
റാന്നി ∙ യാത്രക്കാർക്കു പ്രയോജനപ്പെടാത്ത സ്ഥലത്ത് ബസ് ടെർമിനൽ നിർമിക്കണമെന്ന പഞ്ചായത്തിന്റെ പിടിവാശി മൂലം സ്ഥലം അളന്നു തിരിക്കാതെ എംഎൽഎ മടങ്ങി. എംഎൽഎ ഫണ്ടിൽ ഇട്ടിയപ്പാറയിൽ നിർമിക്കാൻ ലക്ഷ്യമിട്ട
ബസ് ടെർമിനലിനു വീണ്ടും അനിശ്ചിതത്വം. വിവാദങ്ങൾക്കൊടുവിൽ ബസ് ടെർമിനൽ നിർമിക്കുന്നതിന് പഴവങ്ങാടി പഞ്ചായത്ത് 25 സെന്റ് സ്ഥലം അനുവദിച്ചിരുന്നു.
പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ജില്ല കലക്ടർക്കും പ്രമോദ് നാരായൺ എംഎൽഎക്കും കൈമാറിയിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ രാവിലെ 11ന് സ്ഥലം അളന്നു കുറ്റിയിടാൻ ജില്ലാ കലക്ടർ നിർദേശിച്ചത്.
നിശ്ചിത സമയത്തു തന്നെ റവന്യു ജീവനക്കാരെത്തിയിരുന്നു.
എംഎൽഎ എത്തിയ ശേഷമാണ് പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശിയും അസിസ്റ്റന്റ് സെക്രട്ടറിയുമെത്തിയത്. നിശ്ചിത സമയത്ത് എത്താതിരുന്ന ഉദ്യോഗസ്ഥനെ എംഎൽഎ ശകാരിച്ചു.
ജില്ലാ കലക്ടറുടെ ഉത്തരവ് ഉദ്യോഗസ്ഥൻ പാലിച്ചില്ലെന്നായിരുന്നു എംഎൽഎയുടെ ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ഇതിനെ എതിർത്തു. തുടർന്നാണ് സ്ഥലം കാട്ടിക്കൊടുക്കാൻ എംഎൽഎ പഞ്ചായത്ത് പ്രസിഡന്റിനോടു നിർദേശിച്ചത്.
നിലവിൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന യാഡിൽ ശബരിമല ഇടത്താവളത്തിനു സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ അതിരിലുള്ള ചെളിക്കുഴിയാണ് ഇതിനായി ചൂണ്ടിക്കാട്ടിയത്.
നീരൊഴുക്കുള്ള സ്ഥലമാണിത്. സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്കു ഒരു പോലെ പ്രയോജനപ്പെടുന്ന വിധത്തിൽ രണ്ടിന്റെയും മധ്യത്തിൽ സ്ഥലം അനുവദിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.
പഞ്ചായത്ത് കമ്മിറ്റി തീരുമാനമാണ് താൻ അറിയിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിനെ പ്രതിപക്ഷ അംഗങ്ങൾ എതിർത്തു.
പഞ്ചായത്ത് കമ്മിറ്റിയിൽ സർവേ നമ്പർ മാത്രമാണു പറഞ്ഞതെന്നും പിന്നീട് മിനിറ്റ്സിൽ ഇത്തരത്തിൽ എഴുതി ചേർക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ഭരണപക്ഷ അംഗങ്ങൾ ഇതിനെ എതിർത്തു.
പഞ്ചായത്തംഗം ബിജി വർഗീസ് എംഎൽഎയുടെ നിലപാടിനെ ചോദ്യം ചെയ്തപ്പോൾ എൽഡിഎഫ് പ്രവർത്തകരും ഇടപെട്ടു.
ഇതോടെ വാക്കേറ്റം കനത്തു. എംഎൽഎ ഫണ്ടിൽ 3 കോടി രൂപയാണ് ബസ് ടെർമിനലിന്റെ നിർമാണത്തിന് അനുവദിച്ചതെന്നും അതു പാഴാകാതെ പ്രയോജനപ്പെടുത്തേണ്ട
ഉത്തരവാദിത്തം തനിക്കുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ബസ് സ്റ്റാൻഡിൽ കടകളിരിക്കുന്ന സ്ഥലം ടെർമിനലിന് നൽകാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കിയപ്പോൾ ഇനി ചർച്ച നടത്തിയിട്ടും നിന്നിട്ടും കാര്യമില്ലെന്നു പറഞ്ഞ് എംഎൽഎ രോഷാകുലനായി മടങ്ങുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എംഎൽഎയെ ആക്ഷേപിച്ചെന്നാരോപിച്ചും പഞ്ചായത്തിന്റെ നിലപാടിനെ എതിർത്തും തുടർന്ന് എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
ബസ് ടെർമിനൽ: എൽഡിഎഫ് മാർച്ച്, ഉപരോധം
ഇട്ടിയപ്പാറ ∙ ബസ് ടെർമിനൽ നിർമിക്കുന്നതിന് എംഎൽഎ ഫണ്ട് അനുവദിച്ചിട്ടും പദ്ധതി പഴവങ്ങാടി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അട്ടിമറിക്കുന്നെന്നാരോപിച്ച് എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ചും ഉപരോധവും നടത്തി.സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് എൻ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. അനു ടി.സാമുവൽ, സുരേഷ് അമ്പാട്ട്, ഷൈനി രാജീവ്, ബിനിറ്റ് മാത്യു.
എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]