കുളനട ∙ ഒൻപതു വർഷം മുൻപ് ജനകീയ ദൗത്യത്തിലൂടെ മാലിന്യക്കൂന നീക്കി, വഴിയോരവിശ്രമകേന്ദ്രവും പാർക്കും പൂന്തോട്ടവും സ്ഥാപിച്ച കുപ്പണ്ണൂർ വീണ്ടും മാലിന്യത്തിനു വഴിമാറുന്നു.
പ്ലാസ്റ്റിക് അടക്കം മാലിന്യങ്ങൾ ഇവിടെ തള്ളുന്നത് പതിവായി. പഞ്ചായത്ത് ഇവിടെ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നതു മൂലം പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ ചിതറിക്കിടക്കുന്നു.
സംരക്ഷണമില്ലാത്തതിനാൽ കുട്ടികളുടെ റൈഡുകളെല്ലാം തുരുമ്പെടുത്തനിലയിലായി.
ഇരിപ്പിടങ്ങൾക്കും കേടുപാടുണ്ട്. വിശ്രമകേന്ദ്രം വീണ്ടെടുക്കുന്നതിൽ പുതിയ പഞ്ചായത്ത് ഭരണസമിതിയിലാണ് ഇനി പ്രദേശവാസികളുടെ പ്രതീക്ഷ.
എംസി റോഡിൽ കുളനടയ്ക്കും മാന്തുകയ്ക്കുമിടയിൽ കുപ്പണ്ണൂർ ചാലിന്റെ കരഭാഗമായ ഇവിടെ വർഷങ്ങളായി തള്ളിയ മാലിന്യം നീക്കിയത് 2016ലാണ്. മാംസാവശിഷ്ടങ്ങളും ശുചിമുറി മാലിന്യവും തള്ളിയതു മൂലം കടുത്ത ദുർഗന്ധവും വ്യാപിച്ചതോടെയാണ്, അന്നത്തെ വാർഡ് അംഗം കെ.ആർ.ജയചന്ദ്രന്റെ നേതൃത്വത്തിൽ ജനകീയദൗത്യത്തിലൂടെ മാലിന്യം നീക്കിയത്.
പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും കുടുംബശ്രീയും കൈകോർത്തായിരുന്നു ദൗത്യം.
2017ൽ ഇവിടെ വഴിയോരവിശ്രമകേന്ദ്രവും തുറന്നു. 2020ൽ എംസി റോഡ് നവീകരണ ജോലികൾക്കായി റൈഡുകൾ താൽക്കാലികമായി മാറ്റി.
3 വർഷം മുൻപു റോഡ് നിർമാണം പൂർത്തിയാക്കിയെങ്കിലും വിശ്രമകേന്ദ്രം പുനഃസ്ഥാപിച്ചില്ല.
സ്പോൺസർമാരുടെ സഹായത്തോടെ സ്ഥാപിച്ച റൈഡുകളും ഉപയോഗശൂന്യമായി. നൂറുകണക്കിനാളുകൾ സമയം ചെലവഴിക്കാനെത്തിയ ഇവിടം ഇപ്പോൾ അനാഥമാണ്.
കരിയില മൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. വലിയ തുക ചെലവഴിച്ചു സ്ഥാപിച്ച റൈഡുകൾ പരിചരണമില്ലാതെ നശിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

