തിരുവല്ല ∙ നഗരത്തിലെ 2 പ്രധാന റോഡുകളിൽ യാത്രാവിലക്ക്. തിരുവല്ല – കുമ്പഴ, തിരുവല്ല – മല്ലപ്പള്ളി റോഡുകളിലാണ് നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ട് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
5 ദിവസത്തേക്കാണ് നിരോധനം. തിരുവല്ല – മല്ലപ്പള്ളി റോഡിൽ ദീപ ജംക്ഷൻ മുതൽ അഞ്ചര കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണി ഇന്നു തുടങ്ങും.
ഇതോടെ രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ അനുബന്ധപാതകളിലൂടെ യാത്ര പോകണം.
തിരുവല്ല – കുമ്പഴ റോഡിൽ രാത്രിയാത്രയ്ക്കാണ് നിയന്ത്രണം.
ഇവിടെ എസ്സി കവല മുതൽ വള്ളംകുളം പാലം വരെയാണ് റോഡിന്റെ ഉപരിതല ടാറിങ് നടത്തുന്നത്. തിങ്കൾ രാത്രി തുടങ്ങിയ ടാറിങ് എസ്സി കവല മുതൽ തീപ്പനി റെയിൽവേ മേൽപാലം വരെ ഒരു വശത്തു പൂർത്തിയായി.
ഇന്നലെ രാത്രി ഇവിടെ ബാക്കി പകുതി ഭാഗത്തെ ടാറിങ് പൂർത്തിയാക്കും. രാത്രി 10 മണിയോടെ തുടങ്ങുന്ന ടാറിങ് പുലർച്ചെ വരെ നീണ്ടു നിൽക്കും.
മഴയാണെങ്കിൽ മാത്രം ടാറിങ് മാറ്റിവയ്ക്കും.
ടികെ റോഡിലെ ടാറിങ്ങിനു ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ പലപ്പോഴും തടസ്സമുണ്ടാക്കുന്നതായി പരാതിയുണ്ട്. കറ്റോട് പാലത്തിനു സമീപത്തെ പൈപ്പ് പൊട്ടൽ അറിയിച്ച് 3 ദിവസം കഴിഞ്ഞാണ് ശരിയാക്കിയത്.
ഇവിടെ വീടുകളിലേക്കുള്ള കണക്ഷൻ പൈപ്പാണ് പൊട്ടിയതെന്നും അത് ശരിയാക്കേണ്ടത് വീട്ടുകാരുടെ ഉത്തരവാദിത്തമാണെന്നുമാണ് ജല അതോറിറ്റിയുടെ നിലപാട്. എന്നാൽ പിന്നീട് വെള്ളം പമ്പു ചെയ്തു നടത്തിയ പരിശോധനയിലാണ് കറ്റോട് പൊട്ടിയത് മെയിൻ പമ്പിങ് ലൈനാണെന്നു കണ്ടെത്തിയത്.
തിങ്കൾ രാത്രി തുടങ്ങിയ പൈപ്പ് മാറ്റിയിടൽ ചൊവ്വ പുലർച്ചെയാണ് തീർന്നത്.
അതുവരെ ടാറിങ് മാറ്റിവയ്ക്കേണ്ടി വന്നു. ടാറിങ് നടത്തുന്ന ഭാരവാഹനങ്ങൾ കയറുന്നതു മൂലമാണ് വീട്ടു കണക്ഷന്റെ ചെറിയ പൈപ്പുകൾ പൊട്ടുന്നതെന്നാണു ജല അതോറിറ്റിയുടെ നിലപാട്.
എന്നാൽ ഒരു മീറ്ററെങ്കിലും താഴ്ത്തിയിടേണ്ട പൈപ്പുകൾ ഒരടി പോലും താഴ്ത്തിയല്ല ഇട്ടിരിക്കുന്നതെന്നും ഇതാണ് പൈപ്പ് തുടരെ പൊട്ടാൻ കാരണമെന്നുമാണ് റോഡ് കരാറുകാരുടെ നിലപാട്.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായ ടികെ റോഡിന്റെ പുനരുദ്ധാരണ നിർമാണത്തിൽ പൊതുമരാമത്തും ജല അതോറിറ്റിയും തമ്മിലുള്ള ധാരണാക്കുറവ് കാരണം പണികൾക്ക് കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.
അതോടൊപ്പം ഇടയ്ക്കിടെ പെയ്യുന്ന മഴയും നിർമാണത്തെ ബാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]