
പത്തനംതിട്ട∙ ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊൽ അക്ഷരാർഥത്തിൽ നടപ്പിലാക്കിയിരിക്കുകയാണ് നഗരസഭയിലെ ഹരിതകർമ സേന. ഒരു വർഷം മുൻപു വരെ കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, എസ്പി ഓഫിസ് എന്നിവിടങ്ങളിലെ അജൈവ മാലിന്യ സംസ്കരണം ഇവർക്കു മുൻപിൽ ബാലികേറാമലയായിരുന്നു.
എന്നാൽ 2024 ഓഗസ്റ്റ് 15 മുതൽ ഹരിതകർമ സേനയിലെ 11 അംഗങ്ങൾ മാലിന്യ സംസ്കരണം എന്ന വെല്ലുവിളി ഏറ്റെടുത്തതോടെ സംസ്ഥാനത്ത് ആദ്യമായി ഓഫിസ് സമുച്ചയത്തിലെ അജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരണം ചെയ്യുന്ന ആദ്യ നഗരസഭയായി പത്തനംതിട്ട നഗരസഭ മാറി.
ഷീന ബീവി, കെ.ബിന്ദു എന്നീ സേനാ അംഗങ്ങളുടെ മേൽനോട്ടത്തിലാണു കഴിഞ്ഞ ഒരുവർഷമായി മാലിന്യ സംസ്കരണം നടത്തുന്നത്.
കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, എസ്പി ഓഫിസ് എന്നിവിടങ്ങളിലെ അജൈവ മാലിന്യങ്ങളാണ് ഇവർ ദിവസവും ശേഖരിക്കുന്നത്. പിന്നീടു കലക്ടറേറ്റിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പോർട്ടബ്ൾ ബയോ ബിന്നിൽ മാലിന്യം നിക്ഷേപിക്കും.
ചകരിച്ചോറും സൂക്ഷമജീവാണുക്കളും ചേർന്ന മിശ്രിതം മാലിന്യത്തിൽ ഇട്ട് ഇവർ ഇതിനെ ജൈവവളമാക്കി മാറ്റുകയാണു ചെയ്യുന്നത്.
പാം ബയോ ഗ്രീൻ മാന്വർ എന്ന വളം പൊതുജനത്തിനും വാങ്ങാം. കൂടാതെ, ഓഫിസ് വളപ്പുകളിൽ ജൈവകൃഷിയും നടത്തുന്നുണ്ട്.
വരുമാനത്തോടൊപ്പം സാമൂഹിക മാറ്റവും എന്നതാണ് സേനാംഗങ്ങളുടെ ഇവരുടെ ലക്ഷ്യം.സംസ്ഥാന സർക്കാരിന്റെ വൃത്തി കോൺക്ലേവിൽ മികച്ച ഹരിതകർമ സേന സംരംഭത്തിനുള്ള പുരസ്കാരവും ഇവർ നേടിയിരുന്നു. കലക്ടർ എസ്.
പ്രേംകൃഷ്ണൻ, നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, ഹരിതകർമ സേന കോഓർഡിനേറ്റർ പി.പ്രസാദ്, മഞ്ജു പി.സഖറിയ എന്നിവർ ചേർന്നാണു പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ജില്ല ശുചിത്വ മിഷനും ക്ലീൻ കേരള കമ്പനിയും പദ്ധതിയുടെ ഭാഗമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]