
കുറ്റൂർ ∙ 20വർഷം മുൻപ് അടഞ്ഞുപോയ നീരൊഴുക്ക് തോട് ഇനിയെങ്കിലും പുനഃസ്ഥാപിക്കുമോ? ആറാട്ടുകടവ് – വഞ്ചിമൂട്ടിൽ – മുണ്ടടിച്ചിറ റോഡിന്റെ നവീകരണം തുടങ്ങുമ്പോൾ നാട്ടുകാർ കാത്തിരിക്കുന്ന കാര്യമാണിത്. റോഡ് നവീകരണത്തിനു മാത്യു ടി.തോമസ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വീണ്ടും ഒഴുകിക്കാണാൻ നാട് ഒന്നാകെ കാത്തിരിക്കുന്ന വരട്ടാറിന്റെ തീരത്തുകൂടിയാണു മുണ്ടടിച്ചിറ റോഡ് കടന്നുപോകുന്നത്. ഒരു പരിധിവരെ വരട്ടാർ വീണ്ടെടുത്തെങ്കിലും വരട്ടാറിലേക്ക് എത്തിച്ചേരുന്ന പുളിമൂട്ടിൽ തോടിന്റെ വരട്ടാറിൽ പതിക്കുന്ന ഭാഗമാണ് അടഞ്ഞുപോയത്.
മുണ്ടടിച്ചിറ റോഡിന്റെ അടിയിലുള്ള കലുങ്ക് 20 വർഷം മുൻപ് റോഡ് ടാറിങ് നടത്തുന്നതിനിടെ നികത്തിയിരുന്നു. ഇപ്പോൾ അടഞ്ഞ കലുങ്കിന്റെ ഒരു ഭാഗത്ത് വരട്ടാറും മറുഭാഗത്ത് പുളിമൂട്ടിൽ തോട് അടഞ്ഞും കിടക്കുകയാണ്.
തോട്ടിൽ കൂടി വരുന്ന വെള്ളം വരട്ടാറിലെത്തണമെങ്കിൽ കര കവിയണം.
റോഡിന്റെ അടിയിൽ ഉണ്ടായിരുന്ന കലുങ്ക് നികന്നതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇതോടെയാണു കലുങ്ക് നികന്നതിന്റെ ബുദ്ധിമുട്ട് നാട്ടുകാർക്ക് മനസിലായത്.തുടർന്നു പഞ്ചായത്തംഗം പി.എസ്.ശ്രീവല്ലഭൻനായരുടെ ആവശ്യപ്രകാരം പഞ്ചായത്ത് ഇവിടെ പുളിമൂട്ടിൽ പാലം അപകടാവസ്ഥയിലെന്നും ഭാരവാഹനങ്ങളും വലിയ വാഹനങ്ങളും നിരോധിച്ചതായി 8 മാസം മുൻപ് ബോർഡും സ്ഥാപിച്ചു.
വാഹനങ്ങൾ ഓടിവരുമ്പോൾ അടുത്തെത്തുമ്പോൾ മാത്രമാണ് കുഴി കാണാൻ കഴിയുക. മുൻകൂട്ടി കാണുന്നതിനു കുഴിയിൽ വലിയ മരക്കുറ്റിയും നാട്ടുകാർ ഇറക്കിവച്ചിരുന്നു. ദിവസം പതിനെട്ടോളം സ്കൂൾ ബസുകൾ പോകുന്ന വഴിയാണിത്.
ഇതിനു പുറമേ ബസ് സർവീസ് ഇല്ലാത്ത റോഡായതിനാൽ ഒട്ടേറെ ബൈക്കുകളും കാറുകളും ദിവസവും പോകുന്ന വഴിയാണ്.
കലുങ്ക് മാത്രമല്ല രണ്ടു കിലോമീറ്ററോളം വരുന്ന റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്നു സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. വരട്ടാറിൽ നിന്നു തുടങ്ങുന്ന പുളിമൂട്ടിൽതോട് വയത്രപടിയിൽ എത്തി പാടശേഖരത്തിലേക്കാണ് ഒഴുകിയെത്തുന്നത്. വയത്രപടിയിൽ തോട്ടിൽ ഒരു കലുങ്ക് നിർമിച്ചിട്ടുണ്ട്.
വരട്ടാറിൽ നിന്നു മാത്രമല്ല ആറ്റിലേക്കും തോട്ടിൽ നിന്നു വെള്ളം ഒഴുക്കിവിടാൻ കഴിയും. കലുങ്ക് അടഞ്ഞതോടെ തോട്ടിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. ഇത് കൊതുകു വളരുന്നതുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തി നടത്തുമ്പോൾ പുളിമൂട്ടിൽ കലുങ്ക് വീണ്ടും നിർമിച്ച് നീരൊഴുക്കിനും റോഡിന്റെ സുരക്ഷയ്ക്കും അനുയോജ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]