മല്ലപ്പള്ളി ∙ ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന താലൂക്ക് ആശുപത്രിപ്പടി–കൊച്ചുപറമ്പ് പൊതുമരാമത്ത് റോഡിലെ കലുങ്ക് തകർന്നു. താലൂക്ക് ആശുപത്രിപ്പടിക്കു സമീപത്തെ കലുങ്കിന്റെ സ്ലാബാണു തകർന്നത്. പച്ചമണ്ണ് കയറ്റിപ്പോകുന്ന ടിപ്പർലോറികളുടെ തുടർച്ചയായ സഞ്ചാരമാണു കലുങ്കിന്റെ ശോച്യാവസ്ഥയ്ക്കു കാരണമായതെന്നാണു നാട്ടുകാരുടെ ആക്ഷേപം. സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിലാണു തകർച്ച.
നേരത്തെ ഇതുവഴി ബസ് സർവീസും ഉണ്ടായിരുന്നതാണ്. റോഡിൽ പലയിടത്തും ടാറിങ് പൊളിഞ്ഞിട്ടുണ്ട്.
ഇതിനു പുറമേയാണു കലുങ്കിന്റെ തകർച്ച.
വീപ്പകൾ വച്ചാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താലൂക്കിലെ വിവിധ റോഡുകളിൽകൂടി അമിതഭാരം കയറ്റി ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്നതാണു തകർച്ചയ്ക്കു വഴിതെളിക്കുന്നതെന്നാണു പരാതി.
തേലമൺ–പുല്ലുകുത്തി റോഡിൽ തൊട്ടിയിൽപടിയിലെ കലുങ്കിനും അടുത്തിടെ കേടുപാടുകൾ സംഭവിച്ചു. ഇവിടെ പുതിയ കലുങ്ക് നിർമിച്ചാണു പ്രശ്നപരിഹാരം കാണുന്നത്.
പല റോഡുകളിലും പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച കലുങ്കുകളാണുള്ളത്. ഇക്കാരണത്താൽ ജീർണാവസ്ഥയിലാണു ഭൂരിഭാഗവും.
ഗ്രാമീണ റോഡുകളിലൂടെയും അനുവദനീയമായതിലും അളവിൽ ഭാരം വഹിച്ചുള്ള വാഹനങ്ങൾ പോകുന്നതായും പരാതിയുയർന്നിട്ടുണ്ട്. മല്ലപ്പള്ളി വൈഎംസിഎപ്പടി–പാതിക്കാട് റോഡിൽകൂടി ഭാരവാഹനങ്ങൾ പോകുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. പാതിക്കാട് പള്ളിയ്ക്കു സമീപത്തെ കലുങ്കിനും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നു പുതിയതു നിർമിക്കുന്നതിനു മല്ലപ്പള്ളി പഞ്ചായത്ത് പദ്ധതിയിൽ 7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിപ്പടി–കൊച്ചുപറമ്പ് പൊതുമരാമത്ത് റോഡിലെ ശോച്യാവസ്ഥയിലായ കലുങ്ക് പുനർനിർമിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ആവശ്യം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]