
ഡോ. മാത്യുവിന്റെ ശിക്ഷണം വഴിത്തിരിവായി; ‘എട്ടിലെ കുട്ടി’ ഇനി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ‘ ജസ്റ്റിസ് ബി. ആർ. ഗവായി സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആകും.’– ടിവി ചാനലിനു താഴെ സ്ക്രോൾ ചെയ്ത വാർത്ത വായിച്ച് അധികം വൈകിയില്ല, പാറയിൽ ഡോ. പി.എസ്. മാത്യുവിന്റെ മൊബൈൽ ഫോണിലേക്കു വിളിയെത്തി. ‘14 നാണ് സത്യപ്രതിജ്ഞ. പങ്കെടുക്കണം.’– അങ്ങേത്തലയ്ക്കൽ ജസ്റ്റിസ് ഗവായിയുടെ സഹോദരൻ രാജേന്ദ്ര ഗവായിയുടെ പരിചിത ശബ്ദം. പത്തനംതിട്ട മേക്കൊഴൂർ സ്വദേശി മാത്യുവിന് (81) എങ്ങനെ മഹാരാഷ്ട്ര സംസ്ഥാനത്തുനിന്നുള്ള ജസ്റ്റിസ് ഗവായിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണം ലഭിക്കും? അതിനു പിന്നിൽ 51 വർഷം മുൻപുള്ള ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ കഥയുണ്ട്!
1973. ബോംബെ ഹോളിനെയിം സെക്കൻഡറി സ്കൂളിൽ മാത്യു അധ്യാപകനായി ജോലി ചെയ്തിരുന്ന കാലം. 8–ാം ക്ലാസിലെ കണക്കുപരീക്ഷയുടെ ഉത്തരക്കടലാസുകൾ നോക്കിയപ്പോൾ ഭൂഷൺ എന്ന കുട്ടിക്കു മാർക്ക് കുറവ്. അച്ഛന്റെ ഒപ്പുമായി വന്നശേഷം ക്ലാസിൽ കയറിയാൽ മതിയെന്നു മാത്യുവിന്റെ ശാസന. ഒപ്പിനൊപ്പം മറ്റൊരു ആവശ്യവുമായാണ് പിറ്റേന്ന് ഭൂഷൺ ക്ലാസിലെത്തിയത്. ‘അച്ഛനു താങ്കളെ കാണണം എന്നുണ്ട്. ദയവായി വീട്ടിലേക്കു വരണം. വാഹനവും അയച്ചു തന്നിട്ടുണ്ട്’. മാത്യു കാറിൽ കയറി. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി ഉപാധ്യക്ഷന്റെ ഔദ്യോഗിക വസതിക്കു മുന്നിലാണ് വാഹനം നിന്നത്. രാഷ്ട്രീയ നേതാവും മുൻ കേരള ഗവർണറുമായിരുന്ന ആർ.എസ്. ഗവായിയും ഭാര്യയും ചേർന്ന് തൊഴുകൈകളോടെ മാത്യുവിനെ സ്വീകരിച്ചു.
‘മകൻ ഭൂഷണെയും (ജസ്റ്റിസ് ബി.ആർ. ഗവായി) ഇളയ സഹോദരങ്ങളായ രാജേന്ദ്ര, കീർത്തി എന്നിവരെയും മിടുക്കരായ വ്യക്തിത്വങ്ങളാക്കി രൂപപ്പെടുത്തിയെടുക്കണം’–ആർ.എസ്. ഗവായിയുടെ അഭ്യർഥന. തുടർന്നുള്ള മൂന്നര വർഷം സ്കൂൾ സമയത്തിനു ശേഷം മൂന്നു കുട്ടികൾക്കും കണക്കിലും സ്പോക്കൺ ഇംഗ്ലിഷിലും മാത്യു വീട്ടിലെത്തി ട്യൂഷൻ നൽകി. 1976ൽ ദുബായിലേക്കു താമസം മാറുന്നതുവരെ ഇതു തുടർന്നു. ‘നാട്ടിലേക്കു മടങ്ങിയെത്തിയതിനുശേഷമാണ് ആർ. എസ്. ഗവായി ഗവർണറായി ചുമതലയേറ്റെടുത്തത്. അദ്ദേഹത്തെ രാജ് ഭവനിലെത്തി സന്ദർശിച്ചിരുന്നു. കുടുംബവുമായി ഇന്നും കാത്തു സൂക്ഷിക്കുന്ന അടുപ്പമാണ് സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണത്തിലെത്തിച്ചത്. ഭാര്യ സൂസമ്മ മാത്യുവിനൊപ്പം ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്കു ചെയ്തുകഴിഞ്ഞു’– ചെറു ചിരിയോടെ ഡോ. മാത്യു പറഞ്ഞു.