
വെച്ചൂച്ചിറ ∙ ടാപ്പിങ് തൊഴിലാളി റബർ തോട്ടത്തിൽ കണ്ടതു കടുവയെന്നു സംശയം. നാട്ടുകാർ ആശങ്കയിലായതോടെ തോട്ടത്തിൽ കൂടു വയ്ക്കാൻ അനുമതി തേടി റാന്നി ഡിഎഫ്ഒ ചീഫ് വൈൽഡ് വാർഡനു ശുപാർശ ചെയ്തു.
അനുമതി കിട്ടിയാൽ ഇന്നു കൂടു വയ്ക്കും. എന്നാൽ കണ്ടതു പുലിയെ ആയിരിക്കാമെന്നാണ് വനംവകുപ്പ് പറയുന്നത്. വെച്ചൂച്ചിറ വിമുക്തഭട
വിവിധോദ്യേശ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താന്നിക്കാപ്പുഴ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ വെച്ചൂച്ചിറ നവോദയ മാവുങ്കൽ പിഎം.ജോണാണ് (രാജൻ–58) വന്യജീവിയെ കണ്ടത്.
ഇന്നലെ രാവിലെ 6.15നാണു സംഭവം. നവോദയ–പെരുന്തേനരുവി റോഡിന്റെ സമീപത്തെ തോട്ടമാണിത്. ആദ്യത്തെ റബർ മരം വെട്ടാൻ കത്തിയെടുത്തു പ്ലാസ്റ്റിക് നീക്കിയപ്പോൾ ശബ്ദം കേട്ട് ചെളിയിൽ കിടന്നിരുന്ന ജീവി എഴുന്നേൽക്കുകയായിരുന്നു.
10 അടി അകലെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ജീവിയെ കണ്ട് രാജൻ ഓടി രക്ഷപ്പെട്ടു. മറ്റൊരു തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന ടാപ്പിങ്ങുകാരനെയും കൂട്ടി റോഡിലെത്തി നാട്ടുകാരെയും സംഘം ജീവനക്കാരെയും വിവരം അറിയിച്ചു.
സംഭവം അറിഞ്ഞ് ഉടൻ തന്നെ പൊലീസെത്തി. പിന്നീട് റാന്നി വനം റേഞ്ച് ഓഫിസർ ബി.ആർ.ജയന്റെ നേതൃത്വത്തിൽ കരികുളം സ്റ്റേഷനിലെ വനപാലകരും ദ്രുതകർമസേനയുമെത്തി. കാൽപാടുകൾ നോക്കി നടത്തിയ പരിശോധനയിലാണ് പുലിയെന്നു പറഞ്ഞത്.എന്നാൽ കടുവയെന്ന വാദവും പ്രചരിക്കുന്നുണ്ട്.
നാട്ടുകാരും സംശയത്തിലാണ്.
പ്രമോദ് നാരായൺ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.വർക്കി, അംഗങ്ങളായ ടി.കെ.ജയിംസ്, പ്രസന്നകുമാരി, നിഷ അലക്സ്, സിറിയക് തോമസ്, സജി കൊട്ടാരം, സിപിഎം നേതാവ് ആർ.വരദരാജൻ എന്നിവർ സ്ഥലത്തെത്തി വനപാലകരുമായി ചർച്ച നടത്തി ജനങ്ങളുടെ ആശങ്ക പങ്കുവച്ചു. തുടർന്നായിരുന്നു കൂടു വയ്ക്കാനുള്ള തീരുമാനം. ജിപിഎസ് ലൊക്കേഷൻ ഉൾപ്പെടെ റേഞ്ച് ഓഫിസർ ഡിഎഫ്ഒയ്ക്കു നൽകി.
വിദഗ്ധ സമിതി രൂപീകരിച്ച് യോഗം ചേർന്നു.സമിതിയാണ് കൂടു വയ്ക്കാൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.
റാന്നി ഡിഎഫ്ഒ ആർ.രാജേഷ് സമിതി തീരുമാനം കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കമലഹാറിനു റിപ്പോർട്ട് ചെയ്തു. അദ്ദേഹം റിപ്പോർട്ട് ചീഫ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണനു കൈമാറിയിട്ടുണ്ട്.
അദ്ദേഹമാണ് അനുമതി നൽകേണ്ടത്.
വിദഗ്ധ സമിതി അംഗങ്ങൾ
ഡിഎഫ്ഒ, റാന്നി വനം റേഞ്ച് ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ്, 2 വെറ്ററിനറി സർജൻ, ചീഫ് വൈൽഡ് വാർഡൻ പ്രതിനിധി, നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പ്രതിനിധി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]