
പന്തളം ∙ വീടുകളിൽ നിന്നു ശുചിമുറി മാലിന്യം ശേഖരിച്ചു സംസ്കരണം നടത്തുന്നതിനായി നഗരസഭ വാങ്ങിയ മൊബൈൽ യൂണിറ്റ് രണ്ട് മാസമായിട്ടും പ്രവർത്തിച്ചു തുടങ്ങിയില്ല. ചന്തയ്ക്ക് സമീപത്തെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റിൽ സൂക്ഷിച്ചിരിക്കുകയാണ് ഇത്.
20 ലക്ഷം രൂപ നഗരസഭാ ഫണ്ടും ശുചിത്വമിഷന്റെ 16 ലക്ഷം രൂപയും വിനിയോഗിച്ചാണ് യൂണിറ്റ് വാങ്ങിയത്. വീടുകളിലെത്തി ശുചിമുറി മാലിന്യം ശേഖരിച്ചു ഫീസ് ഈടാക്കി സംസ്കരിക്കുകയായിരുന്നു ലക്ഷ്യം. ഒരു ശുചിമുറിയിലെ മാലിന്യസംസ്കരണത്തിനു 5000 രൂപയാണ് പരിഗണിക്കുന്ന തുക.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിൽ ഭരണപക്ഷത്ത് നിന്നടക്കമുള്ളവർ ആവശ്യപ്പെട്ടതോടെയാണ് കരാറിന്റെ പകർപ്പ് അംഗങ്ങൾക്ക് നൽകിയത്.
തുടർന്ന് അന്തിമ തീരുമാനമെടുക്കാൻ അടുത്ത കൗൺസിലിലേക്ക് മാറ്റി. ഭീമമായ തുകയ്ക്ക് വാങ്ങിയ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാത്തത് നടപടികളിലെ പാളിച്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.യൂണിറ്റ് കൊണ്ടുവരുന്നതിനു ഒരു മാസം മുൻപ് തന്നെ മുഴുവൻ തുകയും കൈമാറിയത് വലിയ അഴിമതിയെന്നാണ് എൽഡിഎഫ് ആരോപണം.
ഈ പദ്ധതി ഇവിടെ പ്രായോഗികമല്ലെന്നും തൽക്കാലം വേണ്ടെന്നുമായിരുന്നു കൗൺസിൽ തീരുമാനം.
എന്നാൽ, മറ്റൊരു കൗൺസിൽ യോഗത്തിൽ ടെൻഡർ അംഗീകരിച്ചതായി എഴുതിച്ചേർത്തു. കമ്പനിയും നഗരസഭയും തമ്മിലുള്ള കരാർ കൗൺസിലിനെ അറിയിച്ചിരുന്നില്ല.
സംസ്കരണത്തിനു ശേഷം ലഭിക്കുന്ന ജലവും മാലിന്യവും എവിടേക്ക് മാറ്റുമെന്നും വ്യക്തമല്ല. പദ്ധതി നടത്തിപ്പിലെ അലംഭാവം മൂലം 2 മാസമായിട്ടും യൂണിറ്റ് പ്രവർത്തിപ്പിക്കാനായില്ലെന്നും എൽഡിഎഫ് ആരോപിക്കുന്നു.
കൗൺസിൽ പ്രായോഗികമല്ലെന്നു കണ്ടു വേണ്ടെന്നു വച്ച തീരുമാനം മാറ്റി വ്യാജ തീരുമാനങ്ങൾ ചമച്ചാണ് യൂണിറ്റ് വാങ്ങിയതെന്നാണ് യുഡിഎഫ് ആരോപണം.
സംസ്കരണ യൂണിറ്റ് നൽകിയ കമ്പനിയും നഗരസഭാ അധികൃതരും തമ്മിലുള്ള കരാർ നിബന്ധനകൾ പ്രകാരം പദ്ധതി ബാധ്യതയാകും. യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് ജിഎസ്ടി ഉൾപ്പടെ 2 ലക്ഷത്തിൽ പരം രൂപ പ്രതിമാസം നഗരസഭ നൽകണം.
സെപ്റ്റിക് ടാങ്കുകളിൽ ഉപയോഗിക്കാൻ മാത്രം കഴിയുന്ന യൂണിറ്റ്, ഭൂരിപക്ഷവും കുഴി ശുചിമുറികളുള്ള ഇവിടെ ഉപയോഗിക്കാനാവില്ല. വ്യാജ തീരുമാനം ചമച്ചതടക്കം വിജിലൻസ് അന്വേഷിക്കണമെന്നും പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]