
കോന്നി ∙ കൊടും കുറ്റവാളികൾക്കു സംരക്ഷണം കിട്ടുന്നെന്നും കൊടി സുനിയെപ്പോലുള്ള പ്രതികൾക്കു ജയിൽ വിശ്രമകേന്ദ്രം പോലെയെന്നും സിപിഐ. പത്തനംതിട്ട
ജില്ലാ സമ്മേളനത്തിലെ കരട് രാഷ്ട്രീയ റിപ്പോർട്ടിലാണു മുഖ്യമന്ത്രിയെയും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ. പൊലീസ് അമിതാധികാരം കാണിക്കുന്നെന്നും എഡിജിപി അജിത് കുമാറിനെ പോലുള്ളവർ മന്ത്രിമാരെപ്പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. തുടർന്നു നടന്ന ചർച്ചയിൽ നിലവിലെ സിപിഐ സംസ്ഥാന നേതൃത്വത്തിന് പഴയ നേതൃത്വത്തിന്റെ ആർജവമില്ലാത്ത അവസ്ഥയെന്നു വിമർശനമുണ്ടായി.
കേരളം ഒന്നാമത് എന്നവകാശപ്പെടുന്നത് വ്യക്തമല്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു.
ആർഎസ്എസിന്റെ രണ്ടാമത്തെ ശത്രുവാണു ക്രൈസ്തവരെന്നും സ്വർണം പൂശിയ കിരീടം കണ്ട് കണ്ണു മഞ്ഞളിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. പങ്കാളിത്ത പെൻഷനും ക്ഷാമബത്ത കുടിശികയും സർക്കാർ ജീവനക്കാരെ സർക്കാരിനെതിരാക്കി. രാഷ്ട്രീയ അതിപ്രസരവും അഴിമതിയും സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കി.
വിലക്കയറ്റം തടയാനുൾപ്പെടെ പണമില്ലാത്തത് വകുപ്പുകളുടെ പ്രവർത്തനത്തിനു തടസ്സമാകുന്നെന്നും റിപ്പോർട്ടിലുണ്ട്.
മൃഗസംരക്ഷണ വകുപ്പ് പ്രവർത്തനം തൃപ്തികരമല്ലെന്നും വിമർശനമുണ്ടായി. ആരോഗ്യ മേഖലയിൽ അധികാര സ്ഥാനത്തിരിക്കുന്നവർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതി വലിയ വിമർശനം വിളിച്ചു വരുത്തുന്നുണ്ട്. കാപ്പ – പോക്സോ കേസ് പ്രതികൾക്കു രാഷ്ട്രീയ സ്വീകരണം നൽകുന്നതു തെറ്റായ സന്ദേശമാണ്.
വിവിധ സർക്കാർ വകുപ്പുകളിൽ കുടുംബശ്രീ അംഗങ്ങളെ തിരുകിക്കയറ്റുന്നെന്നും സിപിഐ രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നു. താൽക്കാലിക നിയമനങ്ങളിൽ പോലും അഴിമതിയും സ്വജന പക്ഷപാതവും സാമ്പത്തികക്രമക്കേടുകളുമുണ്ട്.
കെട്ടിട
നിർമാണ പെർമിറ്റ് ഫീസ്, റജിസ്ട്രേഷൻ ഫീസുകൾ എന്നിവ വർധിപ്പിച്ച തീരുമാനങ്ങൾ ജനത്തിനു മേൽ അധികഭാരം അടിച്ചേൽപിച്ചു. പിഎസ്സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചത് വിമർശനത്തിനിടയാക്കി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ, വിദേശ സർവകലാശാലകളെ കൊണ്ടു വരുന്നത് എൽഡിഎഫ് നയമാണോയെന്ന് പരിശോധിക്കണം. ക്യാംപസുകളിലെ സംഘടനാ പ്രവർത്തനം ജനാധിപത്യ മര്യാദകൾക്കു ചേരാത്ത വിധത്തിലാണ്. റാഗിങ് വ്യാപകമായി.
ചില സംഘടനകൾക്കു ലഭിക്കുന്ന രാഷ്ട്രീയ ഭരണ സംരക്ഷണമാണ് ഇതിന്റെ മൂലകാരണം.
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഫെഡറൽ സംവിധാനങ്ങളോട് പുച്ഛമാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ജില്ലാ സമ്മേളനം ഇന്നു സമാപിക്കും.
സാംസ്കാരിക മേഖലയിൽ ചട്ടപ്പടി പ്രവർത്തനം പോരാ
സിനിമ മേഖല കയ്യടക്കി വച്ചിരിക്കുന്നത് അധോലോക രാജക്കന്മാരും കള്ളപ്പണക്കാരും അവരുടെ കാര്യസ്ഥരും.
അതിന്റെ തിന്മകൾ ഈ മേഖലയിൽ കാണാനുണ്ട്. ഹേമ കമ്മിഷൻ റിപ്പോർട്ട് ലക്ഷ്യം കണ്ടില്ല.
പിന്തിരിപ്പൻ ആശയങ്ങളും കേരള വിരുദ്ധതയും പ്രചരിക്കാതിരിക്കാൻ ഇടതുപക്ഷം കൂടുതൽ ഇടപെടണം. സാധാരണക്കാരെ ആരാധനയിലേക്കും അന്ധവിശ്വാസത്തിലേക്കും അടുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
സാംസ്കാരിക മേഖലയിൽ ചട്ടപ്പടി പ്രവർത്തനം പോരായെന്നും വിലയിരുത്തലുണ്ട്.
തിരഞ്ഞെടുപ്പ് തോൽവി
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 4 സീറ്റിലും പരാജയപ്പെട്ടതിൽ തൃശൂരിലെ പരാജയം വലിയ വിമർശനത്തിനിടയാക്കിയെന്ന് സിപിഐ തന്നെ സമ്മതിക്കുന്നു. എന്നാൽ തോൽവിയുടെ കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.
പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെടാൻ കാരണം സിപിഎമ്മിന്റെ സംഘടനാ വീഴ്ചകളും ഏകോപനത്തിലെ പോരായ്മകളുമാണെന്നും വിമർശനമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]