പത്തനംതിട്ട ∙ 76 വർഷം മുൻപു പുതുവർഷ പുലരിയെ നടുക്കിയ ശൂരനാട് സംഭവത്തിൽ മരിച്ച പൊലീസ് ഇൻസ്പെക്ടർ പി.ജെ.മാത്യുവിന്റെ മകൾ മേരി ചാക്കോയും ഇനി ചരിത്രത്തിന്റെ കനലിലെ കെടാത്ത ഓർമ.
1949– ലെ വർഷാന്ത്യ രാവിലായിരുന്നു അക്രമം. സംഭവം നടക്കുമ്പോൾ മകൾ മേരിക്ക് 12 വയസ്സ്.
കഴിഞ്ഞ ദിവസം 88–ാം വയസ്സിൽ മേരി വിടപറഞ്ഞു. ജനുവരിക്ക് നഷ്ടമാകുന്നത് സംഭവവുമായി ബന്ധപ്പെട്ട
അപ്രിയ സത്യങ്ങളിലേക്കുള്ള ഒരു കിളിവാതിൽ കൂടിയാണ്.
ശൂരനാട്ടെ സർക്കാർ കുളത്തിലും ചാലിലും മീൻ പിടിക്കാനുള്ള അവകാശം നാട്ടുകാരനായ വേലുപ്പിള്ളയ്ക്ക് സർക്കാർ ലേലം ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരം അക്രമമായി മാറി.
അന്ന് ഹരിപ്പാട് പള്ളിപ്പാട് മുട്ടം കളപ്പുരയ്ക്കലെ വീട്ടുമുറ്റത്തു വന്നു നിന്ന പൊലീസ് വാനിൽനിന്ന് പിതാവിന്റെ മൃതദേഹം പുറത്തേക്കിറക്കുമ്പോൾ പകച്ചുപോയ കുടുംബം തകരാതെ നിന്നത് പ്രിയപ്പെട്ടവരുടെ കൈത്താങ്ങലും ദൈവകൃപകൊണ്ടും മാത്രമായിരുന്നു എന്ന് മേരി പറയുമായിരുന്നു.
51 വർഷം വിധവയായി ജീവിച്ച മാതാവ് കോഴഞ്ചേരി കിടങ്ങാലിൽ കുടുംബാംഗം തങ്കമ്മ 2001 ജൂൺ 16ന് മരിക്കുന്നതു വരെയും സംഭവത്തെപ്പറ്റി വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയില്ല. മേരി ഉൾപ്പെടെ മറ്റു മക്കളും സത്യത്തോടു ചേർന്നു നിന്നു കുലീനമായ മൗനം പാലിച്ചു.
മകൻ തോമസ് മാത്യുവിന്റെ താൽപര്യ പ്രകാരം ഈയിടെ മുട്ടത്തെ വീട് പിതാവിന്റെ സ്മാരകമാക്കി മാറ്റാൻ മക്കൾ തീരുമാനിച്ചു. പാലുകാച്ചലിന് ബന്ധുക്കൾ കാത്തിരുന്നത് മേരിയെ ആയിരുന്നു.
ക്ഷീണം കാരണം പോകാനോ പിതൃസ്മരണ പുതുക്കാനോ ആയില്ല.
1949 ഡിസംബർ 31 നു രാത്രി 41–ാം വയസ്സിൽ ജീവൻ വെടിഞ്ഞ മാത്യുവിന്റെ സംസ്കാരം ജനുവരി 1 ന് മുട്ടം മാർത്തോമ്മാ പള്ളിയിൽ ഓദ്യോഗിക ബഹുമതികളോടെയായിരുന്നു. മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണപിള്ളയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും പള്ളിയിലെത്തിയതും മേരിയുടെ ഓർമയിലെ വാടാത്ത സ്മരണയായിരുന്നു.
കല്ലൂപ്പാറ പുതുശേരി കൈതയിൽ തെക്കൻനാട്ടിൽ പരേതനായ ടി. എ.
ചാക്കോയുമായുള്ള മേരിയുടെ വിവാഹവും ജനുവരി ഒന്നിനായിരുന്നു; 1962–ൽ.
1996 ഡിസംബറിൽ ശൂരനാട് കൊലപാതകത്തിലെ പ്രതികളിലൊരാളായ പേരൂർ മാധവൻപിള്ള അന്തരിച്ചപ്പോഴാണ് ഇവരിൽ ഒരാളുടെ ചിത്രം ആദ്യമായി പത്രത്തിലൂടെ മേരി കാണുന്നതുപോലും. ജന്മിത്വത്തിനെതിരെയുള്ള വിപ്ലവ സമരമെന്ന് സംഭവത്തെ പലരും പിൽക്കാലത്ത് വിശേഷിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായ 4 പൊലീസുകാരുടെയും അവരുടെ അനാഥമാക്കപ്പെട്ട
കുടുംബത്തിന്റെയും കഥകൾ പറയാൻ ആരുമില്ലായിരുന്നു എന്നതാണ് ചരിത്രം ഈ കുടുംബത്തോടു കാട്ടിയ അനാദരം.
