തിരുവല്ല ∙ ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യനന്മയ്ക്കും പുരോഗതിക്കും പ്രയോജനകരമാകണമെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാർത്തോമ്മാ സഭയുടെ ശാസ്ത്ര പുരസ്കാരമായ മേൽപാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് (1 ലക്ഷം രൂപയും പ്രശസ്തി പത്രവും) ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറിവ് തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് ഏതെങ്കിലും വ്യക്തിയിലോ സ്ഥാപനങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തേണ്ടതല്ല. സമൂഹത്തിന്റെ വിശാലതയിലേക്ക് അറിവിനെ കൊണ്ടെത്തിക്കാൻ കഴിയണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
ശാസ്ത്ര മേഖലയിലെ പിന്നാക്ക അവസ്ഥയിൽനിന്നു വികസിത രാജ്യങ്ങളെ മറികടക്കുന്ന അവസ്ഥയിലേക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് ഡോ.എസ്.സോമനാഥ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണത്തിനും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സോമനാഥ് കൂട്ടി ചേർത്തു.യുവശാസ്ത്രജ്ഞർക്കുള്ള അവാർഡ് (50,000 രൂപ) ധൻബാദ് ഐഐടി അസി.പ്രഫ.ഡോ.ബോധിസ്തവ ഹസ്രയ്ക്ക് സമ്മാനിച്ചു.
ഡോ.ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, സീനിയർ വികാരി ജനറൽ റവ.
മാത്യു ജോൺ, സഭാ സെക്രട്ടറി റവ.എബി ടി.മാമ്മൻ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയൽ, അൽമായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട്, കേണൽ ജോൺ ജേക്കബ് ആറ്റുമാലിൽ എന്നിവർ പ്രസംഗിച്ചു. അവാർഡ് ഏർപ്പെടുത്തിയ എ.വി.ജോൺസ് ആറ്റുമാലിലിന്റെ അനുസ്മരണവും നടത്തി.
ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ജോർജ് സ്കോളർ സ്കോളർഷിപ്, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ് എന്നിവയും നൽകി. ജീവകാരുണ്യ സ്ഥാപനത്തിനുള്ള പി.എസ്.ജോർജ് ഉപഹാരം മഞ്ഞാലുംമൂട് സ്നേഹതീരത്തിന് സമ്മാനിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]