
പത്തനംതിട്ട ∙ വർഷങ്ങളായി വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന ഇ–മാലിന്യങ്ങൾ ഇനി പണം വാങ്ങി വിൽക്കാം.
ജില്ലയിലെ ഹരിതകർമസേനാംഗങ്ങൾ ഇ–മാലിന്യം വില നൽകി ശേഖരിക്കാനുള്ള നടപടി തുടങ്ങി. ഓഗസ്റ്റ് 15 വരെ ജില്ലയിലെ എല്ലാ നഗരസഭകളിലും ആദ്യ ഘട്ടമായി പദ്ധതി നടപ്പാക്കും.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലീൻ കേരള കമ്പനിയാണു ഹരിത കർമസേന വഴി ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ നഗരസഭകളിൽനിന്ന് ഏറ്റെടുക്കുന്നത്.
ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കുടുംബശ്രീ എന്നിവയുടെ പിന്തുണയോടെയും അതതു നഗരസഭകളുടെ നേതൃത്വത്തിലുമാണു ശേഖരണം നടപ്പിലാക്കുന്നത്. എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യം ശേഖരിക്കും.
മാലിന്യത്തിന്റെ അളവ് അനുസരിച്ച് പണം നൽകും.
അപകടകരമല്ലാത്ത ഇലക്ട്രോണിക്- ഇലക്ട്രിക്കൽ ഗണത്തിൽപെടുന്ന 44 ഇനങ്ങളാണു ഹരിത കർമസേന വില നൽകി ശേഖരിക്കുന്നത്. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, കംപ്യൂട്ടർ തുടങ്ങിയവ ശേഖരിക്കും.
ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിൽ വില നൽകും.
രണ്ടാംഘട്ടത്തിൽ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പുനഃസംസ്കരണത്തിനു യോഗ്യമായ മാലിന്യത്തിനാണു പണം ലഭിക്കുക.ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
കമ്പനി സേനാംഗങ്ങൾക്ക് ശേഖരിച്ച ഇ-മാലിന്യങ്ങളുടെ പണം നൽകും.
ശേഖരിക്കേണ്ട മാലിന്യങ്ങൾ, പുനഃസംസ്കരണം സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട
സുരക്ഷാമാനദണ്ഡങ്ങൾ, ഇ-മാലിന്യത്തിന്റെ വില എന്നീ വിഷയങ്ങളിൽ ഹരിതകർമസേനാംഗങ്ങൾക്കു പരിശീലനവും നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]