ഏനാദിമംഗലം ∙ കെപി റോഡിൽ അപകടങ്ങൾ കൂടി വന്നിട്ടും അപകടം നിയന്ത്രിക്കാൻ നടപടി ഉണ്ടാകുന്നില്ല. ശനിയാഴ്ച രാവിലെ കെപി റോഡിൽ പുതുവൽ ജംക്ഷനു സമീപത്തായി യാത്രക്കാരെ കയറ്റാൻ നിർത്തിയ സ്വകാര്യ ബസിനു പിന്നിലായി ടോറസ് ലോറി ഇടിച്ചതിനെ തുടർന്ന് ബസ് സമീപത്തുള്ള വയലിലേക്ക് മറിഞ്ഞു.
പത്തനാപുരത്തു നിന്ന് അടൂരിലേക്ക് വന്ന സ്വകാര്യ ബസിന്റെ പിന്നിലാണ് ലോറി ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ബസിന്റെ മുൻ ഭാഗം സമീപത്തുള്ള വയലിലേക്ക് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ട് ആർക്കും പരുക്കേറ്റില്ല.
കഴിഞ്ഞ ദിവസം ഇളമണ്ണൂരിൽ കാറു തട്ടി റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറി കയറി മരിച്ചിരുന്നു. ഇതു പോലെയുള്ള അപകടങ്ങൾ കെപി റോഡിൽ കൂടി വന്നിട്ടും അപകടം കുറയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
കെപി റോഡിൽ ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്നത് അമിതവേഗത്തിൽ എത്തുന്ന ടോറസ് ലോറികളും ടിപ്പർ ലോറികളും തമിഴ്നാട്ടിൽ നിന്ന് സാധനങ്ങളുമായി വരുന്ന പിക്കപ് വാനുമാണ്.
ഇതു കൂടാതെ കെഎസ്ആർടിസി–സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും അപകടത്തിനു വഴിതെളിക്കുന്നു.
ചരക്കു ലോറികൾ കൂടുതലായി പോകുന്ന കെപി റോഡിൽ അപകടം നിത്യസംഭവമായിട്ടും അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കെതിരെ പൊലീസോ മോട്ടർവാഹന വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വാഹനത്തിരക്കു കൂടിയ ഈ റൂട്ടിൽ വാഹനപരിശോധന ശക്തമാക്കി അപകടം കുറയ്ക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

