പെരിങ്ങര ∙ കാവുംഭാഗം – ചാത്തങ്കരി റോഡ് നിർമാണത്തിൽ അപാകതയെന്നു പരാതി. എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന റോഡ് പല സ്ഥലത്തും ആവശ്യമായ രീതിയിൽ ഉയർത്തിയല്ല നിർമിക്കുന്നത്.
ഇതു വെള്ളപ്പൊക്കകാലത്തു റോഡ് മുങ്ങുന്നതിന് ഇടയാക്കും. ഇതു സംബന്ധിച്ച് നാട്ടുകാർ മന്ത്രിക്കു വരെ പരാതി നൽകിയിരിക്കുകയാണ്. 8.5 കോടി രൂപ മുടക്കി നിർമിക്കുന്ന റോഡ് 2 ഘട്ടമായാണു പണിയുന്നത്.
ഇതിൽ ആദ്യഘട്ടം കാഞ്ഞിരത്തുംമൂട്ടിൽ പടി മുതൽ ചാത്തങ്കരിമുക്ക് വരെയാണ്. ഇത്രയും ഭാഗം ഉയർത്തി ഡബ്ല്യുഎംഎം ഇട്ടുറപ്പിച്ചു.
ഒരു ദിവസം ബിഎം ടാറിങ് നടത്തിയെങ്കിലും യന്ത്രത്തകരാർ കാരണം ഒരാഴ്ചയായി ടാറിങ് നടക്കുന്നില്ല.
രണ്ടാമത്തെ ഘട്ടമായ ചാത്തങ്കരിമുക്ക് മുതൽ മണക്ക് ആശുപത്രി ജംക്ഷൻ വരെയുള്ള ഭാഗത്തു റോഡിന്റെ വശങ്ങൾ കെട്ടുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഈ ഭാഗത്തു റോഡ് ആവശ്യമായ വിധത്തിൽ ഉയർത്തുന്നില്ലെന്നാണു പരാതി.
നിലവിലുള്ള റോഡിന്റെ ഉയരത്തിൽ തന്നെയാണു സംരക്ഷണ ഭിത്തി നിർമാണം. മഴക്കാലത്ത് വെള്ളം ആദ്യം കയറുന്നത് ഈ ഭാഗത്താണ്. പുളിക്കീഴ് ബ്ലോക്കിന്റെ കീഴിലുള്ള ചാത്തങ്കരി കുടുംബാരോഗ്യ കേന്ദ്രവും ഈ റോഡുവശത്താണ്.
കൂടുതലായി വെള്ളം കയറുമ്പോൾ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം വരെ മാറ്റേണ്ടി വന്നിട്ടുണ്ട്.
പഴയ ടെലിഫോൺ എക്സ്ചേഞ്ച് പടി, മണപ്പറമ്പിൽപടി ഭാഗത്താണു റോഡ് ഉയർത്താതെ പഴയ നിലയിൽ തന്നെ നിർമിക്കുന്നത്. പാടശേഖരത്തോടു ചേർന്ന ഭാഗവും കൂടിയാണിത്.
ഇവിടെ ചില ഭാഗത്ത് റോഡ് ഒരടി ഉയർത്താവുന്ന രീതിയിൽ സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്. സ്ഥിരമായി വെള്ളം കയറുന്ന ഭാഗമാണ് ഒട്ടും ഉയർത്താതെ നിർമിക്കുന്നതെന്നാണു പരാതി.
ചാത്തങ്കരി കുടുംബാരോഗ്യ കേന്ദ്രം, എസ്എൻഡിപി ഹൈസ്കൂൾ, ആരാധനാലയങ്ങൾ എന്നിവ ഈ റോഡുവശത്താണ്.
വെള്ളപ്പൊക്കകാലത്ത് നാട്ടുകാർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു പോകാനുള്ള വഴിയാണിത്. പ്രദേശത്തെ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന വഴിയും ഇതാണ്.
റോഡ് ഉയർത്തിയില്ലെങ്കിൽ ഇപ്പോഴത്തെ നിർമാണത്തിന്റെ പ്രയോജനം നാട്ടുകാർക്കു ലഭിക്കില്ല.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ 5.6 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ നിർമാണത്തിനു തയാറാക്കിയത് 8.5 കോടി രൂപയുടെ പദ്ധതിയാണ്. എന്നാൽ കരാറെടുത്ത കമ്പനി 13 % ഉയർന്ന തുകയാണ് ആവശ്യപ്പെട്ടത്.
ഇതിനു മന്ത്രിസഭ അനുവാദം നൽകിയാണു കരാർ വച്ചത്. പണി പൂർത്തിയാക്കിയാൽ കമ്പനിക്കു കരാർ പ്രകാരം 8.5 കോടി രൂപ മാത്രമേ ലഭിക്കുകയുള്ളൂ.
എസ്റ്റിമേറ്റ് പ്രകാരമുള്ള പദ്ധതിയിൽ കുറവു വരുത്തിയാണു കൂടിയ തുകയുടെ വ്യത്യാസം പരിഹരിക്കുന്നത്. ഇതോടെയാണു റോഡ് നിർമാണത്തിൽ പല കുറവുകളും വരുന്നതെന്നാണ് അധികൃതർ അറിയിച്ചത്.
റോഡിൽ പത്തോളം കലുങ്കുകൾ നിർമിക്കേണ്ട സ്ഥാനത്ത് ഇപ്പോൾ 4 കലുങ്കുകൾ മാത്രമാണു പൊളിച്ചുപണിയുന്നത്.
ആദ്യഘട്ടത്തിലെ ബിഎം ടാറിങ് തുടങ്ങിയെങ്കിലും വൈദ്യുതിത്തൂണുകൾ മാറ്റിയിടുന്നതും, ജല അതോറിറ്റി പൈപ്പുകൾ മാറ്റുന്ന ജോലിയും ഇനിയും ചെയ്യേണ്ടതുണ്ട്.
കെഎസ്ഇബി 35 ലക്ഷം രൂപയുടെയും ജല അതോറിറ്റി 12 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകൾ നൽകിയെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ല. ടാറിങ് തുടങ്ങിയ ഭാഗത്ത് റോഡ് മൂന്നടി വരെ ഉയർത്തിയിട്ടുണ്ട്. ഇതോടെ താഴ്ചയിലായ വൈദ്യുതി തൂണുകൾ മാറ്റിയിടാനാണു പണം നൽകേണ്ടത്.
ഇതും എസ്റ്റിമേറ്റ് തുകയിൽ നിന്നു കമ്പനി കണ്ടെത്തണം. ബാക്കി നിർമാണം തുടങ്ങുന്നതിനു മുൻപ് സർക്കാർ കൂടുതൽ പണം അനുവദിച്ചാൽ മാത്രമേ നാടിനു ഉപകരിക്കുന്ന നിലയിൽ റോഡ് നിർമിക്കാൻ കഴിയുകയുള്ളു.
അതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
തുക കൂടി, പദ്ധതി കുറഞ്ഞു
∙ കരാറെടുത്ത കമ്പനി ആവശ്യപ്പെട്ടത് 13 % ഉയർന്ന തുക
∙ എസ്റ്റിമേറ്റ് പ്രകാരമുള്ള പദ്ധതിയിൽ കുറവു വരുത്തിയെന്നും ആരോപണം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]