
ആറന്മുള∙ പാർഥസാരഥിക്കു മുൻപിൽ വള്ളസദ്യയ്ക്കു നാളെ തുടക്കമാകും. ഒക്ടോബർ 2 വരെ നീളുന്ന വള്ളസദ്യയാണ് നാളെ മുതൽ ആരംഭിക്കുന്നത്.
തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാർക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്. മധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണിത്.
ആചാരപ്പെരുമ… ആനന്ദം
കുരുക്ഷേത്ര യുദ്ധഭൂമിയിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെക്കണ്ട് വില്ലെടുക്കാനാവാതെ വന്ന അർജുനനെ മൗഢ്യത്തിൽ നിന്നുണർത്താൻ ഗീതോപദേശത്തിലൂടെ മനസ്സു തുറന്ന പാർഥസാരഥിയാണ് ആറന്മുളയിലെ പ്രതിഷ്ഠാ സങ്കൽപം.
അതേ സമയം, മങ്ങാട്ടു ഭട്ടതിരിക്ക് തിരുവോണ നാളിൽ ദർശനം നൽകിയ ബാലക കൃഷ്ണനും ഭക്തമനസ്സങ്കൽപത്തിൽ വിളങ്ങി നിൽക്കുന്നു. എല്ലാ തിരുവോണ നാളിലും ആറന്മുളയിൽ സദ്യ ഒരുക്കിയാൽ മതിയെന്ന് ഭട്ടതിരിയോടു നിർദേശിച്ച അന്നദാന പ്രഭുവും അഭീഷ്ടവരദായകനുമായ കൃഷ്ണൻ, അമ്മമാരുടെ മനസ്സിൽ സ്നേഹത്തിന്റെ നറുവെണ്ണ നിറയ്ക്കുന്ന കണ്ണൻ, ഉണ്ണികളുടെ കളിത്തോഴൻ, ഗോപികാ കാമുകൻ …… അങ്ങനെയങ്ങനെ കൃഷ്ണന്റെ സമസ്തഭാവങ്ങളും ഇവിടെ നിറഞ്ഞു വിളയാടുന്നു എന്ന തോന്നലാണ് ആറന്മുളയിലെത്തുന്ന ഭക്തർക്ക്.
അന്നദാന പ്രഭുവെന്ന സങ്കൽപത്തിലാണ് അവർ ഭഗവാന്റെ പ്രതിനിധികളായ പള്ളിയോടക്കരക്കാർക്ക് വള്ളസദ്യ വഴിപാടു നേരുന്നത്.ആചാരാനുഷ്ഠാനങ്ങളുടെ കലവറ തന്നെയാണ് വള്ളസദ്യയുടെ ചടങ്ങുകൾ.വഴിപാട് നടത്തുന്ന ഭക്തൻ പള്ളിയോട
കരക്കാരെ ക്ഷണിക്കുന്നതോടെയാണ് ചടങ്ങുകളുടെ തുടക്കം.ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും പള്ളിയോട
കരകളും ചേർന്നു നടത്തുന്ന വള്ളസദ്യ ബുക്ക് ചെയ്ത ശേഷം ക്ഷേത്രത്തിൽ നിന്ന് പൂജിച്ച് നൽകുന്ന മാലയും വെറ്റിലയും പാക്കുമായി വഴിപാടിനു തിരഞ്ഞെടുക്കുന്ന കരകളിൽ ചെന്ന് വഴിപാടുകാർ കരനാഥന്മാരെ ക്ഷണിക്കണം.
വള്ളസദ്യ വഴിപാട് നടത്തുന്ന ഭക്തൻ ആ ദിവസം രാവിലെ ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഒരു നിറപറ ദേവനും ഒരു നിറപറ പള്ളിയോടത്തിനും എന്നാണ് സങ്കൽപം.
വഴിപാട് ദിവസം ക്ഷേത്ര ശ്രീകോവിലിൽനിന്നു പൂജിച്ച് വാങ്ങിയ പൂമാല കരയിൽ എത്തിച്ച് പള്ളിയോടത്തിനെ യാത്രയാക്കണം.വഞ്ചിപ്പാട്ടുകൾ പാടി ക്ഷേത്രത്തിലെത്തുന്ന ഈ പള്ളിയോടത്തെ അഷ്ടമംഗല്യം, താലപ്പൊലി, മുത്തുക്കുട, വാദ്യമേളം എന്നിവയോടെ വായ്ക്കുരവയിട്ട് കരനാഥന്മാർക്ക് വെറ്റില, പുകയില നൽകി സ്വീകരിക്കും.
