ശബരിമല ∙ പൂങ്കാവനത്തിൽ പർണശാലകൾ നിരന്നു. ജ്യോതി ദർശനത്തിനായുള്ള കാത്തിരുപ്പും പർണശാല കെട്ടലുമാണ് എവിടെയും. പാണ്ടിത്താവളം, കൊപ്രാക്കളം, ഇൻസിനറേറ്ററിനു സമീപം കഴിഞ്ഞ വർഷം വനം വകുപ്പിൽ നിന്നു ലഭിച്ച സ്ഥലം എന്നിവിടങ്ങളിലാണ് ജ്യോതി ദർശനത്തിനായി പർണശാലകൾ ഉയർന്നിട്ടുള്ളത്.പതിനെട്ടാംപടി കയറി ദർശനം കഴിയുന്നവർ മലയിറങ്ങുന്നില്ല.
അവരെല്ലാം ജ്യോതി കാണാവുന്ന സ്ഥലങ്ങൾ നോക്കി കാട് കയറുകയാണ്. അന്നദാന മണ്ഡപം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, പാണ്ടിത്താവളം ജലസംഭരണി, ഹോ ദർശനം കോംപ്ലക്സ് പരിസരം എന്നിവിടങ്ങളിൽ ജ്യോതി കാണാൻ തീർഥാടകരുടെ പർണശാലകൾ ഉയർന്നു.
സന്നിധാനത്ത് ഏറ്റവും കൂടുതൽ പേർ തങ്ങുന്നത് പാണ്ടിത്താവളം മേഖലയിലാണ്. നാട്ടിൽ നിന്നു തന്നെ ടാർപോളിനും തുണികളും കൊണ്ടുവന്നാണ് മിക്കവരും പർണശാല കെട്ടിയിട്ടുള്ളത്.ബിഎസ്എൻഎൽ ഓഫിസിന് എതിർവശത്തുള്ള സ്ഥലത്ത് പർണശാല കെട്ടിയ വരെ വനപാലകർ ഒഴിപ്പിച്ചു.
വനം വകുപ്പിന്റെ സ്ഥലത്ത് പർണശാല കെട്ടി കാത്തിരിക്കാൻ അനുവദിക്കല്ലന്നു പറഞ്ഞാണ് ഒഴിപ്പിച്ചത്. വന്യജീവികളുടെ ശല്യം ഉള്ളതിനാൽ ജ്യോതി ദർശനത്തിനായി വനത്തിലേക്ക് കയറുന്നത് അവർ വനപാലകർ നിരുത്സാഹപ്പെടുത്തുന്നുണ്ട്.
ജ്യോതി ദർശനത്തിന്റെ സുവർണജൂബിലി
ശബരിമല ∙ മലപ്പുറം തിരൂർ കരുണാകരൻ ഗുരുസ്വാമിക്ക് ഇത് മകരജ്യോതി ദർശനത്തിന്റെ സുവർണജൂബിലി. തുടർച്ചയായി 50 ാം തവണയും മകരജ്യോതി ദർശനത്തിന് എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. മണ്ഡലകാലം ആയാൽ പിന്നെ കരുണാകരൻ ഗുരുസ്വാമിക്ക് തിരക്കാണ്. തിരൂരിലെ പല കുടുംബങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് കെട്ടുനിറച്ചു നൽകുന്നത് അദ്ദേഹമാണ്.
അതേപോലെയാണു വൃശ്ചികം പിറന്നാൽ മാലയിടുന്നതും.
അതും ഗുരുസ്വാമി എല്ലായിടത്തും എത്തണം. 70 ാം വയസ്സിലും അദ്ദേഹം 28 അംഗ സംഘവുമായാണ് മകരജ്യേതി ദർശനത്തിന് എത്തിയിട്ടുള്ളത്.
അതിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർ കന്നിസ്വാമിമാരാണ്.എരുമേലി പേട്ട തുള്ളി കരിമല വഴിയുള്ള കാനന പാതയിലൂടെ 3 ദിവസം കൊണ്ട് നടന്നാണ് സന്നിധാനത്ത് എത്തിയത്.
