കീഴ്വായ്പൂര് ∙ നെയ്തേലിപ്പടി–നാരകത്താനി റോഡിൽ ചാക്കമറ്റത്തു പുതിയതായി നിർമിക്കുന്ന കലുങ്ക് പൂർത്തിയാകുന്നതു വൈകുന്നതു യാത്രാദുരിതം സൃഷ്ടിക്കുന്നു. മേയ് ആദ്യയാഴ്ചയിൽ തുടങ്ങിയ പ്രവൃത്തികൾ 4 മാസം പിന്നിട്ടിട്ടും തീർന്നിട്ടില്ല.
കലുങ്കിന്റെ കോൺക്രീറ്റ് കഴിഞ്ഞു. കലുങ്കിന്റെ വശങ്ങളിലെ കരിങ്കൽ കെട്ട് തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല.
ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയാണു പണികൾ നിലയ്ക്കാൻ കാരണമെന്നാണു പറയുന്നത്.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചുള്ള നിർമാണ പ്രവൃത്തികളാണു വിഭാവനം ചെയ്തിരുന്നത്. ചാക്കമറ്റം പാലത്തിന്റെ സമീപത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനാണിത്.
മഴക്കാലത്തു പുന്നാനിൽ പാടശേഖരത്തിൽനിന്നു റോഡിൽ വെള്ളം കയറുന്നതു പതിവായിരുന്നു. സംരക്ഷണഭിത്തിയും ശോച്യാവസ്ഥയിലായിരുന്നു.നിർമാണം പൂർത്തിയാകാതെ കിടക്കുന്ന കലുങ്കിൽകൂടി വാഹനങ്ങൾ പോകുന്നത് അപകടകരമാണ്.
ദിവസങ്ങൾക്കു മുൻപ് വാൻ വശത്തേക്കു ചരിഞ്ഞുവെങ്കിലും ഭാഗ്യംകൊണ്ടാണു മറിയാതിരുന്നത്.
കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയെയും പടുതോട്–എഴുമറ്റൂർ റോഡിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്. കരയ്ക്കൽപടിയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടും ദുരിതമാണ്.
വെള്ളം ഒഴുകിപ്പോകുന്നതിനുണ്ടായിരുന്ന ഓട ജൽജീവൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിച്ചപ്പോൾ അടഞ്ഞുപോയതാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നു.
കലുങ്കിന്റെ നിർമാണം പൂർത്തിയാക്കുന്നതിനും വെള്ളക്കെട്ട് പരിഹരിക്കുന്നതിനും നടപടിയുണ്ടാകണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]