
പോക്സോ കേസിൽ 75 വയസ്സുകാരന് ഇരട്ടജീവപര്യന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ, 75 വയസ്സുള്ള പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും. തണ്ണിത്തോട് കരിമാൻതോട് ആനക്കല്ലിങ്കൽ വീട്ടിൽ ഡാനിയേലിനെയാണു പത്തനംതിട്ട അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. ആറും പത്തും വയസ്സുള്ള പെൺകുട്ടികളെയാണു പീഡിപ്പിച്ചത്. 6 വയസ്സുള്ള കുട്ടി പട്ടികജാതി വിഭാഗമായതിനാൽ അനുബന്ധ വകുപ്പുകളും ചുമത്തി. ഇരട്ട ജീവപര്യന്തം തടവിനു പുറമേ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 33 വർഷം അധിക കഠിനതടവും ആറര ലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടയ്ക്കാതിരുന്നാൽ അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2024 മാർച്ച് 18നാണു സംഭവം. അയൽവാസിയായ 6 വയസ്സുകാരിക്കൊപ്പം തന്റെ വീട്ടിൽ കളികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു 10 വയസ്സുകാരി. ഈ സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചു കയറുകയും കുട്ടികൾ തനിച്ചാണെന്നു മനസ്സിലാക്കുകയും ചെയ്തു. പിന്നീട് 2 കുട്ടികളെയും പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുട്ടികൾ ആരോടും ഇക്കാര്യം പറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസലിങ്ങിൽ 10 വയസ്സുകാരി പീഡന കാര്യം വെളിപ്പെടുത്തുകയായിരുന്നു. തണ്ണിത്തോട് പൊലീസ് പ്രതിക്കെതിരെ 2 കേസുകൾ റജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് കോടതിയിൽ ഹാജരായി. എഎസ്ഐ ഹസീന, സിപിഒ അപർണ എന്നിവർ പ്രോസിക്യൂഷൻ നടപടികളിൽ സഹായികളായി.