
മൈലപ്ര– വല്യയന്തി– കടമ്മനിട്ട റോഡിലെ കുഴികൾ നടുവൊടിക്കും; ടാർ ചെയ്തിട്ട് വർഷങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ നടുവൊടിക്കുന്ന കുഴികളാണു മൈലപ്ര– വല്യയന്തി– കടമ്മനിട്ട റോഡിൽ. ടാറിങ് ഇളകി കുണ്ടും കുഴിയുമായി കിടക്കുന്നതിനാൽ പലഭാഗത്തും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ. മൈലപ്ര ജംക്ഷൻ മുതൽ കാക്കാംതുണ്ട് വരെയുള്ള ഭാഗമാണ് ഏറ്റവും മോശം. ഇവിടെ കുഴി അല്ലാതെ ഒന്നുമില്ല. അതിനാൽ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് ഇരുചക്രവാഹനക്കാരാണ്.
ഒരു കുഴിയിൽ ചാടാതെ വെട്ടിച്ചാൽ അടുത്തതിൽ അകപ്പെടും. മൈലപ്ര സർവീസ് സഹകരണ ബാങ്ക് പടിയിലെ കുഴി ചപ്പാത്തു പോലെയായി. അവിടെ ഇറങ്ങി കയറി വേണം പോകാൻ. ജംക്ഷനിൽ നിന്നു വേഗത്തിൽ വിട്ടുവരുന്ന വണ്ടികൾ തൊട്ടടുത്ത് എത്തുമ്പോഴാണ് കുഴി ശ്രദ്ധയിൽപെടുന്നത്. ഇതിൽ അകപ്പെട്ട് ഇരുചക്രവാഹനക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്.
എസ്എച്ച് സ്കൂളിനു സമീപത്തെ പാലം മുതൽ കാക്കാംതുണ്ട് വരെ എണ്ണാൻ കഴിയാത്ത വിധത്തിൽ കുഴികളാണ്. കൈരളീപുരം റോഡ് വന്ന് ചേരുന്ന ഭാഗം മുതൽ എംഎസ്സി എൽപി സ്കൂൾ വരെയുള്ള ഭാഗം പൂർണമായും തകർന്നു കിടക്കുന്നു. ഒരുവിധത്തിലും ഇവിടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. മൈലപ്ര– വല്യയന്തി– കടമ്മനിട്ട റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി.
ഈ റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതായി നേരത്തെ രണ്ട് തവണ എംഎൽഎയുടെ പ്രസ്താവന വന്നതാണ്. പക്ഷേ ടാറിങ് നടന്നിട്ടില്ല. അവഗണനയുടെ പടുകഴിയിലാണ്. അതിനാൽ നാട്ടുകാരും നിരാശയിലാണ്.