തുടർന്ന് വള്ളക്കാർ വഞ്ചിപ്പാട്ടോടെ കൊടിമരച്ചുവട്ടിൽ പറയിട്ട സ്ഥലത്ത് എത്തും.
തുടർന്ന് മുത്തുക്കുടയും തുഴയും ദേവന് നടയ്ക്കു മുന്നിൽ വയ്ക്കും. തുടർന്നു ക്ഷേത്രത്തിനു വലം വയ്ക്കുന്ന സംഘം വഴിപാട് തയാറാക്കിയ പന്തലിലേക്ക് എത്തും. അവിടെ ഭദ്രദീപം തെളിച്ച് ഭക്തിയോടെ വിഭവങ്ങൾ ഭഗവാനായി വിളമ്പിടേണം….
എന്ന കരനാഥന്മാർ ഈണത്തിൽ ചൊല്ലുമ്പോൾ വഴിപാടുകാർ ഭഗവാനായി സങ്കൽപിച്ച് വിളമ്പി വച്ചിരിക്കുന്ന ഇലയ്ക്കു മുൻപിലെ നിലവിളക്കിൽ തിരി തെളിയിക്കും.
പൊൻപ്രകാശം വിതറുന്ന വിളക്കത്ത് വിളമ്പണം എന്നു തുടങ്ങുന്ന വഞ്ചിപ്പാട്ടോടെ വിളക്കിനു മുൻപിൽ ഈശ്വര സങ്കൽപത്തിൽ സദ്യവിഭവങ്ങൾ വിളമ്പും. അഭിഷേക തീർഥം വേണം കളഭ-കുങ്കുമം വേണം എന്ന വഞ്ചിപ്പാട്ടോടെ പ്രസാദവും നൽകും.
തുടർന്ന് മഹാവിഭവങ്ങൾ ഒരുക്കിയുള്ള സദ്യ കരക്കാർ സ്വീകരിക്കും. സദ്യയുണ്ണാനായി ഭഗവാനെ ക്ഷണിച്ച് ‘ഉണ്ണിയായി പണ്ടൊരുണ്ണിയൂട്ടിന് പോയോരെൻ ഉണ്ണിക്കണ്ണൻ തന്നെ ഉണ്ണാനെഴുന്നള്ളി ഉണ്ണികളാം അടിയങ്ങൾ തങ്ങളുടെ തെറ്റുകുറ്റങ്ങൾ പൊറുത്ത് ഉന്നതി വരുത്താൻ സ്തുതിച്ചീടുന്നേൻ…’ എന്നു ചൊല്ലി സദ്യയുണ്ണാൻ ഇരിക്കും.
തുടർന്ന് വള്ളസദ്യയിൽ മാത്രം വിളമ്പുന്ന വിഭവങ്ങൾ കരനാഥന്മാർ ശ്ലോകങ്ങൾ ചൊല്ലിയും പാട്ടുപാടിയും ആവശ്യപ്പെടും.ഭഗവാനാണ് ആവശ്യപ്പെടുന്നത് എന്ന സങ്കൽപത്തിൽ വഴിപാടുകാർ ഇത് കരനാഥന്മാർക്കു നൽകും.
ചോദിക്കുന്ന വിഭവങ്ങളെല്ലാം ഇല്ലെന്നു പറയാതെ വിളമ്പണമെന്നാണ് ചടങ്ങ്. 63 ഇനം കറികൾ ഉൾപ്പെടുന്ന വിഭവസമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമ്പുക. വള്ളസദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളുമുണ്ട്.
സദ്യയുണ്ട് കൊടിമരച്ചുവട്ടിൽ എത്തുന്ന കരനാഥന്മാർ കൊടിമരച്ചുവട്ടിലെ പറ തളിച്ച് വഴിപാടുകാർക്ക് ആയുരാരോഗ്യ സൗഖ്യത്തിനും സമ്പൽസമൃദ്ധിക്കുമായി പ്രാർഥിച്ച് ദക്ഷിണ വാങ്ങി പള്ളിയോടത്തിലേക്കു മടങ്ങും. മടങ്ങുന്ന കരനാഥന്മാർക്കൊപ്പം വഴിപാടുകാർ ചെന്നു പള്ളിയോടത്തിൽ കയറ്റി യാത്രയാക്കുന്നതോടെയാണ് വള്ളസദ്യ വഴിപാടു സമാപിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]