ശബരിമല∙ കാക്കിക്കുള്ളിലെ ഗായകൻ മുഹമ്മദ് റാഫിയുടെ പാട്ടുകൾ 9000 വേദികൾ പിന്നിട്ടു. ഇന്നലെ അയ്യപ്പ സന്നിധിയിൽ നടത്തിയ ഗാനാർച്ചന റാഫിയുടെ 9001–ാം വേദിയായി.പൊലീസ് എസ്ഐയാണ് മുഹമ്മദ് റാഫി.
എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലീസ് ഗാനമേള ട്രൂപ്പിന്റെ കോഓർഡിനേറ്ററും. തോക്കും ലാത്തിയുമില്ലാതെ എത്രവലിയ ആൾക്കൂട്ടത്തെയും പാട്ടിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന ശബ്ദ മാധുര്യമാണു റാഫിയെ വ്യത്യസ്തനാക്കിയത്.
ജീൻസും ഷർട്ടും അണിഞ്ഞ് അലക്ഷ്യമായി മുന്നിലേക്കിട്ട
നിറംപിടിപ്പിച്ച മുടിയുമായി സന്നിധാനം നടപ്പന്തലിലെ സ്റ്റേജിൽ എത്തി മൈക്ക് കയ്യിലെടുത്തു. വീരമണി ആലപിച്ച ‘‘പള്ളിക്കെട്ട്..
ശബരിമലയ്ക്ക്’’ എന്ന ഗാനം ആലപിച്ചു തുടങ്ങി. അതോടെ ശരണം വിളിച്ചു നീങ്ങിയ അയ്യപ്പന്മാർ പാട്ടുതീരും വരെ അവിടെ നിന്നു.
പിന്നെ നിറഞ്ഞ കയ്യടി. ആദ്യത്തെ പാട്ടിലൂടെ തന്നെ തീർഥാടകരുടെ മനം കവർന്നു.
പിന്നെ ഓരോ പാട്ടുപാടി കഴിയുമ്പോഴും ശരണം വിളിയോടെയാണു തീർഥാടകർ അത് ഹൃദയത്തിൽ ഏറ്റുവാങ്ങിയത്.
കാക്കി അണിയും മുൻപ് റാഫി ഗായകനായിരുന്നു. തിരുവനന്തപുരം സപ്തസ്വര ഓർക്കസ്ട്രയിലെ ഹിന്ദി ഗായകനായിരുന്നു.
പൊലീസിൽ എത്തിയ ശേഷം സംഗീത പരിപാടികൾക്കായി ഡിജിപിയുടെ പ്രത്യേക അനുമതി ലഭിച്ചു. അതോടെ പകൽ പൊലീസിലെ ജോലിയും രാത്രി ഉത്സവപ്പറമ്പുകളിലുമായി 35 വർഷമായി റാഫിയുടെ ജൈത്രയാത്ര തുടരുകയാണ്.ദക്ഷിണേന്ത്യയിലെ മിക്കവാറും ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഗാനമേളയിൽ പാടാനായി അദ്ദേഹം എത്തിയിട്ടുണ്ട്.
പൊലീസിന്റെ സമൂഹമാധ്യമ പേജുകളിലെ കൂടുതൽ പാട്ടുകളും റാഫിയുടേതാണ്.
സ്ത്രീപീഡനം, ലഹരി എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ പരിപാടികളുമായുള്ള ‘മെഗാ ഷോ’യിലെ നിറ സാന്നിധ്യമാണ്. കോവിഡ്കാലത്ത് എഡിജിപി എസ്.
ശ്രീജിത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ പൊലീസ് ഓർക്കസ്ട്ര വലിയ വിജയമാക്കിയതിനു പിന്നിലും റാഫിയുടെ പാട്ടുകൾ വലിയ കാരണമായി. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ളവർ വരെ നൽകുന്ന വലിയ പിന്തുണയാണ് നേട്ടങ്ങൾക്കു കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
20223ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. സജില ബീവിയാണു ഭാര്യ.
മക്കൾ: ആദിൽ മുഹമ്മദ്, ആദം മുഹമ്മദ്, അർഷിദ. സന്നിധാനത്ത് റാഫിയോടൊപ്പം ഗാനങ്ങൾ ആലപിക്കാൻ കിഴക്കേ കല്ലട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൃഷ്ണകുമാറും ഉണ്ടായിരുന്നു.
സന്നിധാനത്തെ സംഗീത സാന്ദ്രമാക്കി ഭക്തിഗാനസുധ
ശബരിമല ∙ സംഗീത സംവിധായകൻ വൈക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഭക്തിഗാനസുധ സന്നിധാനത്തെ സംഗീത സാന്ദ്രമാക്കി. ഋതുൽ മോഹൻ, ബാലമുരളി നെടുംപുറം, എൻ.
എസ്. ശ്രീകാന്ത് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.
ഓമനക്കുട്ടൻ പാണാവള്ളി, രഞ്ജിത്ത് ഗാന്ധർവ്, ഉമേഷ് സുധാകർ ജഗദീഷ് കുമാർ, സുകേഷ് കെ ദിവാകർ എന്നിവരായിരുന്നു ഓർക്കസ്ട്ര. ഇത് അഞ്ചാം വർഷമാണ് ഗാന്ധർവ് മ്യൂസിക് സന്നിധാനത്ത് ഭക്തിഗാന സുധാ അവതരിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

