
റോഡ് നന്നായിത്തന്നെ തകർന്നിട്ടുണ്ട്; ഇനിയെങ്കിലും കണ്ണ് തുറക്കണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആനിക്കാട് ∙ടാറിങ്ങിളകി റോഡ് തകർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡ് യാത്രക്കാരെ അപകടക്കെണിയിലാക്കുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മല്ലപ്പള്ളി പാതിക്കാട്–കവളിമാവ് റോഡാണു ശാപമോക്ഷമില്ലാതെ കിടക്കുന്നത്. 3 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് വർഷങ്ങളായി തകർച്ചയിലാണ്.പാതിക്കാട് മുതൽ പെരുമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ മാർ ഗ്രിഗോറിയോസ് കുരിശടി വരെയുള്ള ഭാഗങ്ങളിൽ തകർച്ച രൂക്ഷമാണ്.
താഴ്ചയുള്ളതും വിസ്തൃതിയിലുമുള്ള കുഴികൾ ഏറെയാണ്.കവളിമാവിനു സമീപവും തകർച്ചയുടെ പാതയിലാണ്.പെരുമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, കുന്നിരിക്കൽ തിരുക്കുടുംബം മലങ്കര കത്തോലിക്കാ പള്ളി,സെന്റ് ഗ്രിഗോറിയോസ് ദയറ ആശ്രമം, അന്തോണിയോസ് ദയറ എന്നിവിടങ്ങളിലേക്കു എത്തുന്നതിനുള്ള ഏക മാർഗമാണ് റോഡ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും ആശ്രയിക്കുന്ന പാതയാണിത്.സ്കൂൾ ബസുകളും ഇരുചക്ര–മുച്ചക്ര വാഹനങ്ങളും യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടുന്നു.
3 സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്.മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകുമെന്നതിനാൽ വാഹനയാത്ര കൂടുതൽ ക്ലേശകരമാകും.റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കണ്ടെത്താൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.