
ആറന്മുള ∙ ‘ശ്രീ പത്മനാഭാ മുകുന്ദാ മുരാന്തകാ നാരായണാ നിന്നെ കാണുമാറാകേണം..’ പമ്പയുടെ ഇരുകരകളുടെയും കാത്തിരിപ്പിന് വിരാമമിട്ട് ദൂരെ പാട്ടുയർന്നു. കാറ്റിൽ കൊടിക്കൂറകൾ പാറി.
മിന്നലഴകിൽ അമരച്ചാർത്ത്. സ്വർണപ്രഭയിൽ കന്നക്കുമിളയും കൂമ്പും.
കട്ടിമാല ചാർത്തി പള്ളിയോടങ്ങൾ പാടിത്തുഴഞ്ഞെത്തി. നതോന്നതയുടെ താളവും തുഴച്ചിൽക്കാരുടെ അർപ്പണബോധവും ചേർന്നുള്ള ആറന്മുള ശൈലി പമ്പയുടെ പുളിനങ്ങളിൽ മിന്നിത്തെളിഞ്ഞു.
തിരുവാറന്മുളയപ്പന്റെ ഇഷ്ടവഴിപാടായ വള്ളസദ്യകൾക്ക് ഇന്നലെ തുടക്കം.
ആചാരപ്പെരുമയോടെ
ചടങ്ങുകൾക്ക് ആചാരപ്പെരുമയിൽ രാവിലെ 11 മണിയോടെ തുടക്കമായി. കോഴഞ്ചേരി പള്ളിയോടമാണ് ആദ്യമെത്തിയത്.
വെറ്റില, അടയ്ക്ക, പുകയില, അഷ്ടമംഗല്യം, താലപ്പൊലി, മുത്തുക്കുട തുടങ്ങിയവയുമായി സ്വീകരിച്ചാണ് വഴിപാടുകാർ പള്ളിയോടക്കരക്കാരെ ക്ഷേത്രക്കടവിൽനിന്ന് ആനയിച്ചത്.
നയമ്പുമായി ക്ഷേത്രം വലംവച്ച് ഭഗവാനെ പാടിസ്തുതിച്ചു കരക്കാർ. നയമ്പുകൾ കൊടിമരത്തിനു മുന്നിലെ നിറപറയ്ക്കും നിലവിളക്കിനും അരികിൽ സമർപ്പിച്ച ശേഷം പന്തലിലേക്ക്.
ക്ഷേത്രാങ്കണത്തിൽ എവിടെയും പാർഥസാരഥി സ്തുതികളുടെ അലയടി. വിളക്കിനെ വണങ്ങി കരക്കാർ വിഭവങ്ങൾക്കു മുന്നിലേക്ക്.
വീണ്ടും പാട്ടുയർന്നു.
‘വമ്പാർന്ന പർപ്പടകമൻപൊടു കൂട്ടിയുണ്ണാൻ നല്ലോരു തുമ്പനിറമുള്ള ചോർ തരേണം…’
44 വിഭവങ്ങൾക്കു പുറമേ പാടി ചോദിക്കുന്ന ഇരുപതും ചേർത്ത് 64 കൂട്ടം വിഭവങ്ങൾ ഓരോന്നായി ഇലയിലെത്തി. ആദ്യ ദിവസം 7 പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുത്തത്.
കോഴഞ്ചേരി പള്ളിയോടമാണ് ആദ്യമെത്തിയത്. പമ്പയുടെ ഇരുകരകളിലുമായി 52 പള്ളിയോടക്കരകളാണ് പാർഥസാരഥിക്ക്.
അനുഗ്രഹ ‘വർഷം’
കരകളുടെ ആവേശത്തോട് ഇഴചേർന്ന് കനത്ത മഴയുമെത്തി.
ഉച്ചയ്ക്ക് 12 മണിയോടെയാണ് മഴ ആരംഭിച്ചത്. വഞ്ചിപ്പാട്ടു പാടി പ്രദക്ഷിണംവച്ച് കൊടിമരച്ചുവട്ടിലെത്തി ഭഗവൽസ്തുതികൾ പാടിയെത്തുന്ന കരക്കാരുടെ ദൃശ്യം അപ്പോഴും തുടർന്നു.
മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറും വീണാ ജോർജും ഉൾപ്പെടെ ഒട്ടേറെ വിശിഷ്ട വ്യക്തികൾ വള്ളസദ്യ കഴിച്ചാണ് മടങ്ങിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് വള്ളസദ്യ കഴിക്കാൻ ജാതി-മത ഭേദമെന്യേ ഒട്ടേറെപ്പേർ എത്തുന്നുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു.
വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കലയുടെയും ആഘോഷമാണിതെന്ന് വീണാ ജോർജ് പറഞ്ഞു. വിഭവങ്ങൾ പാടിച്ചോദിക്കുന്ന ശൈലി കുട്ടികളുൾപ്പെടെ പലർക്കും പുതുമയായി.
മനസ്സുനിറഞ്ഞായിരുന്നു മടക്കം.
ഉദ്ഘാടനം ചെയ്തത് മന്ത്രി ഗണേഷ് കുമാർ
ആറന്മുള ∙ ക്ഷേത്ര ആനക്കൊട്ടിലിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തതോടെ ആറന്മുള വള്ളസദ്യയ്ക്കു നിറവാർന്ന തുടക്കം. മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, അവിട്ടം തിരുനാൾ ആദിത്യവർമ, പള്ളിയോട
സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, രാജു ഏബ്രഹാം, മാലേത്ത് സരളാദേവി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജി, എഡിഎം ബി.ജ്യോതി, ഡിഎം ഡപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.മുരളീധരൻ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.കെ.ഈശ്വരൻ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ആർ.രേവതി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പള്ളിയോട
സേവാ സംഘം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
52 കരകളിലെ പള്ളിയോടങ്ങൾക്കായി നടത്തുന്ന വള്ളസദ്യ ഒക്ടോബർ രണ്ടിനാണ് സമാപിക്കുന്നത്. കോഴഞ്ചേരി, ളാക– ഇടയാറന്മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, ഓതറ, വെൺപാല എന്നീ പള്ളിയോടങ്ങളാണ് ആദ്യദിനത്തിൽ വള്ളസദ്യയിൽ പങ്കെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]