
പത്തനംതിട്ട ∙ കേരളത്തിലെ ബാസ്കറ്റ് ബോൾ ഗ്രാമം ഏതാണ് ? ഏതാനും നാൾ മുൻപു പിഎസ്സി പരീക്ഷയുടെ പരിശീലന പുസ്തകത്തിലെ ഒരു ചോദ്യമിതായിരുന്നു.
തിരുവല്ല താലൂക്കിലെ കുറിയന്നൂർ എന്ന് എഴുതിയാൽ കിട്ടും ഫുൾ മാർക്ക്. രണ്ടു ഡസനോളം സംസ്ഥാന ക്യാപ്റ്റൻമാരെയും നാളിതുവരെ 162സംസ്ഥാന താരങ്ങളെയും നാടിനു സംഭാവന ചെയ്ത കുറിയന്നൂർ ഗ്രാമം ഇനി മറ്റൊരു തലത്തിലേക്ക് ബാസ്കറ്റ്ബോളിനെ ഉയർത്തിയെറിയാനുള്ള ഒരുക്കത്തിലാണ്.ഗ്രാമത്തിലെ മൂന്നു ബാസ്കറ്റ്ബോൾ കോർട്ടുകളെയും കോർത്തിണക്കി പരിശീലനത്തിന് ഒരു സ്ഥിരം അക്കാദമിക്ക് കളം ഒരുങ്ങുന്നു.
പുതുതലമുറയെകൂടി നാടിന്റെ ഹൃദയത്തിന്റെ ഭാഗമായ ബാസ്കറ്റ്ബോൾ സംസ്കാരത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമിക്ക് തുടക്കമിടുന്നത്.അക്കാദമിയുടെ ഉദ്ഘാടനം നാളെ പത്തിന് കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂൾ മൈതാനത്തു ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും.
മുൻകാല താരങ്ങളെ അണിനിരത്തി പ്രദർശന മത്സരവും നടക്കും.
എംടിഎച്ച്എസ്,ഗുഡ്ഷെപ്പേഡ് സ്കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ ബാസ്കറ്റ് ബോൾ മൈതാനമുള്ളത്.രാജ്യാന്തര മത്സരങ്ങൾക്കു വരെ വേദിയായ തോണിപ്പുഴയിലെ സെന്റ് തോമസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം അറ്റകുറ്റപ്പണികൾ വേണ്ടതിനാൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ആദ്യഘട്ടത്തിൽ 100പേർക്ക് പരിശീലനം
കുറിയന്നൂരും പരിസരത്തുമുള്ള സ്കൂളുകളിൽ നിന്ന് 100കുട്ടികളെ തിരഞ്ഞെടുക്കാനാണ് പദ്ധതിയെന്ന് അക്കാദമി പേട്രനും ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ വൈസ് പ്രസിഡന്റുമായ കുറിയന്നൂർ സ്വദേശി ഡോ.എം.എം.ചാക്കോ പറഞ്ഞു.മുൻകാല താരങ്ങളും അഭ്യുദയകാംക്ഷികളും ചേർന്നാണ് പരിശീലനത്തിന് സഹായം നൽകുന്നത്. 11 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാന മത്സരത്തിന് ജില്ലാ ടീമിനെ ഇവിടെ നിന്നു കണ്ടെത്തും.
ഓണക്കാലത്ത് തുടക്കമിടും
അക്കാദമിയുടെ നേതൃത്വത്തിൽ എംടി എച്ച്എസ് മൈതാനത്ത് 30മുതൽ സെപ്റ്റംബർ6വരെ വിദഗ്ധ പരിശീലകരുടെ മേൽനോട്ടത്തിൽ സൗജന്യ ബാസ്കറ്റ്ബോൾ പരിശീലന ഓണക്കാല ക്യാംപും സംഘടിപ്പിക്കും.
കുട്ടികളുടെ ബാസ്കറ്റ്ബോൾ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കൃത്യമായ പരിശീലനത്തിലൂടെ ബാസ്ക്റ്റ്ബോളിന്റെ അനന്ത സാധ്യതകളിലേക്ക് എത്തിച്ചേരാനും അവസരം ഒരുക്കും.ഓണാവധിക്ക് ശേഷവും ഞായറാഴ്ച ഒഴികെയുള്ള എല്ലാ അവധി ദിവസങ്ങളിലും സൗജന്യ പരിശീലനം തുടരും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നാളെ 9ന് ഉദ്ഘാടന ചടങ്ങിനു മുൻപായി പേരു നൽകണം.10വയസ്സിന് മുകളിലുള്ള ആർക്കും (ആൺ,പെൺ)പങ്കെടുക്കാം. രാവിലെ: 6.30 – 8.30. വൈകിട്ട്: 4.00 – 6.30 എന്നിങ്ങനെയാണ് സമയം.
വിവരങ്ങൾക്ക്:ജോസഫ് ജോൺ: 94472 93339, ഡാലി ജോർജ്: 96301 88988 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]