കോഴഞ്ചേരി∙ തടിച്ചു കൂടിയ ഭക്തജനങ്ങളുടെ കണ്ഠത്തിൽ നിന്നുയർന്ന ശരണം വിളികളാൽ മുഖരിതമായ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്കു തിരുവാഭരണ പേടകം എത്തുമ്പോൾ ആബാലവൃദ്ധം ജനങ്ങളും സ്വാമിയേ ശരണമയ്യപ്പ മന്ത്രം മുഴക്കിയും കൈയിൽ പൂക്കൾ കരുതിയിരുന്നവർ അതു പേടകത്തിലേക്കു ചൊരിഞ്ഞും തിരുവാഭരണ ഘോഷയാത്രയെ വരവേറ്റു. തിരുവാഭരണ ഘോഷയാത്രയുടെ ഒന്നാംദിനം അയിരൂർ പുതിയ കാവിൽ അവസാനിക്കും വരെ കടന്നുപോയ പാതയിലുടനീളം ആയിരക്കണക്കിന് അയ്യപ്പഭക്തരാണു ഘോഷയാത്രക്കു ആചാരപരമായ വരവേൽപ് ഒരുക്കിയത്.
വീട്ടുപടികളിലും വിവിധ സ്ഥാപനങ്ങൾക്കു മുൻപിലും നിറപറയും നിലവിളക്കും വച്ച് ഭക്തർ കാത്തു നിന്നപ്പോൾ മുൻപ് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പേടകങ്ങൾ ആറന്മുളയിലേക്ക് എത്തിയത്.
പന്തളത്തു നിന്ന് പുറപ്പെട്ട് പരമ്പരാഗത പാത വഴി കിടങ്ങന്നൂർ ജംക്ഷനിലെത്തിയ ഘോഷയാത്രയെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണു വരവേറ്റത്. ഇവിടെനിന്ന് ശിവമയം കുടുംബത്തിലെത്തിയ സംഘത്തെ കുടുംബാംഗങ്ങൾ സ്വീകരിച്ചു. പരമ്പരാഗത പാതയിൽ കുളനടയ്ക്കും ആറന്മുളയ്ക്കുമിടയിൽ തിരുവാഭരണം ഇറക്കി വയ്ക്കാൻ പ്രയാസമായിരുന്ന കാലത്ത് അതിനുള്ള സൗകര്യം ഒരുക്കിയത് ഈ കുടുംബമായിരുന്നു.
തുടർന്നു ഘോഷയാത്രയ്ക്കു നാൽക്കാലിക്കൽ സ്കൂൾ ജംക്ഷനിലെ തത്വമസി പൗരസമിതിയും ഓട്ടോറിക്ഷ തൊഴിലാളികളും സ്വീകരണം നൽകി. എൻഎസ്എസ് ആയുർവേദാശുപത്രി പടിയിൽ കോൺഗ്രസ് നേതാക്കളായ കെ.ശിവദാസൻ നായർ, കെ.ജി.മഹേഷ്, പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ എന്നിവരുടെ നേതൃത്വത്തിലും സ്വീകരണം ഒരുക്കി ലഘുഭക്ഷണവും നൽകി.
ആറന്മുള ഓട്ടോ ബ്രദേഴ്സ് സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലും ആറന്മുള ആൽത്തറ അയ്യപ്പ സേവാസമിതിയുടെ നേതൃത്വത്തിലും ഐക്കര ജംക്ഷനിൽ ഘോഷയാത്രയെ വരവേറ്റു. തുടർന്ന് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തിയ ഘോഷയാത്രയെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.രേവതി, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വിജയൻ നടമംഗലത്ത്, ശശി കണ്ണങ്കേരിൽ, ശ്രീകുമാർ ആലക്കാട്ടിൽ, മുരുകൻ ആർ.ആചാരി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്കർ, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അവിടെ നിന്ന് മൂർത്തിട്ട ഗണപതി ക്ഷേത്ര ഭാഗത്തേക്ക് എത്തിയ ഘോഷയാത്രയെ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ.രവീന്ദ്രനാഥ്, സെക്രട്ടറി വി.സുരേഷ് കുമാർ, ഗോപകുമാർ, മനോജ് കുമാർ, വിശ്വനാഥക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
മൂർത്തിട്ട
സത്സംഗ സഭ ഭാരവാഹികളായ പ്രഭ രവീന്ദ്രൻ, സതീദേവി, ശ്രീകുമാരി, രാധാമണി, ആശാ നാരായണൻ, സുഷമ കുമാരി, ജയ എന്നിവരുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും സംഭാരവും വിതരണവും നടത്തി. സ്വീകരണത്തോട് അനുബന്ധിച്ച് അയ്യപ്പന്മാർക്കായി പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഇവിടെ ഒരുക്കിയിരുന്നു. പഴയ തെരുവിൽ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുത്തൻപുരയ്ക്കലിന്റെയും എൻഎസ്എസ് പാമ്പാടിമൺ അയ്യപ്പ ക്ഷേത്ര ഭാരവാഹികളായ കെ.ജി.ദേവരാജൻ നായർ, സെക്രട്ടറി മഹേഷ് നെടിയത്ത്, ഷാജി ആർ.നായർ, ബാലചന്ദ്രൻ നായർ, ശ്യാം അനിൽ കുമാർ, സുരേഷ് കുമാർ, മിനി ശ്യാം മോഹൻ, രാധാകൃഷ്ണൻ നായർ എന്നിവരുടെയും നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇവിടെ ദർശനത്തിനും സൗകര്യമൊരുക്കി.
ദീപാരാധനയ്ക്കു ശേഷം ഘോഷയാത്ര കോളജ് ജംക്ഷനിലെ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ സ്വീകരണവും കഴിഞ്ഞ് നെടിയത്ത് സുബ്രഹ്മണ്യ ക്ഷേത്രം, വാഴക്കുന്നം കുളഞ്ഞിയിൽ പടിയിലെത്തി. വിശ്രമത്തിനു ശേഷം അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ എത്തി.
ഇവിടെ എംഎൽഎ പ്രമോദ് നാരായൺ, അയിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, ക്ഷേത്ര ഉപദേശക സമിതി രക്ഷാധികാരികളായ കെ.കെ.ഗോപിനാഥൻ നായർ, ടി.കെ.പീതാംബരൻ, ശശിധരൻ പിള്ള ഉപദേശക സമിതി പ്രസിഡന്റ് അജയ് ഗോപിനാഥ് സെക്രട്ടറി വി.കെ.അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിച്ചു. ഇവിടെ വിശ്രമിച്ച തിരുവാഭരണ പേടക ഘോഷയാത്ര പുലർച്ചെ യാത്ര തിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

