നിലയ്ക്കൽ∙ ഫണ്ടും ഇല്ല, ഫുഡും ഇല്ല. ഇലവുങ്കൽ സേഫ് സോൺ പദ്ധതിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ.
ശബരിമലയിലേക്കു തീർഥാടകർ എത്തി 48 മണിക്കൂർ പിന്നിട്ടിട്ടും കൺട്രോൾ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ മോട്ടർ വാഹന വകുപ്പ്. തീർഥാടന പാതയിൽ എവിടെയെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ സഹായിക്കാൻ പൊലീസിനെ മാത്രം ആശ്രയിക്കേണ്ട
സാഹചര്യമാണ് ഇപ്പോഴുള്ളത്.
ശബരിമല തീർഥാടന പാതയിൽ കൂടി സഞ്ചരിക്കുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷ മുൻ നിർത്തി, ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 17 വർഷം മുൻപാണ് സേഫ് സോൺ കൺട്രോൾ സ്റ്റേഷൻ തുറക്കുന്നത്. തീർഥാടനം തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ആദ്യമായാണ് ഇങ്ങനൊരു പ്രതിസന്ധിക്കു ഇലവുങ്കൽ കൺട്രോൾ സ്റ്റേഷൻ സാക്ഷ്യം വഹിക്കുന്നത്.
സേഫ് സോൺ പദ്ധതിക്കുള്ള ഫണ്ട് കേരള റോഡ് സേഫ്റ്റി അതോറിറ്റിയാണ് (കെആർഎഫ്എ) അനുവദിക്കേണ്ടത്. ഇതു സംബന്ധിച്ച പ്രോജക്ട് രണ്ട് മാസം മുൻപേ ഗതാഗത വകുപ്പിൽ നിന്നും സമർപ്പിച്ചതാണ്.
ഏകദേശം ഒന്നര കോടി രൂപയോളമാണ് വേണ്ടത്. ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, റോന്ത് ചുറ്റുന്ന വാഹനത്തിനുള്ള ഡീസൽ, ജീവനക്കാരുടെ ഭക്ഷണവും ശമ്പളവും, വാഹനങ്ങളുടെ തകരാർ പരിഹരിക്കുന്നതിനുള്ള മെക്കാനിക്കൽ സംഘത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ക്രെയിൻ, ആംബുലൻസ് തുടങ്ങിയവക്കാണ് അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നത്.
ഏകദേശം 80 മുതൽ 100 വരെ ജീവനക്കാർ ഇലവുങ്കൽ സേഫ് സോണിൽ മാത്രം ഉണ്ട്. ഇലവുങ്കൽ കൺട്രോൾ സ്റ്റേഷന്റെ ഉദ്ഘാടനം 15നു ട്രാൻസ്പോർട്ട് കമ്മിഷണർ നിർവഹിച്ചിരുന്നു.
16ാം തീയതി മുതൽ തീർഥാടന പാതയിൽ റോന്ത് ചുറ്റ് ആരംഭിക്കേണ്ടതായിരുന്നു. നിലവിൽ 5 ഉദ്യോഗസ്ഥരിൽ താഴെ മാത്രമാണ് ഇലവുങ്കൽ കൺട്രോൾ സ്റ്റേഷനിൽ ഉള്ളത്.
പൊലീസ് മെസിൽ നിന്നുമാണ് ഇവിടേക്കുള്ള ഭക്ഷണം മുൻ വർഷങ്ങളിൽ എത്തിയിരുന്നത്. തീർഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി 50000 രൂപ പൊലീസ് മെസിൽ ഗതാഗത വകുപ്പ് മുൻകൂറായി അടക്കുകയായിരുന്നു പതിവ്.
എന്നാൽ ഈ പതിവ് തെറ്റിയതോടെ പൊലീസ് മെസിൽ നിന്നും ഭക്ഷണം എത്തിയില്ല. ഡ്യൂട്ടിൽ ഉള്ള മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വന്തമായി ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു.
മൂന്ന് ഉദ്യോഗസ്ഥർ വീതമുള്ള 8 സ്ക്വാഡ്, 5 പേർ ഉൾപ്പെടുന്ന ദ്രുതകർമ സേന എന്നിവർ മൂന്ന് ഷിഫ്റ്റുകളിലായി തീർഥാടനപാതയിൽ 24 മണിക്കൂറും ഡ്യൂട്ടിക്ക് ഉണ്ടാവും. റോന്ത് ചുറ്റുന്നതിനുള്ള 12 ഡീസൽ വാഹനങ്ങൾ കഴിഞ്ഞ ദിവസമേ ഇലവുങ്കൽ എത്തിയിരുന്നു.
ജീവനക്കാർ ഇല്ലാത്തതിനാൽ കൺട്രോൾ സ്റ്റേഷനു മുന്നിൽ വാഹനങ്ങൾ വെറുതെ കിടക്കുകയാണ്. കൺട്രോൾ സ്റ്റേഷനിൽ വേണ്ട
എഎൻപിആർ ക്യാമറകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. ജിപിഎസ് സംവിധാനം ഉള്ള വാഹനങ്ങളും ഇല്ല.
വയർലെസ് സംവിധാനം ഇന്നലെ രാത്രിയോടെ സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്നു അധികൃതർ.മുൻപ് ട്രാൻസ്പോർട്ട് കമ്മിഷണർ തന്നെയായിരുന്നു റോഡ് സുരക്ഷാ കമ്മിഷണറും. ഇപ്പോൾ രണ്ട് വകുപ്പിലും രണ്ട് പേരാണ് തലപ്പത്തുള്ളത്.
ഒരാളു തന്നെയായിരുന്ന കാലത്ത് കാര്യങ്ങൾ എല്ലാം കൃത്യമായിട്ടായിരുന്നു നടപ്പാക്കിയിരുന്നത്. പത്തനംതിട്ട
എൻഫോഴ്സ്മെന്റ് ആർടിഒയിക്കാണ് ഇലവുങ്കൽ സേഫ് സോണിന്റെ ചുമതല. കഴിഞ്ഞ തീർഥാടന കാലത്ത് വിനിയോഗിച്ച തുക ലഭിക്കാനുള്ളതിനാൽ ഉദ്യോഗസ്ഥർ സ്വന്തമായി കൈയ്യിൽ നിന്നും പണം എടുത്ത് വിനിയോഗിക്കാൻ ഈ തവണ തയ്യാറല്ലന്നാണ് അറിവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