പതിനെട്ടാംപടി കയറി ദർശനം നടത്തി. തുടർന്നു നെയ്യഭിഷേകവും മറ്റുവഴിപാടുകളും പൂർത്തിയാക്കി.
പാണ്ടിത്താവളത്തിലാണു പർണശാല കെട്ടി കാത്തിരിക്കുന്നത്.
22 വർഷമായി മുടങ്ങാതെ
കോഴിക്കോട് താമരശ്ശേരി അടിവാരം ഷിജു ഗുരുസ്വാമി 36 അംഗ സംഘവുമായാണ് ഇത്തവണ മകരജ്യോതി ദർശനത്തിന് എത്തിയിട്ടുള്ളത്. 22 വർഷമായി മുടങ്ങാതെ സന്നിധാനത്ത് എത്തി മകരജ്യോതി തൊഴുന്നുണ്ട്. എല്ലാവർഷവും പാണ്ടിത്താവളത്തിലാണു പർണശാല കെട്ടുന്നത്. ഇത്തവണ മകരജ്യോതി ദർശനത്തിനു ശേഷം പഴനിയിലേക്കു പോകാനാണ് തീരുമാനം.
അതിനാൽ മലകയറി പുല്ലുമേട്ടിൽ എത്തി ജ്യോതി ദർശനം നടത്താനാണു പദ്ധതി ഇട്ടിട്ടുള്ളത്. നാളെ രാവിലെ തന്നെ പുല്ലുമേട്ടിലേക്കു പോകാനാണ് പരിപാടി.
തുടർച്ചയായി 23–ാം വർഷം
അട്ടപ്പാടി സത്യവേൽ ഗുരുസ്വാമിയും സംഘവും 23–ാം വർഷമാണ് മകര ജ്യോതി ദർശനത്തിനെത്തുന്നത്.
അയ്യപ്പ സ്വാമിയുടെ അനുഗ്രഹമാണ് തന്റെ ജീവിതമെന്നാണ് സത്യവേലിന്റെ വിശ്വാസം. മഴക്കാലത്തെ 2 അപകടങ്ങളിൽ നിന്നും തനിക്കു ജീവൻ തിരിച്ചു കിട്ടിയത് അയ്യപ്പന്റെ അനുഗ്രഹം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അതിനാൽ എല്ലാവർഷവും മകരവിളക്കിനു ജ്യോതി ദർശനത്തിന് എത്തും. ഇത്തവണ 6 സ്വാമിമാരുമായാണു വന്നത്.
മുടങ്ങാതെ 25 വർഷം
ആന്ധ്രയിലെ നെല്ലൂർ നിന്ന് 75 അംഗ സംഘവുമായാണ് വിജയകുമാർ ഗുരുസ്വാമി മകരജ്യോതി കാണാൻ ഇത്തവണ എത്തിയത്. അദ്ദേഹത്തിന് ഇത് ജ്യോതി ദർശനത്തിന്റെ രജതജൂബിലിയാണ്.
മുടങ്ങാതെ 25 വർഷം സന്നിധാനത്ത് എത്തി മകരവിളക്കിനു സന്നിധാനത്ത് എത്താൻ കഴിഞ്ഞു. പ്രത്യേകിച്ച് കോവിഡ് കാലത്തും. അന്ന് 10 പേരുമായാണ് വന്നതെന്നും അദ്ദേഹം ഓർക്കുന്നു.
രജത ജൂബിലി
കർണാടകയിലെ ശൃംഗോരിയിൽ നിന്ന് എത്തിയ എം.കെ.ശ്രീനിവാസൻ ഗുരുസ്വാമിയ്ക്കും ഇത് മകരജ്യോതി ദർശനത്തിന്റെ രജത ജൂബിലിയാണ്.
ഇത്തവണ 10 അംഗ സംഘവുമായാണ് വന്നത്. പാണ്ടിത്താവളത്തിലാണു പർണശാല കെട്ടി ജ്യോതി കാണാൻ കാത്തിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

