
പത്തനംതിട്ട ∙ നഗരത്തിലെ സുബല പാർക്കിൽ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ‘അമൃത് 2.O’ പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപയുടെ പുനരുദ്ധാരണ പദ്ധതിക്കാണ് തുടക്കമാക്കുന്നത്.
ജില്ലാ പട്ടികജാതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പാർക്കിലെ തടാകത്തിനു സംരക്ഷണഭിത്തി കെട്ടി ചുറ്റും ടൈൽ പാകി നടപ്പാത ഒരുക്കുന്ന പദ്ധതിക്കാണ് തുടക്കമിടുന്നത്.
പാർക്കിന്റെ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ അമൃത് പദ്ധതിയിൽ നിർദേശങ്ങൾ സമർപ്പിച്ച് അനുമതി നേടിയെങ്കിലും നിർവഹണം നഗരസഭയെ ഏൽപിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടായി.
എന്നാൽ, പദ്ധതിയിൽ പങ്കാളിത്തമോ നടത്തിപ്പ് ചുമതലയോ നഗരസഭ ചോദിച്ചിട്ടില്ലെന്നും ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദ വിശ്രമ കേന്ദ്രമാക്കി പദ്ധതിയെ മാറ്റാൻ നഗരസഭ സഹായം ചെയ്യുക മാത്രമാണെന്നും കാണിച്ച് നഗരസഭ അധ്യക്ഷൻ പട്ടികജാതി വകുപ്പ് മന്ത്രിക്ക് 2023ൽ കത്ത് നൽകി.
തുടർന്ന് നഗരസഭയുടെ മേൽനോട്ടത്തിൽ നിലവിലെ നിർവഹണ ഏജൻസിയായ ജില്ലാ നിർമിതി കേന്ദ്രത്തെ വകുപ്പ് ചുമതലപ്പെടുത്തി.
എന്നാൽ, ജില്ലാ നിർമിതി കേന്ദ്രത്തിന് ഏറ്റെടുക്കാൻ കഴിയുന്ന പ്രവൃത്തികളുടെ തുക അധികരിച്ചതിനാൽ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നു നിർമിതി കേന്ദ്രം അറിയിച്ചു. ഇതോടെ ലഭിച്ച തുക നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടി നിർവഹണം ഏറ്റെടുക്കാൻ നഗരസഭ തയാറാണെന്ന് പട്ടികജാതി വികസന വകുപ്പിനെ അറിയിച്ചു.
2024 ജൂലൈ 22 ന് നഗരസഭയ്ക്ക് വകുപ്പിന്റെ നിർവഹണ അനുമതി ലഭിച്ചു.
തടാകത്തിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ നിർവഹണം ഇപ്പോൾ സാധ്യമല്ല. എന്നാൽ കൂടുതൽ കാലതാമസം ഒഴിവാക്കാൻ ടെൻഡർ നടപടികൾ കൂടി പൂർത്തീകരിച്ച് കരാർ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് നഗരസഭ.
പുതുതായി നിർമിക്കുന്ന നടപ്പാത പ്രഭാത സായാഹ്ന നടത്തത്തിനു നഗരത്തെ ആശ്രയിക്കുന്ന ജനങ്ങൾക്കും പ്രയോജനപ്രദമാകും.
ഈ മാസം തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
ടി.സക്കീർ ഹുസൈൻ, നഗരസഭാ അധ്യക്ഷൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]