമാർ എന്നിവർ കാർമികത്വം വഹിച്ചു.
ഗുരുതി നടത്തിയ കർമികൾക്കു രാജപ്രതിനിധി ദക്ഷിണ നൽകി. ഗുരുതിക്കു സാക്ഷ്യം വഹിക്കാൻ ഒട്ടേറെ ഭക്തർ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ തന്ത്രി മഹേഷ് മോഹനര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. തുടർന്ന് തിരുവാഭരണ വാഹകർ എത്തി അയ്യപ്പനെ പ്രാർഥിച്ചു ശരണംവിളിച്ചു തിരുവാഭരണ പെട്ടികൾ ശിരസിലേറ്റി പതിനെട്ടാംപടി ഇറങ്ങും.
തുടർന്നാണ് രാജപ്രതിനിധിയുടെ ദർശനം. അയ്യപ്പ വിഗ്രഹത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കി നട
അടയ്ക്കും. ശ്രീകോവിലിന്റെ താക്കോൽ കൈമാറ്റ ചടങ്ങും നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

