തിരുവല്ല ∙ കടപ്ര പഞ്ചായത്ത് ഉപദേശിക്കടവിൽ പാലം യാഥാർഥ്യമായി. എന്നാൽ വാഹന യാത്രക്കാർക്ക് പാലത്തിന്റെ പ്രയോജനം പൂർണമായും ലഭിക്കുന്നില്ല.
ഒന്നര കിലോമീറ്ററോളം അപ്രോച്ച് റോഡ് മാസങ്ങളായി തകർന്നു കിടക്കുകയാണ്. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെയുള്ള ഉപദേശിക്കടവ് പാലമാണ് പൂർത്തിയായത്.
പാലത്തിന് അനുബന്ധമായുള്ള ഉപദേശിക്കടവ്-തിക്കപ്പുഴ റോഡാണ് ഗതാഗതയോഗ്യമാക്കേണ്ടത്.
പാലത്തിന്റെ മറുകരയിൽ വളഞ്ഞവട്ടം ഭാഗത്തെ അനുബന്ധ റോഡ് നിർമാണം പൂർത്തിയായി. പരുമല ഭാഗത്ത് ഉപദേശിക്കടവ് പാലം മുതൽ സമീപത്തെ സ്വകാര്യ സ്കൂൾ വരെയുള്ള ഭാഗവും പൂർത്തിയായി.
ഈ ഭാഗത്ത് 8 മീറ്റർ വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. സ്കൂൾ മുതൽ തിക്കപ്പുഴ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമാണമാണ് പൂർത്തിയാകാനുള്ളത്.
ഈ ഒന്നര കിലോമീറ്റർ ദൂരം കുണ്ടും കുഴിയുമായതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ഈ ഭാഗത്തെ റോഡ് കൂടി നിർമിച്ചാൽ മാത്രമേ കോടികൾ മുടക്കി നിർമിച്ച പാലം പ്രയോജനകരമാകൂ.
13 സ്പാനുകളിൽ ഫ്ലൈഓവർ മോഡലിലാണ് പാലം നിർമിച്ചത്.
വളഞ്ഞവട്ടം ഭാഗത്ത് 7 സ്പാനുകളും നദിയിൽ 3 സ്പാനുകളും പരുമല ഭാഗത്ത് 3 സ്പാനുകളുമാണുള്ളത്. പാലവും സമീപനപാതയും ഉൾപ്പെടെ 810 മീറ്ററാണ് ദൂരം.
ഇതിൽ പാലം മാത്രം 206 മീറ്റർ വരും.
റോഡ് നവീകരണത്തിന് പദ്ധതി തയാർ
ഉപദേശിക്കടവിൽ നിന്നു തിക്കപ്പുഴയിലേക്കുള്ള ഒന്നര കിലോമീറ്റർ റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തിൽ ടാറിങ് നടത്താനുള്ള പദ്ധതി തയാറാണ്. 10 കോടി രൂപയാണ് ചെലവ്.
റോഡിന് ആവശ്യമായ സ്ഥലം ഉടമകൾ സൗജന്യമായി വിട്ടുനൽകണം. ഇതിനു പകരമായി പൊളിക്കേണ്ടിവരുന്ന മതിലുകൾക്കു പകരം മതിൽ നിർമിച്ചു നൽകാനും വ്യവസ്ഥയുണ്ട്.
ഭൂമി വിട്ടുനൽകുന്ന മതിൽ ഇല്ലാത്ത വീടുകളിൽ അതിർത്തി തിരിച്ച് കല്ലുകെട്ടിയും നൽകണം.
ആദ്യഘട്ടം എന്ന രീതിയിൽ 240 മീറ്റർ റോഡ് 8 മീറ്റർ വീതിയിൽ നിർമാണം നടത്തും. എന്നാൽ മതിൽ കെട്ടിനൽകുന്നതിലടക്കം പ്രദേശവാസികളിൽ ചിലർക്ക് ആശങ്കകളുണ്ട്.
കോടതിയിൽ നിന്നു സ്റ്റേയുള്ളതിനാലാണ് നിർമാണം വൈകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റോഡ് നിർമാണം കൂടി പൂർത്തിയാകുന്നതോടെ പരുമല പള്ളി, പനയന്നാർക്കാവ് ക്ഷേത്രം, പരുമല ആശുപത്രി, പമ്പാ കോളജ് എന്നിവിടങ്ങളിലേക്ക് തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മാന്നാർ ടൗണിലെ കുരുക്കിൽപെടാതെ എത്താൻ കഴിയും.
കടപ്ര പഞ്ചായത്തിനെ രണ്ടു കരകളായി വിഭജിക്കുന്ന പമ്പയാറ് കടക്കാൻ പന്നായി പാലം വഴി ആലപ്പുഴ ജില്ലയിലെത്തി വേണമായിരുന്നു പോകേണ്ടിയിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

