പന്തളം ∙ നെൽക്കൃഷിയിൽ ഓരോ വർഷവും നേരിടുന്ന പ്രതിസന്ധികളിൽ തളരാതെ ഇത്തവണയും വിത്ത് വിതയ്ക്കാൻ കരിങ്ങാലിപ്പാടത്തെ കർഷകർ. പാടശേഖരത്തിലെ ഭൂരിഭാഗങ്ങളിലും കൃഷിക്കൊരുങ്ങുകയാണ് അവർ.
മഴ കാരണം നവംബർ അവസാനം വരെ പാടത്ത് വെള്ളക്കെട്ടായിരുന്നു. മഴ മാറി ചൂട് രൂക്ഷമായതോടെ പാടം ഉണങ്ങി.
പലരും യന്ത്രസഹായത്തോടെ പാടമൊരുക്കി തുടങ്ങിയെങ്കിലും ജലാംശമില്ലാത്തത് മൂലം വിത വൈകി. ഇറിഗേഷൻ വകുപ്പ് ഐരാണിക്കുടി, എരട്ടടി, മഞ്ഞനംകുളം പമ്പുകൾ ഇപ്പോൾ തുറന്നിട്ടുണ്ട്.
20ഓടെ വിത്ത് വിതയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ കർഷകർ.
അവഗണനയേറ്റ് ചിറ്റിലപ്പാടം
150 ഏക്കറോളം വരുന്ന ചിറ്റിലപ്പാടത്തെ കർഷകർക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിൽ അലംഭാവം മാത്രം. ഡീവാട്ടറിങ് സൗകര്യം വേണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്.
വിത, വിളവെടുപ്പ് സമയങ്ങളിൽ കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ്. 50 വർഷത്തോളം പഴക്കമുള്ളതാണ് കനാലുകൾ.
മിക്ക ഭാഗവും തകർന്നനിലയിലും. അറ്റകുറ്റപ്പണിയോ പുനർനിർമാണമോ ഇല്ല.
സർക്കാർ, നഗരസഭാ തലത്തിലോ ഇടപെടൽ വേണമെന്ന് പാടശേഖരസമിതി പ്രസിഡന്റ് സുകുമാരപിള്ള ആവശ്യപ്പെടുന്നു. ഇക്കുറി പൗർണമി വിത്താണ് വിതയ്ക്കുക.
120 ദിവസമാണ് വിളവെടുപ്പ് സമയം. മാർച്ച് അവസാനത്തോടെ വിളവെടുക്കാം.
മികച്ച പ്രതിരോധ ശേഷിയുള്ള ഉമ വിത്തായിരുന്നു മുൻകാലങ്ങളിൽ. ഇതിന്റെ വിളവെടുപ്പ് സമയം 145 ദിവസവും.
വിളവെടുപ്പ് ഏപ്രിൽ വരെ നീളുമെന്നതും വേനൽ മഴ ബുദ്ധിമുട്ടാകുമെന്നതും കണക്കിലെടുത്താണ് പൗർണമി വിതയ്ക്കുന്നത്.
പ്രളയത്തിനു ശേഷം ദുരിതകാലം
2018ലെ പ്രളയത്തിന് ശേഷം നെൽക്കർഷകരെ വിടാതെ പിന്തുടരുകയാണ് പ്രതിസന്ധികൾ. 2019ലും 2020ലും വെള്ളപ്പൊക്കത്തിൽ വലിയതോതിൽ നെൽക്കൃഷി നശിച്ചു.
പൂർണമായി കൃഷി നഷ്ടപ്പെട്ടവരുമുണ്ട്. 2022ൽ വിളവെടുത്ത നെല്ല് സപ്ലൈകോയ്ക്കു കൈമാറി 6 മാസത്തോളം വൈകിയാണ് പണം ലഭിച്ചത്.
പണയം വച്ചും വായ്പയെടുത്തും കൃഷി ചെയ്തവർ കടക്കെണിയിലായി. 2023ലാണ് കൊടുംചൂട് വലച്ചത്.
വിളവെടുത്ത നെല്ലിന്റെ ഭൂരിഭാഗവും മങ്കായി. വാടകയ്ക്ക് യന്ത്രം കൊണ്ടുവന്നു മങ്ക് നീക്കം ചെയ്ത ശേഷമാണ് കൈമാറിയത്. ഈ വർഷം കൃഷി തുടങ്ങേണ്ട
ഘട്ടത്തിൽ തന്നെ മഴ വന്നു. വിതച്ച വിത്ത് മുഴുവനും നശിച്ചവരുമുണ്ട്.
കഷ്ടപ്പെട്ട് കൃഷി ചെയ്തെടുത്ത നെല്ല് സപ്ലൈകോയ്ക്കു നൽകി 5 മാസത്തിനു ശേഷമാണ് ഇത്തവണ പണം ലഭിച്ചതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