കമ്യൂണിസ്റ്റ് അനുഭാവിയായ തണ്ടാശേരി രാഘവൻ സംഭവ ശേഷം അടൂർ പൊലീസ് സ്റ്റേഷനിൽ മരിച്ചു. രാഘവൻ ശൂരനാട് കലാപത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷിയായതും ചരിത്രം.
കെ.എം. ജോൺ, കെ.എം.മാമ്മൻ, ജോർജ് മാത്യു, കെ.എം.മാത്യു, കുഞ്ഞുമോൾ, ലില്ലി മാത്യു, തോമസ് മാത്യു, ജേക്കബ് മാത്യു, ലീല മാത്യു എന്നിവരായിരുന്നു മറ്റു മക്കൾ.
ഇതിൽ ആദ്യ 4 പേരും മരിച്ചു. പിതാവിന്റെ മരണത്തിന് 22 വർഷങ്ങൾക്കുശേഷം മകൻ ജേക്കബ് മാത്യു പൊലീസിൽ ചേർന്നു.
ഇപ്പോൾ യുഎസിൽ.
ശൂരനാട് സംഭവ ചരിത്രം എഴുതാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ. ഇതിൽ മേരിയുടെ പിതൃസ്മരണ കേരള രാഷ്ട്രീയത്തിലെ ചുവപ്പുകലരാത്ത അതീജീവന കഥകളുടെ ഇരപക്ഷ വിശദീകരണമായി മാറും.
‘അഴലേറും ജീവിത മരുവിൽ’ ഉൾപ്പെടെ 141ഗാനങ്ങൾ രചിച്ച സുവിശേഷകൻ മുട്ടം ഗീവർഗീസ് , ഇൻസ്പെക്ടർ മാത്യുവിന്റെ സഹോദരനാണ്. മേരി ചാക്കോയുടെ സംസ്കാരം ഇന്ന് 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
തിരുക്കൊച്ചിയിൽ കമ്യൂണിസ്റ്റ് നിരോധനത്തിലേക്ക് നയിച്ച സംഭവം
തിരുക്കൊച്ചി സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടിയെ താൽക്കാലികമായി നിരോധിക്കാൻ വരെ കാരണമായ സംഭവത്തിൽ പുതുപ്പള്ളി രാഘവൻ, തോപ്പിൽ ഭാസി, ശങ്കരനാരായൻ തമ്പി (മുൻ നിയസഭ സ്പീക്കർ) ഉൾപ്പെടെ 26 പേരായിരുന്നു പ്രതിപ്പട്ടികയിൽ.
ഇതിൽ 5 പേർ പിടികിട്ടാപ്പുള്ളികളായിരുന്നു. 1957ൽ ഇഎംഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതികളെ വെറുതേ വിട്ട് ജയിൽ മോചിതരാക്കി.
കുളത്തിൽ മീൻ പിടിക്കാൻ ഒരുസംഘം എത്തിയെന്ന ലേലക്കാരന്റെ പരാതിയിൽ അന്വേഷണം നടത്താനാണ് ഇൻസ്പെക്ടർ പി.ജെ.മാത്യുവും 6 കോൺസ്റ്റബിൾമാരും അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്.
തന്റെ വീട്ടിലെത്തിയശേഷമാണ് ഇൻസ്പെക്ടറും പൊലീസുകാരും സംഭവസ്ഥലത്തേക്ക് പോയതെന്ന് മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. ഇൻസ്പെക്ടറും പൊലീസുകാരും മരിച്ചുവീണ കിഴികിട
വയൽ അന്ന് തെന്നല ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന്റെ വകയായിരുന്നു. അക്രമികൾ കല്ലേറ് തുടങ്ങിയതോടെ ഉദ്യോഗസ്ഥർ രണ്ടു സംഘമായി പിരിഞ്ഞുവെന്നാണ് അന്ന് കേട്ടത്.
പോകുംവഴി അക്രമകാരികളിൽ ഒരാൾ ഇൻസ്പെക്ടർ മാത്യുവിനെ കുത്തി.
കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരായ വാസുദേവൻപിള്ള, കുഞ്ഞുപിള്ള ആചാരി, ഡാനിയേൽ എന്നിവരെയും ക്രൂരമായി വെട്ടിവീഴ്ത്തി. ഇൻസ്പെക്ടർ മാത്യുവും വാസുദേവൻപിള്ളയും കുഞ്ഞുപിള്ള ആചാരിയും സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഡാനിയേലിനെ മൃതപ്രായനായി ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. (പ്രോസിക്യൂഷൻ ചാർജ് ചെയ്തിരുന്നതിൽനിന്ന്).
സസ്പെൻഷനിലായിരുന്ന ഇൻസ്പെക്ടർ ഭാസ്ക്കരപ്പണിക്കരെ ഉടൻ വിളിച്ചുവരുത്തി അടൂർ ഇൻസ്പെക്ടറായി നിയമിച്ച് കേസിന്റെ അന്വേഷണച്ചുമതല ഏൽപ്പിച്ചു. പ്രതിപ്പട്ടികയിലുണ്ടായിരുന്നവരുടെ വീടുകളിലെത്തി പൊലീസ് അന്വേഷിച്ചതിനൊപ്പം ശക്തമായ നടപടികളും ഉണ്ടായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

