കൂടൽ ∙ ഇഞ്ചപ്പാറയിൽ മൂരിക്കിടാവിനെ പുലി കൊന്നു തിന്നു. ഇഞ്ചപ്പാറ വടക്കേമുരുപ്പേൽ രാജി ഏബ്രഹാമിന്റെ രണ്ട് വയസ്സുള്ള മൂരിക്കിടാവിനെയാണ് പുലി കൊന്നത്.
വ്യാഴാഴ്ച രാവിലെ പശുക്കളെ അഴിച്ചുകെട്ടാൻ പറമ്പിൽ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. അഴിച്ചുവിട്ടിരുന്ന മൂരിക്കിടാവാണ് ചത്തത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരെത്തി പരിശോധനനടത്തി മടങ്ങി. ശേഷം രാത്രി ഒൻപതോടെ വീട്ടുകാർ വീണ്ടും സ്ഥലത്തു വന്നു നോക്കിയപ്പോൾ മൂരിക്കിടാവിന്റെ ബാക്കി ഭാഗംകൂടി പുലി തിന്നതായി കാണാൻ കഴിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഇന്നലെ പ്രദേശത്ത് ക്യാമറയും കൂടും സ്ഥാപിച്ചു. രണ്ടാഴ്ചയ്ക്കിടെ രണ്ട് നായ്ക്കളെ ഇവിടെനിന്ന് പുലി പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രണ്ട് കുട്ടിയും ഒരു വലിയ പുലിയും നടന്നുപോകുന്നതായി നാട്ടുകാർ കണ്ടിരുന്നു.
ഏതാനും വർഷം മുൻപ് ഇഞ്ചപ്പാറ മഠത്തിലേത്ത് ബാബുവിന്റെ വീട്ടിലെ ആടിനെ പുലി പിടിച്ചതിനെ തുടർന്ന് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ട സംഭവമുണ്ടായി.
ഇതിന്റെ അടുത്ത പ്രദേശത്താണ് സംഭവം. ഇവിടങ്ങളിൽ പുലിയുടെ സ്ഥിരസാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു. പശുവും ആടും വളർത്തുനായ്ക്കളും അടക്കം ഒട്ടേറെ മൃഗങ്ങളെയാണ് പുലി കൊന്നുതിന്നിട്ടുള്ളത്.
എന്നാൽ, ഇനിയും ആർക്കും നഷ്ടപരിഹാരം കൊടുക്കാൻ വനം വകുപ്പ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം. കൃഷി ചെയ്യാനോ കന്നുകാലികളെ വളർത്താനോ കഴിയാത്ത അവസ്ഥയായിട്ടും വനംവകുപ്പ് അധികൃതർ സ്വീകരിക്കുന്ന നടപടി പ്രഹസനമാകുന്നതായാണ് പരാതി ഉയർന്നിട്ടുള്ളത്.
സന്ധ്യ കഴിഞ്ഞാൽ ആളുകൾക്ക് സ്വൈരമായി വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണിവിടങ്ങളിൽ. ടാപ്പിങ് തൊഴിലാളികൾക്ക് ജോലിക്കു പോകാൻ കഴിയുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

