
പെരുമ്പെട്ടി∙ നവീകരണ പ്രവൃത്തികൾ എങ്ങുമെത്തിയില്ല, അപകടങ്ങൾക്കു കുറവുമില്ല. വാലാങ്കര – അയിരൂർ റോഡിലാണു ദിനംപ്രതി അപകടങ്ങൾ വർധിക്കുന്നത്.
ഇഴഞ്ഞുനീങ്ങുന്ന നവീകരണം, പെരുകുന്ന അപകടങ്ങൾ, വലയുന്ന ജനങ്ങൾ …ഇതാണ് ഈ റോഡിലെ കാഴ്ച. വാലാങ്കര – അയിരൂർ റോഡ് ഉന്നതനിലവാരത്തിലാക്കൽ ആറര വർഷം പിന്നിട്ടുംപൂർത്തിയായില്ല. കോട്ടയം – കോഴഞ്ചേരി റോഡിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്കൂൾ കവലയിൽ നിന്ന് ആരംഭിച്ച് തിരുവല്ല – റാന്നി റോഡിൽ പൊറോട്ട
മുക്കിൽ അവസാനിക്കുന്ന പാതയ്ക്ക് 8.352 കിലോമീറ്ററാണു ദൂരം.
കൊറ്റനാട്, എഴുമറ്റൂർ, പുറമറ്റം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ നവീകരണത്തിനായി 2016 നവംബർ ഒന്നിന് 15.00 കോടി രൂപയ്ക്ക് 2016-17 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചു. 2017 സെപ്റ്റംബർ19ന് 19.59 കോടി രൂപയ്ക്ക് കിഫ്ബി 2016-17 പ്രവൃത്തിയിൽ ഉൾപ്പെടുത്തി, തുടർന്ന് 2018 സെപ്റ്റംബർ 29ന്19.59 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചു. സ്വകാര്യ കമ്പനി 2019 ഫെബ്രുവരി അഞ്ചിന് 20.21 കോടി രൂപയ്ക്കു കരാർ ഒപ്പുവച്ചു പ്രവൃത്തി ഏറ്റെടുത്തു.
നിർമാണ പൂർത്തീകരണ കാലാവധി 9 മാസമായിരുന്നു.
ഇതിനിടയിൽ 3 പ്രാവശ്യം കാലാവധി വർധിപ്പിച്ചു നൽകി. എന്നിട്ടും നിർമാണം എങ്ങുമെത്തിയില്ല.
2022 ജൂണിൽ 22.7635 കോടി രൂപയ്ക്ക് പുതുക്കിയ എസ്റ്റിമേറ്റിന് കെആർഎഫ്ബി അനുമതി ലഭിച്ചിരിക്കുന്നതായി പ്രഖ്യാപനങ്ങൾ വന്നു . പൊറോട്ടാമുക്കിൽ നിന്ന് ആരംഭിച്ച ബിഎംബിസി ടാറിങ് ഒന്നാം ഘട്ടം സെന്റ് ബഹനാൻസ് സ്കൂൾ ജംക്ഷനിൽ 2023 സെപ്റ്റംബർ 6ന് പൂർത്തിയായതാണ്.
പിന്നീട് കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചു. ഒന്നാംഘട്ടം ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ ചിലയിടങ്ങളിൽ വൈദ്യുതി, ടെലിഫോൺ തൂണുകൾ ഇപ്പോഴും പാതയുടെ ഒാരം മുതൽ മധ്യഭാഗത്തേക്കുവരെ കയറി നിൽക്കുന്നുണ്ട് .
12 കലുങ്കുകളുടെ മുകളിലെ കൈവരികൾ നിർമിച്ചിട്ടില്ല, ഇവിടെ ഉപരിതല സ്ലാബിൽ നിന്ന് ഇരുമ്പുകമ്പികൾ മുകളിലേക്ക് ഉയർന്നു നിൽക്കുന്നു. ഇതിനിടയിൽ മാസങ്ങൾക്കുമുൻപു മറ്റൊരു പദ്ധതിയിൽ 55 ലക്ഷം രൂപ ചെലവിൽ മുതുപാല മേഖലയിൽ റോഡിൽ പൂട്ടുകട്ടപാകുകയും വാഞ്ചികപ്പാറയ്ക്ക് സമീപം സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായതോടെ വാഹനങ്ങളുടെ അമിതവേഗത്തിലുള്ള കടന്നുവരവ് ആശങ്കകൾക്ക് ഇടനൽകിയിരിക്കുകയാണ്.
5വർഷം, 48 അപകടം
കൈവരിയില്ലാത്ത കലുങ്കുകൾക്ക് മുകളിലൂടെയുള്ള യാത്ര ഇരുചക്ര ചെറുകിട
വാഹനങ്ങളെ കെണിയിൽപ്പെടുത്തുന്നു. 12നു ശാന്തിപുരത്തു സംഭവിച്ചതടക്കം 5 വർഷത്തിനിടയിൽ ഈ പാതയിൽ ചെറുതും വലുതുമായ 48 അപകടങ്ങളാണു നടന്നത്.
ഇതിൽ 3 പേർക്ക് ജീവഹാനിയും സംഭവിച്ചു. അപകട സാധ്യതയുള്ള മേഖലകളിൽ അടിയന്തരമായി സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും നവീകരണം പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]