നെടുമ്പ്രം ∙ അങ്കണവാടികൾക്കു നക്ഷത്രപദവി ഉണ്ടായിരുന്നെങ്കിൽ ഇതാ ഇവിടെ പഞ്ചനക്ഷത്ര പദവി ലഭിക്കുമായിരുന്ന ഒരു അങ്കണവാടി. പഞ്ചായത്ത് അഞ്ചാം വാർഡിലെ വാഴപറമ്പിൽ നഗറിലെ അങ്കണവാടിയിൽ സൗകര്യം മാത്രമല്ല, സുരക്ഷിതത്വം, വൃത്തി, ആധുനിക പഠനോപകരണങ്ങൾ, മികച്ച പഠനാന്തരീക്ഷം എന്നിവയും പൂർണതയിലെത്തി നിൽക്കുന്നു.
41 ലക്ഷം രൂപ ചെലവിൽ ഇരുനിലമന്ദിരത്തിലാണ് അങ്കണവാടി നിർമിച്ചിരിക്കുന്നത്. മുകളിലത്തെ നില കൗമാരക്ലബിന് ഉപയോഗിക്കാനുള്ളതാണ്.
അങ്കണവാടിയിൽ ആദ്യം ചുറ്റുമതിലാണ്.
ഉയരത്തിൽ നിർമിച്ച് അകത്തും പുറത്തും നിറയെ കളർ കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞ മതിൽ. മുറ്റത്തൊരു നെല്ലിമരം.
പൂട്ടുകട്ട പാകി നിറങ്ങളാൽ നിറച്ച മുറ്റം.
അകത്തോട്ടു കയറുമ്പോൾ തറയിൽ മാജിക്കൽ മാറ്റ്. വിവിധ നിറത്തിലുള്ള മാറ്റ് മൃദുലമാണ്.
കുട്ടികൾ എങ്ങാനും വീണാൽ വേദനിക്കാതിരിക്കാനുള്ളതാണ്. ഇവിടെയും ഭിത്തികളിലെല്ലാം അക്ഷരങ്ങളും അക്കങ്ങളും തുടങ്ങി ജീവിതകാലം മുഴുവൻ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന പഠനോപാധികൾ.
ശീതികരിച്ച മുറി കൂടിയാകുമ്പോൾ പഠനാന്തരീക്ഷം കുളിർമ്മയുള്ളതായി മാറുന്നു.
എവിടെ നോക്കിയാലും പഠനോപാധികൾ മാത്രം
വാട്ടർ പ്യൂരിഫയർ ഉള്ള അടുക്കളയും ആധുനികമാണ്. ശിശുസൗഹൃദ ശുചിമുറി അകത്തും പുറത്തു വേറെയുമുണ്ട്.പുറത്തെങ്ങും പോകാതെ അകത്തിരുന്ന കളിക്കാൻ കഴിയുന്ന രീതിയിലുള്ള ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
സ്ലൈഡ്, സീസോ, റോക്കർ, മാറ്റ്, ബാസ്കറ്റ്ബോൾ, പോണി റോക്കർ തുടങ്ങിയവയാണിവ. ഭക്ഷണം കഴിക്കാൻ മൂൺഷേപ്പ് മേശയും കസേരകളുമുണ്ട്.
ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങളും അക്കങ്ങളും പഠിക്കാൻ വലിയ ഡിജിറ്റൽ വൈദ്യുത ബോർഡുകളും ഇവിടെയുണ്ട്.
മെച്ചപ്പെട്ട ജീവിത സാഹചര്യവും സൗകര്യങ്ങളും ജിവിത ലക്ഷ്യമാക്കുവാൻ ഇവിടെയെത്തുന്ന കുട്ടികൾക്ക് കഴിയുമെന്നതാണ് വലിയ പ്രത്യേകത.
1226 ചതുരശ്ര അടിയാണ് കെട്ടിടം. കേന്ദ്ര സർക്കാർ ഫണ്ട് 20 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് വിഹിതം 11 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം, പഞ്ചായത്ത് വിഹിതം പല പദ്ധതികളിലായി 5 ലക്ഷം രൂപയും ചേർത്താണ് നിർമാണം.
ഡിജിറ്റൽ അക്ഷരമാല ബോർഡുകൾ, കർട്ടനുകൾ, ഷെൽഫുകൾ, മുറ്റത്ത് പൂട്ടുകട്ടയിടുന്നത് തുടങ്ങിയവ സ്വകാര്യ വ്യക്തികൾ സംഭാവനായി നൽകിയതാണ്.
തീർന്നില്ല ഗ്രോബാഗുകളിൽ പോഷക തോട്ടം ഒരുക്കാൻ പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട് പറഞ്ഞു. അടുത്തയാഴ്ച അങ്കണവാടിയുടെ ഉദ്ഘാടനം നടക്കും. പഞ്ചായത്തിലെ 15 അങ്കണവാടികളിൽ 13 എണ്ണത്തിനും സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്.
ഇതിൽ 9 എണ്ണം ശീതികരിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. ജില്ലയിലാദ്യമായി ഐഎസ്ഒ കിട്ടിയ 2 അങ്കണവാടികളും നെടുമ്പ്രം പഞ്ചായത്തിലാണ്. 66, 125 എന്നീ അങ്കണവാടികൾക്കാണ് ഈ നേട്ടം ലഭിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]