തിരുവല്ല∙ ഉത്സവത്തിന് ഒന്നരമാസം മാത്രം ബാക്കി നിൽക്കേ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ ഇപ്പോഴും ശോച്യാവസ്ഥയിൽ. നടപടി എന്നുണ്ടാകുമെന്നു ഭക്തർ ചോദിക്കുമ്പോൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾ മൗനത്തിലാണ്.
വ്യാഴാഴ്ചകളിലടക്കം ദർശനത്തിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു ഭക്തരാണു ക്ഷേത്രത്തിലേക്കെത്തുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമാണ്.
വിഷയത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലടക്കം പരാതികൾ കൈമാറിയിരുന്നു. ക്ഷേത്രത്തിലെ കിഴക്കേ നടയിലെ കമാനം വരെയുള്ള ക്ഷേത്ര റോഡുകൾ നന്നാക്കാനും, തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടിയെടുക്കാൻ തിരുവല്ല അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർക്കു നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ദേവസ്വം ബോർഡ് ഒരു നടപടിയും സ്വീകരിച്ചില്ല.
പ്രധാനമായും തെക്കും പടിഞ്ഞാറുമുള്ള റോഡുകളാണു പൂർണമായി തകർന്നിരിക്കുന്നത്. ശ്രീവല്ലഭക്ഷേത്രവും പരിസരവും എട്ടര ഏക്കർ വിസ്തീർണമുണ്ടെന്നാണു രേഖ. ഇതിൽ ക്ഷേത്രത്തിന്റെ നാലു വശവുമുള്ള റോഡും കിഴക്കേ നട
മുതൽ അലങ്കാരഗോപുരം വരെയുള്ള റോഡും ഉൾപ്പെടും. കിഴക്കേനടയിലെ റോഡും വടക്കുഭാഗത്തെ റോഡും കാവുംഭാഗം–തുകലശ്ശേരി റോഡിന്റെ ഭാഗമായി സർക്കാർ ഉന്നത നിലവാരത്തിൽ നന്നാക്കിയിരുന്നു.
നാലു ഭാഗത്തുള്ള റോഡിന്റെവശം പൊതുമരാമത്ത് വകുപ്പ് ഐറിഷ് കോൺക്രീറ്റും ചെയ്തിരുന്നു.
എന്നാൽ ബാക്കിയുള്ള റോഡ് ടാറിങ് നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പും, ദേവസ്വം ബോർഡും അലംഭാവം കാട്ടുകയാണ്. ദേവസ്വത്തിന്റെ അധീനതയിലായിരുന്ന റോഡ് ഇപ്പോൾ പൊതുവഴിയാണെന്നും അതുകൊണ്ട് സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ ആണ് റോഡ് സഞ്ചാരയോഗ്യമാക്കേണ്ടതെന്നുമാണു ദേവസ്വത്തിന്റെ വാദം. എന്നാൽ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ അവർ നന്നാക്കണമെന്നാണു പൊതുമരാമത്തിന്റെ വിശദീകരണം.
നിലവിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രായാധിക്യമേറിയവരടക്കം ബുദ്ധിമുട്ടുകയാണ്.
ശക്തമായ മഴയിൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടി കിടന്നും, ചൂടേറിയ സമയത്ത് പൊടിപടലങ്ങൾ നിറഞ്ഞും കിടക്കുന്നതിനാൽ ഭക്തർക്ക് ഈ വഴികളിലൂടെ നടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്.
നിവേദനം നൽകി
ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ പുനരുദ്ധാരണ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യത്തിനു നിവേദനം നൽകി. സ്ഥലത്ത് ദേവസ്വം എൻജിനീയറിങ് വിഭാഗം നേരിട്ടെത്തി പരിശോധിക്കണം.
ക്ഷേത്രോത്സവവും വിശേഷാൽ ദിവസങ്ങളും വരുന്നതിനു മുൻപായി പുനർനിർമാണം പൂർത്തിയാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

