
ഏഴംകുളം ∙ മലയാളികൾക്കെന്നും പ്രിയപ്പെട്ട ചക്കയിൽ നിന്ന് അറുപതിലേറെ മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണിയിലെത്തിച്ച സ്റ്റാർ ജാക്ക് ഉടമ തങ്കച്ചൻ യോഹന്നാനെ തേടി എത്തിയത് കൃഷി വകുപ്പിന്റെ സംസ്ഥാനതല അവാർഡ്.
ചക്ക സംസ്കരണം–മൂല്യവർധിത ഉൽപന്ന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി വിഭാഗത്തിലാണ് കൃഷിവകുപ്പിന്റെ അവാർഡ് തങ്കച്ചനു ലഭിച്ചത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് തങ്കച്ചൻ ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലേക്ക് ചുവടു വച്ചത്. ആ തുടക്കമാണ് സ്റ്റാർ ജാക്ക് സ്ഥാപനത്തിന്റെ ഉദയം.
തങ്കച്ചൻ ഈ സ്ഥാപനത്തെ ഇന്ന് 45 ലക്ഷം രൂപയ്ക്കടുത്തു വാർഷിക വരുമാനമുള്ള സ്ഥാപനമാക്കി വളർത്തിയെടുത്തു.
പുതുമലയിൽ ചക്ക ഗ്രാമം പദ്ധതി നടപ്പാക്കിയാണ് സ്റ്റാർ ജാക്ക് എന്ന സ്ഥാപനത്തിന്റെ തുടക്കം. ചക്ക പുട്ടുപൊടി, ചക്ക ബിസ്കറ്റ്, ഫ്ലവേർഡ് കുക്കീസ്, ബ്രെഡ്, ദിൽഖുഷ്, മുറുക്ക്, മിക്സ്ചർ, ചക്ക ഉപ്പേരി, ചക്ക ഹൽവ, ചക്ക ബിരിയാണി, സ്വീറ്റ്ന, ജാക്ക് ബൾബ് പൗഡർ, ഡീഹൈഡ്രേറ്റഡ് ജാക്ക്, ചക്ക ബൺ തുടങ്ങിയവയാണ് തങ്കച്ചന്റെ സ്ഥാപനത്തിൽ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾ.
മൈസൂർ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ, തൃശൂർ കൃഷി വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പരിശീലനത്തിലൂടെയാണ് ചക്കയിൽ നിന്ന് വിവിധ ഉൽപന്നങ്ങൾ ഉൽപാദിക്കാനുള്ള സാങ്കേതിക വിദ്യ വശത്താക്കിയത്.
തുടർന്നാണ് സ്റ്റാർ ജാക്ക് എന്ന സ്ഥാപനം തുടങ്ങി ചക്ക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനായി തുനിഞ്ഞിറങ്ങിയത്.
സ്വന്തമായി എട്ടേക്കറോളം സ്ഥലത്ത് 750 പ്ലാവുകൾ പരിപാലിക്കുന്നുണ്ട്. തേൻ വരിക്ക, ജെ–33, സിലോൺ വരിക്ക, മുട്ടം വരിക്ക, കംബോഡിയ, വിയറ്റ്നാം എർലി തുടങ്ങിയ ചക്ക ഇനങ്ങളാണ് സ്വന്തം കൃഷിയിടത്തിലുള്ളത്.
ഇതിൽ നിന്നുള്ള ചക്ക കൂടാതെ അറുപതോളം കർഷകരിൽ നിന്ന് ചക്ക നേരിട്ട് ശേഖരിക്കുന്നുമുണ്ട്.
ഈ സ്ഥാപനം വഴി ഏഴോളം കുടുംബങ്ങൾക്ക് തൊഴിൽ നൽകാനും ഇദ്ദേഹത്തിനു കഴിയുന്നുണ്ട്. ഒരു വർഷത്തിൽ 130 ടൺ ചക്ക ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് ചക്ക സംരംഭക വിപണന മേഖലയിൽ വിജയഗാഥ രചിച്ചാണ് ഏഴംകുളം പുതുമല ഒലിവു വില്ലയിൽ തങ്കച്ചൻ കൃഷിവകുപ്പിന്റെ സംസ്ഥാനതല അവാർഡു നേടിയെടുത്തത്.
തങ്കച്ചനൊപ്പം സഹായത്തിനു ഭാര്യ ലീലാമ്മയുമുണ്ട്.
∙ ഫാമും ഫലവൃക്ഷങ്ങളും പകരുന്ന വിജയഗാഥ
വെച്ചൂച്ചിറ ∙ ശാരീരിക പരിമിതികളെ മറികടന്നു കാർഷിക രംഗത്ത് നേട്ടങ്ങൾ കൊയ്യുകയാണ് വർഗീസ് തോമസ്. ഹൈബ്രിഡ് ഇനത്തിലുള്ള ഫാം നടത്തിയും കാർഷിക വിളകളും ഫലവൃക്ഷങ്ങളും കൃഷി ചെയ്തുമാണ് വെച്ചൂച്ചിറ അരീപ്പറമ്പിൽ വർഗീസ് തോമസ് (45) സംസ്ഥാനത്തെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് സ്വന്തമാക്കിയത്.
വർഗീസിന്റെ കുടുംബം പാരമ്പര്യമായി കൃഷിക്കാരാണ്.
പിതാവ് രാജുവിന്റെ പാത പിന്തുടർന്നാണ് കാർഷിക രംഗത്തെത്തിയത്. നവോദയ സ്കൂളിനു സമീപം അഞ്ചര ഏക്കർ സ്ഥലത്താണു കൃഷി.
പ്രധാനമായും ഫാമാണ് നടത്തുന്നത്. വർഗീസിന്റെ ഏദൻ ഫാമിൽ 3,500 കോഴികൾ വരെ കാണും.
ഇറച്ചിക്കോഴിക്കു പുറമേ മുട്ടക്കോഴികളെയും വളർത്തുന്നുണ്ട്.
ബിവി 380 ഇനത്തിൽപെട്ടതാണു കോഴികൾ. കൂടാതെ താറാവിനെയും വളർത്തുന്നു.കുരുമുളക്, കൊക്കോ, തെങ്ങ്, ജാതി, റംബുട്ടാൻ, ഇഞ്ചി, മഞ്ഞൾ, തെങ്ങ്, പ്ലാവ്, റബർ, കപ്പ, കശുമാവ്, മാവ്, ഡ്രാഗൺ ഫ്രൂട്ട്, കമുക്, ദുരിയാൻ, ഫുലാസാൻ എന്നിവയും മറ്റു ഫലവൃക്ഷങ്ങളും കൃഷിയിടത്തിലുണ്ട്.
തേനീച്ച കൃഷിക്കു പൂറമേ പശു വളർത്തലുമുണ്ട്.
വർഷം 34 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.എസ്എസ്എൽസി വരെ പഠിച്ച വർഗീസ് പൂർണമായും കൃഷിയിലേക്കു തിരിഞ്ഞിട്ടു 15 വർഷമായി. പിതാവിനു പുറമേ മാതാവ് അന്നമ്മ, ഭാര്യ മിനി, മക്കളായ അനു, മിയ, ഏബൽ എന്നിവരും കൃഷിയിൽ കൂട്ടായുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]