
ഈസ്റ്റർ സമ്മാനമായി രണ്ടു വീടുകൾ; സന്തോഷവഴിയൊരുക്കി കർമേൽ മന്ദിരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അയിരൂർ ∙ ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്കും കൂടി നൽകുകയെന്ന ഉദ്ദേശത്തിൽ ഉയിർപ്പിന്റെ ആഴ്ചയിൽ കയറിക്കിടക്കാൻ ഇടം ഇല്ലാത്ത 2 കുടുംബങ്ങൾക്കു വീടൊരുക്കി കർമേൽ മന്ദിരം. വർഷങ്ങളായി വാടകയ്ക്കു താമസിക്കുന്ന കല്ലുപുരയ്ക്കൽ രതീഷ്കുമാരി, ഈറയ്ക്കൽ രജിത ബിജോയി എന്നീ കുടുംബങ്ങൾക്കാണു മാർത്തോമ്മാ സഭയുടെ കീഴിലുള്ള അയിരൂർ കർമേൽ മന്ദിരം വീട് നിർമിച്ചത്. 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
700 ചതുരശ്രയടിയിൽ 2 കിടപ്പ് മുറി, അടുക്കള, ഹാൾ, ശുചിമുറി എന്നിവ സഹിതമാണു വീടൊരുക്കിയത്. നിർധനരായ 2 കുടുംബങ്ങൾക്കു വീട് നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായാണു മന്ദിരത്തിൽ ജോലി ചെയ്യുന്ന വീടില്ലാത്ത കുടുംബത്തിനു തലചായ്ക്കാൻ ഇടം ഒരുക്കി മാതൃക കാണിച്ചത്. 73 വർഷം മുൻപ് അനാഥരെയും ആലംബഹീനരെയും സംരക്ഷിക്കുന്നതിനാണു മാർത്തോമ്മാ സഭ ഈ പ്രസ്ഥാനം ആരംഭിച്ചത്.
വീടിന്റെ നിർമാണത്തിനു തുടക്കം കുറച്ചപ്പോൾ തന്നെ ഇതിന് ആവശ്യമായ 15 ലക്ഷം രുപ അമേരിക്കയിൽ താമസിക്കുന്ന കോട്ടയ്ക്കൽ മറിയാമ്മ ലൂക്കോസ് നൽകി. കർമേൽ മന്ദിരത്തിൽ ജോലി ചെയ്യുന്ന വീടില്ലാത്തവർക്കു വീട് നിർമിച്ചു നൽകാൻ തുടർന്നുമുള്ള തയാറെടുപ്പിലാണെന്നു അഡ്മിനിസ്ട്രേറ്റർ റവ. തോമസ് പി. ചാണ്ടിയും ഭവന നിർമാണ കൺവീനറും മന്ദിരം സൂപ്രണ്ടുമായ സാംകുട്ടി അയ്യക്കാവിൽ എന്നിവർ പറഞ്ഞു.